|    Sep 23 Sun, 2018 6:53 am
FLASH NEWS
Home   >  Kerala   >  

ആലുവയിലേക് പ്രളയജലം കുതിച്ചെത്തുന്നു; കൊച്ചി നഗരത്തെയും ബാധിക്കും- Live Update

Published : 16th August 2018 | Posted By: mtp rafeek

Live Update

(Rescue No: STD Code+ 1077)

  • 9.16 PM കുടുങ്ങിക്കിടക്കുന്നവരെ മുഴുവന്‍ രക്ഷിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി. ഇവരെ മുഴുവന്‍ നാളെ പകല്‍ തന്നെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. പത്തനം തിട്ടയില്‍ നാളെ രാവിലെ മുതല്‍ 23 ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉണ്ടാവും. 200ലേറെ ബോട്ടുകളും രംഗത്തുണ്ടാവും.
  • 9.04 PM മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നു
  • 8.46 PM പ്രളയ ദുരന്തത്തെ നേരിടുന്നതിന് എല്ലാ പ്രാദേശിക ഭരണസമിതി ഓഫിസുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് മന്ത്രി എസി മൊയ്തീന്‍ നിര്‍ദേശം നല്‍കി
  • 8.45 PM കൊച്ചിന്‍ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങിലും കുട്ടനാട്ടിലും ആഗസ്ത് 16, 17, 18 തിയ്യതികളില്‍ നടക്കാനിരുന്ന സപ്ലിമെന്ററി പരീക്ഷ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങിന്റെ തൃക്കാക്കര കാംപസില്‍ നടക്കും
  • 8.40 PM ആലുവയില്‍ കായലിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു. ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികളെ ഒഴിപ്പിക്കുന്നു
  • 8.25 PM ചാലക്കുടിപ്പുഴയിലും ജലനിരപ്പുയരുന്നു
  • 8.24 PM രണ്ട് ദിവസത്തിനിടെ മരണം 91
  • 8.20  PM പെരിങ്ങല്‍ക്കുത്ത് ഡാം കരകവിഞ്ഞൊഴുകുന്നു
  • 8.14 PM കേരള യൂനിവേഴ്‌സിറ്റിയുടെ ആഗസ്ത് 23 വരെയുള്ള ബിരുദ കോഴ്‌സുകളുടെ എല്ലാ പരീക്ഷകളും മാറ്റി
  • 8.12 PM ആലുവ, പെരുമ്പാവൂര്‍, കാലടി, പറവൂര്‍ മേഖലകളില്‍ അതീവ ജാഗ്ര
  • 8.10 PMപെരിയാറിന്റെ ഇരുതീരങ്ങളും 7 കിലോമീറ്റര്‍ കരകവിഞ്ഞൊഴുകുന്നു
  • 8.10 PM പെരിയാറില്‍ അപകടരമാം വിധം വെള്ളം പൊങ്ങുന്നു
  • 8.00 PM എട്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യത
  • 8.00 PM രണ്ട് ദിവസത്തിനിടെ മരണം 89
  • ————————————–
  • 29 ക്യാംപുകളില്‍ 52604 ആളുകള്‍
  • നെടുമ്പാശേരി വിമാനത്താവളം 26 വരെ അടച്ചു
  • കൊച്ചി മെട്രോയില്‍ ഇന്നും നാളെയും സൗജന്യ യാത്ര


കൊച്ചി: ചരിത്രത്തിലിന്നേവരെയില്ലാത്ത മഹാദുരന്തത്തെയാണ് ആലുവ, പെരുമ്പാവൂര്‍ മേഖല നേരിടുന്നത്. ഇടുക്കി അണക്കെട്ടില്‍ നിന്നും മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളമൊഴുക്കിത്തുടങ്ങിയതോടെ പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇപ്പോള്‍ കൊച്ചി നഗരത്തിലേക്കും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, എളമക്കര, പേരണ്ടൂര്‍ ഭാഗങ്ങളെ ബാധിക്കും.

ഇതേ തുടര്‍ന്ന് വെള്ളത്തിനടിയിലായ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഊര്‍ജിത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. 269 ക്യാംപുകളില്‍ 14333 കുടുംബങ്ങളിലെ 52604 പേരാണ് ജില്ലയിലെ വിവിധ ക്യാപുകളില്‍ കഴിയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഈ മാസം 26 വരെ നിര്‍ത്തി.

കൊച്ചി മെട്രോ സര്‍വീസ് ഇന്നും നാളെയും സൗജന്യമായി സര്‍വീസ് നടത്തും. ആലുവ പെരുമ്പാവൂര്‍ മേഖലകളും പെരിയാറും ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന കോളുകളാണ് കണ്‍ട്രോള്‍ റൂം, പോലിസ്, ഫയര്‍ഫോഴ്‌സ്, മാധ്യമസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്.

വിവരം ലഭിക്കുന്നതിനനുസരിച്ച് അടിയന്തിര സംവിധാനം ഒരുക്കുന്നുണ്ട്. 99ലെ വെള്ളപ്പൊക്കത്തെ കവച്ചുവെക്കുന്നതാണ് ഇത്തവണത്തേതെന്ന് ആളുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അക്കാലത്ത് സുലഭമായി നീര്‍ചാലുകളുണ്ടായിരുന്നതിനാല്‍ വേഗത്തില്‍ വെള്ളം ഇറങ്ങിപോകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്ഥമാണ്. കയറിയ വെള്ളം ഇറങ്ങിപ്പോകാനുള്ള സാഹചര്യവും ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.

ആലുവ, പെരുമ്പാവൂര്‍, പറവൂര്‍, കളമശേരി മേഖലകള്‍ എതാണ്ട് പൂര്‍ണായും വെള്ളത്തില്‍ മുങ്ങിയ നിലയലാണ്. ആലുവ തോട്ടക്കാട്ടുകര പ്രദേശം പൂര്‍ണമായി വെള്ളത്തിനിടിയിലാണ്. വീടുകളുടെ ഒരുനില ഉയരത്തില്‍ വെള്ളം കയറിക്കിടക്കുകയാണ്. മുന്നറിയിപ്പ് സന്ദേശങ്ങള്‍ മൈക്കിലൂടെ ലഭിക്കുന്നതിനനുസരിച്ച് മാറിത്താമസിക്കാം എന്ന് വിചാരിച്ചിരുന്നവര്‍ക്ക് അപ്രതീക്ഷിതമായി വെള്ളം കയറിയപ്പോള്‍ ഒന്നും ചെയ്യാനായില്ല.

കിട്ടിയ സാധനങ്ങളുമായി എല്ലാവരും ഒഴിഞ്ഞുപോകുകയാണ് ചെയ്തത്. ഇന്നലെ രാത്രി മുതല്‍ കളമശേരി, കമ്പനിപ്പടി ഭാഗങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. രാവിലെ ആലുവയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പറവൂര്‍, ചേന്ദമംഗലം, കാഞ്ഞൂര്‍, അത്താണി, പുത്തന്‍വേലിക്കര തുടങ്ങിയ മേഖലകളിലും വെള്ളം കയറി.

ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ ആലുവ താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാംപ് പത്തടിപ്പാലം ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂ, പോലുസ്, വകുപ്പുകളിലെ ഇരുനൂറോളം ജീവനക്കാരാണ് കണ്‍ട്രോള്‍ റൂമിലുള്ളത്. വിവിധ കേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ സഹായമഭ്യര്‍ഥിച്ചു കൊണ്ടുള്ള ഫോണ്‍ വിളികളും സന്ദേശങ്ങളും കണ്‍ട്രോള്‍ റൂമിലെ വിവിധ നമ്പറുകളിലേക്ക് പ്രവഹിക്കുകയാണ്.

അറുനൂറിലധികം ഫോണ്‍ വിളികളാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് കൂടുതല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍ കോളുകളും സന്ദേശങ്ങളുമടക്കം 3200 ലധികം സഹായഭ്യര്‍ഥനകളാണ് ലഭിച്ചത്. പത്തോളം ബോട്ടുകളും സ്വകാര്യ മത്സൃ ബന്ധന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്.

ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നിരവധി സഹായഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ട്. ഇവയ്ക്കും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ദേശീയ ദുരന്ത നിവാരണ സേന, നേവി, ആര്‍മി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലിസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്നീ സേനാ വിഭാഗങ്ങള്‍ ജില്ലയിലുടനീളം രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.

മുവാറ്റുപുഴ പുഴക്കരക്കാവിന് സമീപമുള്ള 50 പേരെ നേവിയുടെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥലത്തെത്തിച്ചു. മുവാറ്റുപുഴ കടാതി ഭാഗത്ത് നിന്ന് 82 പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപെടുത്തി. ജില്ലയില്‍ ഇപ്പോള്‍ 269 ക്യാംപുകളില്‍ 14333 കുടുംബങ്ങളിലെ 52604 പേരാണ് കഴിയുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ക ഏ വിജയ് സാക്കറെയും ക്യാംപിലെത്തിയിരുന്നു.

റെസ്‌ക്യൂ കണ്‍ട്രോള്‍ റൂം നമ്പര്‍ 8592933330, 9207703393. ആലുവയില്‍ നിന്നു മറ്റുഭാഗങ്ങളിലേക്കുള്ള ഗതാഗത സംവിധാനങ്ങള്‍ തകരാറിലായത് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി.ദേശീയപാത 47ല്‍ ആലുവ ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നില്ല. ആലുവയല്‍ നിന്നു വാഹനങ്ങള്‍ തിരിച്ചു വിടുന്നു. ഹെലികോപ്റ്ററില്‍ ആലുവയില്‍ നിന്ന് 36 പേരെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സിന്റെ രണ്ട് ബോട്ടുകള്‍ എത്തിച്ച് രക്ഷപ്രവര്‍ത്തനം നടത്തുകയാണ്. ഇടപ്പള്ളി തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളും ഫ്‌ളാറ്റുകളിലും വെള്ളം കയറി.

മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കൊച്ചി മെട്രോ സര്‍വീസ് വൈകുന്നരേത്തോടെ വീണ്ടും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സൗജന്യമായിട്ടാണ് മെട്രോ സര്‍വീസ് നടത്തുന്നത്. ഇന്നും മെട്രോയില്‍ യാത്ര സൗജന്യമായിരിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. കനത്തമഴയും വെള്ളക്കെട്ടുമൂലം ഈ മാസം 26 വരെ നെടുമ്പാശേരി വിമാനത്താവളം അടച്ചു.26 ന് ഉച്ചയക്കു ശേഷം മാത്രമായിരിക്കും പ്രവര്‍ത്തനം പുനരാംരംഭിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss