|    Nov 17 Sat, 2018 5:57 am
FLASH NEWS
Home   >  Environment   >  

കേരളത്തില്‍ ആദ്യമായി ഭൂഗര്‍ഭജല കുരുടന്‍ ചെമ്മീനിനെ കണ്ടെത്തി

Published : 30th August 2018 | Posted By: mtp rafeek


പൊന്നാനി: കേരളത്തില്‍ ആദ്യമായി ഭൂഗര്‍ഭജല കുരുടന്‍ ചെമ്മീനെ കണ്ണൂരില്‍ നിന്നു കണ്ടെത്തി. കണ്ണൂരിലെ പുതിയ തെരുവിലെ കിണറില്‍ നിന്നാണ് കുരുടന്‍ ചെമ്മീനെ കണ്ടെത്തിയത്. നേരത്തെ പ്രദേശത്തെ കിണറുകളില്‍നിന്ന് മോണോപ്റ്റീറസ് വര്‍ഗത്തിലെ കുരുടന്‍ പുളവന്‍ മല്‍സ്യങ്ങളെയും കണ്ടെത്തിയിരുന്നു.

ഇന്ത്യയില്‍ ആദ്യമായിട്ടാണ് കുരുടന്‍ ചെമ്മീനിനെ കണ്ടെത്തുന്നത്. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ടാക്‌സോണമിസ്റ്റ് ഡോ. സാമി ഡേ ഗേവ്, ബാംഗ്ലൂര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ ഗവേഷകന്‍ അര്‍ജുന്‍ സി പി, കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡിസിലെ അസിസ്റ്റന്റ് പ്രഫ. ഡോ രാജീവ് രാഘവന്‍ എന്നിവര്‍ സംയുക്തമായാണ് മല്‍സ്യത്തെ കണ്ടെത്തിയത്.

പുതിയയിനം ചെമ്മീനെക്കുറിച്ചുള്ള പഠനങ്ങള്‍ പ്രശസ്തമായ അനിമല്‍ ടാക്‌സോണമി ജേര്‍ണലായ സൂടാക്‌സിയിലാണ് പ്രസിദ്ധീകരിച്ചത്. ഏകദേശം 180 കോടി വര്‍ഷങ്ങള്‍ക്കുമുന്നേ ഒറ്റയായിരുന്ന മഹാഭൂഖണ്ഡങ്ങള്‍ അടര്‍ന്നു മാറിയതിലൂടെ ഇപ്പോള്‍ പശ്ചിമഘട്ട പ്രദേശത്തുകാണുന്ന ചില ജീവജാലങ്ങളുടെ വേര്‍പ്പെട്ടുപോയ ബന്ധുക്കളെ ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവടങ്ങളില്‍ കാണാന്‍ കഴിയുമെന്ന ഗോണ്ടുവാനാ തത്വത്തെ ബലപ്പെടുത്തുന്നതാണ് ഈ കണ്ടെത്തല്‍.

ദക്ഷിണ അമേരിക്കയിലും ആഫ്രിക്കയിലും മാത്രം കണ്ടുവന്നിരുന്ന യൂറിറൈഞ്ചിടെ കുടുംബത്തിലെ ഒരംഗമാണ് കുരുടന്‍ ചെമ്മീന്‍. ഇതിനെ ആദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. പരിണാമപരമായി മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തീരദേശ കിണറുകളില്‍നിന്നും പാലെമോഡിടെ കുടുംബത്തിലെ ട്രോഗ്രോഇന്‍ഡിക്‌സ് ഫെറേറ്റിക്‌സ് എന്ന ഇനവുമായി മാത്രമാണ് ഇവയ്്ക്കു ദക്ഷിണേന്ത്യയില്‍ ബന്ധമുള്ളത്.

ഏഴോളം ഭൂഗര്‍ഭജല മല്‍സ്യങ്ങളിലൂടെ കേരളം ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെന്ന് ഡോ. രാജീവ് രാഘവന്‍ പറഞ്ഞു. യൂറിഇന്‍ഡിക്കസ് ഭൂഗര്‍ഭ എന്നാണ് ഈ ശുദ്ധജല ചെമ്മീനിന്റെ ശാസ്ത്രനാമം. ഇവയിലൂടെ പുതിയൊരു ജനുസ്സും സ്പീഷീസും ജന്തുലോകപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടു.

ഇത്തിരി കുഞ്ഞന്മാരായ ഈ ചെമ്മീനിന്റെ ഉടല്‍ സുതാര്യമാണ്. മാത്രമല്ല ഇവയ്്ക്ക് കണ്ണുകളുമില്ല. അമിതമായ ക്ലോറിന്‍ പ്രയോഗവും ഇരപിടിയന്മാരായ അധിനിവേശ മല്‍സ്യങ്ങളും ഇവയുടെ നിലനില്‍പിന് ഭീഷണിയാവാനുള്ള സാധ്യത കൂടുതലാണ്.

ഇപ്പോള്‍ കുരുടന്‍ ചെമ്മീനിനെ കണ്ടെത്തിയ പ്രദേശത്തു നിന്നു മോണോപ്റ്റീറസ് വര്‍ഗത്തിലെ കുരുടന്‍ പുളവന്‍ മല്‍സ്യത്തെ ധാരാളമായി ലഭിച്ചിട്ടുണ്ടെന്നത് നിഗൂഡമായ ഭൂഗര്‍ഭ ജീവജാലങ്ങളുടെ രഹസ്യങ്ങളിലേയ്ക്കു വെളിച്ചം വീശുന്നവയാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഈ കണ്ടെത്തലിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് സി പി അര്‍ജുന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss