|    Dec 15 Sat, 2018 4:40 pm
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ നടക്കുന്നത് ഗുരുതര ആചാരലംഘനമെന്ന് കെപിസിസി പ്രതിനിധിസംഘം

Published : 18th November 2018 | Posted By: G.A.G

ശബരിമല: ശബരിമലയില്‍ നടക്കുന്നത് ഗുരുതര ആചാരലംഘനമാണെന്ന് കെപിസിസി പ്രതിനിധി സംഘം. ശബരിമലയിലെ അസൗകര്യങ്ങള്‍ പഠിക്കാന്‍ കെപിസിസി നിയോഗിച്ചതിന്റെ ഭാഗമായി എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും സന്ദര്‍ശിച്ചതിനു ശേഷമാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. സന്നിധാനത്തേക്ക് എത്തുന്ന തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ഇതിന്റെ ഭാഗമാണ് അനാവശ്യ നിയന്ത്രണങ്ങള്‍. ശബരിമലയില്‍ നടക്കുന്നത് പോലിസ് രാജാണ്. 12.5 ഹെക്ടര്‍ സ്ഥലത്ത് 15,000 പോലിസിനെ നിയോഗിച്ചിരിക്കുന്നത് അടിസ്ഥാനരഹിതമായ സംഗതിയാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ അയ്യപ്പഭക്തരെ തടയുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും കെ പി ശശികലയുടെയും കെ സുരേന്ദ്രന്റെയും അറസ്റ്റിനോടുള്ള പ്രതികരണമായി അദ്ദേഹം പറഞ്ഞു.
പമ്പയിലും നിലയ്ക്കലിലും പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി അടൂര്‍ പ്രകാശ് ആരോപിച്ചു. പ്രളയത്തില്‍ വന്നടിഞ്ഞ മണല്‍ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടത്തിയില്ല. പ്രളയത്തില്‍ തകര്‍ന്ന ശൗചാലയങ്ങള്‍ പോലും പുനര്‍നിര്‍മിച്ചിട്ടില്ല. അടിസ്ഥാനസൗകര്യം ഇല്ലാത്തതു കൊണ്ടാണ് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ നടക്കുന്നത് ഗുരുതരമായ ആചാരലംഘനമാണെന്ന് മുന്‍ദേവസ്വംമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാതെ ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ വാശിപിടിക്കുന്നു. തീര്‍ഥാടകര്‍ക്ക് പകല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് തെറ്റാണ്. രാത്രിയില്‍ ഏര്‍പെടുത്തിയ നിയന്ത്രണം കൂടാതെയാണിത്. ജനങ്ങളോട് കാണിക്കേണ്ട മര്യാദ പുലര്‍ത്താത്ത സര്‍ക്കാര്‍ പരാജയമാണ്. രാഷ്ട്രീയാടിസ്ഥാനത്തില്‍ ആളെ തടയുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ വട്ടപൂജ്യമാണ്. മനുഷ്യത്വരഹിതമായ നടപടികളാണ് പോലിസ് നടത്തുന്നത്. പമ്പയില്‍ വരുന്ന ആളുകള്‍ക്ക് മഴയത്ത് നനയാതെ കയറിനില്‍ക്കാനുള്ള സംവിധാനം പോലും ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനായിട്ടില്ല. പ്രളയം പിന്നിട്ടതോടെ ആകെ താറുമാറായ പമ്പയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിലയ്ക്കലില്‍ പോലും വേണ്ടത്ര സൗകര്യങ്ങളില്ല. ആശുപത്രികളോ മറ്റ് മെഡിക്കല്‍ സൗകര്യങ്ങളോ ഒരുക്കിയിട്ടില്ലെന്നും വിമര്‍ശിച്ച നേതാക്കള്‍ ശബരിമലയില്‍ ആചാരങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ആരോപിച്ചു. തീര്‍ഥാടകര്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഉള്‍പ്പടെ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നും സംഘം വിലയിരുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss