|    Nov 21 Wed, 2018 12:35 pm
FLASH NEWS

കൊല്ലവര്‍ഷം 1193; കേരളത്തിലെ മഹാപ്രളയം സിനിമയാവുന്നു

Published : 28th August 2018 | Posted By: mtp rafeek

കൊച്ചി: കേരളത്തെ ഒന്നടങ്കം ദുരിതത്തിലാക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു. ‘കൊല്ലവര്‍ഷം 1193’ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ അമല്‍ നൗഷാദ് ആണ് കഥയും തിരക്കഥയും എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.

ചെന്നൈയിലുണ്ടായ പ്രളയത്തെ അടിസ്ഥാനമാക്കി ‘ചെന്നൈവാരം’ എന്ന പേരില്‍ സിനിമ എടുക്കുന്നതിനുള്ള തയാറാടുപ്പിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. എന്നാല്‍, ചെന്നൈയിലെക്കാളും വലിയ ദുരന്തം കേരളത്തില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുമൊക്കെയായി കൊല്ലവര്‍ഷം 1193 ഒരുക്കിയത്.

കേരളത്തിലെ മഹാപ്രളയത്തെ മലയാളികള്‍ എങ്ങനെ അതിജീവിച്ചു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ദേവന്‍ മോഹനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം സഞ്ജയ് പ്രസന്നന്‍, ചിത്രസംയോജനം ബില്‍ ക്ലിഫേര്‍ഡ്, കലാസംവിധാനം ജോസഫ് എഡ്വേഡ് എഡിസണ്‍.

സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നതിങ്ങനെ: ‘ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയായിരുന്നു ‘ചെന്നൈ വാരം’. പരിചയമുള്ളവരും അല്ലാത്തവരും ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു, എന്തുകൊണ്ട് തമിഴ് എന്ന്. അതും ആദ്യ ചിത്രം. ഉത്തരം ലളിതമായിരുന്നു, ഞാന്‍ എഴുതിയ ഓരോ വരികളിലെയും വികാരങ്ങള്‍ ആ ജനതക്കെ മനസ്സിലാകൂ. കാരണം അവരായിരുന്നു അത് നേരില്‍ അനുഭവിച്ചത്.

ഒരുവര്‍ഷം കഴിഞ്ഞു, ഞാന്‍ കേട്ടറിഞ്ഞതെന്തോ, അത് ഞാന്‍ അടക്കം നമ്മള്‍ എല്ലാവരും നേരിട്ടനുഭവിക്കുന്നതു സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമായിരുന്നു. ഒരു പക്ഷേ ചെന്നൈ നേരിട്ടതിനേക്കാള്‍ പലയിരട്ടി. ചെന്നൈ വാരത്തില്‍ ചില തിരുത്തലുകളും കൂട്ടിക്കിച്ചേര്‍ക്കലുകള്‍ക്കും ശേഷം ഞാന്‍ ‘കൊല്ലവര്‍ഷം 1193’ ല്‍ എത്തിയിരിക്കുകയാണ്- അമല്‍ പറഞ്ഞു. സിനിമ അടുത്ത വര്‍ഷം ആദ്യത്തില്‍ തിയേറ്ററുകളിലെത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss