|    Nov 18 Sun, 2018 2:48 am
FLASH NEWS
Home   >  News now   >  

കശ്ഗജിയുടെ കൊലപാതകം: സൗദിയെ നേരിട്ട് ആക്രമിച്ച് ഉര്‍ദുഗാന്‍

Published : 3rd November 2018 | Posted By: mtp rafeek
  • മൃതദേഹം വെട്ടനുറുക്കി ആസിഡില്‍ ലയിപ്പിച്ചു

ആങ്കറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കശഗ്ജിയുടെ കൊലപാതകത്തില്‍ ഇതാദ്യമായി സൗദി അറേബ്യയെ നേരിട്ട് ആക്രമിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കശഗ്ജിയെ കൊല്ലാനുള്ള ഉത്തരവ് സൗദി സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ നിന്നാണ് വന്നതെന്ന കാര്യം തങ്ങള്‍ക്കറിയാമെന്ന് വാഷ്ങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.

എന്നാല്‍, തുര്‍ക്കിക്ക് സൗദിയുമായുള്ള സൗഹൃദം എടുത്ത് പറഞ്ഞ അദ്ദേഹം, സല്‍മാന്‍ രാജാവിന് സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടിനാണ് ഇസ്തംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കശഗ്ജി കൊല്ലപ്പെട്ടത്.

തുര്‍ക്കി യുവതിയുമായി നടക്കാനിരിക്കുന്ന വിവാഹത്തിന്റെ രേഖകള്‍ ശരിയാക്കാന്‍ കോണ്‍സുലേറ്റിലെത്തിയ അദ്ദേഹത്തെ ബന്ധിയാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനായിരുന്നു കശഗ്ജി.

അദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. കശഗ്ജിയുടെ മൃതദേഹം വെട്ടിനുറുക്കി ആസിഡില്‍ ലയിപ്പിച്ചതായാണ് കരുതുന്നതെന്ന് ഉര്‍ദുഗാന്റെ സഹായിയായ യാസിന്‍ അക്തയ് പറഞ്ഞു. ആസിഡില്‍ എളുപ്പത്തില്‍ ലയിപ്പിക്കുന്നതിന് വേണ്ടിയാണ് ശരീരം വെട്ടിനുറുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി ഉദ്യോഗസ്ഥര്‍ ആദ്യം സംഭവം മറച്ചുവച്ചത്, സൗദിയും സഖ്യരാജ്യങ്ങളും തമ്മില്‍ നയതന്ത്ര പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സൗദി ഇതിനകം 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സൗദിയില്‍ നിയമനടപടിക്ക് വിധേയമാക്കുമെന്നാണ് സൗദി പറയുന്നത്.

സൗദിയില്‍ പിടികൂടിയ 18പേരില്‍ പെട്ടവരാണ് കൊലപാതകം നടത്തിയതെന്ന് നമുക്കറിയാമെന്നും എന്നാല്‍, അവര്‍ തങ്ങള്‍ക്ക് ലഭിച്ച ഉത്തരവ് നടപ്പാക്കുക മാത്രമായിരുന്നുവെന്നും ഉര്‍ദുഗാന്റെ ലേഖനത്തില്‍ പറയുന്നു. കശഗ്ജിയെ കൊല്ലാനുള്ള ഈ ഉത്തരവ് വന്നത് സൗദി സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ നിന്നാണ്. ഏതാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്നതല്ല ഈ കൊലപാതകം. കശഗ്ജിയുടെ കൊലയ്ക്കായി ഇവരെ പ്രേരിപ്പിച്ചവരെ പുറത്തുകൊണ്ടു വരേണ്ടതുണ്ടെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.

നേരത്തേ സൗദി രാജകുടുംബത്തിന്റെ ഉപദേശകനായിരുന്ന കശഗ്ജി കഴിഞ്ഞ വര്‍ഷമാണ് സൗദി ഭരണകൂടവുമായി തെറ്റുകയും രാജ്യംവിടുകയും ചെയ്തത്. തുടര്‍ന്ന് അദ്ദേഹം സൗദി സര്‍ക്കാരിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും കടുത്ത വിമര്‍ശകനായി മാറി.

അതേ സമയം, കശഗ്ജി ഇസ്‌ലാമിക് ബ്രദര്‍ഹുഡ് പ്രവര്‍ത്തകനാണെന്നും അപകടകാരിയാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്കയോട് പറഞ്ഞതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കശഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിക്കുന്നതിന് മുമ്പ് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, ട്രംപിന്റെ മരുമകന്‍ ജാരെദ് കുശ്‌നര്‍ എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മുഹമ്മദ് രാജകുമാരന്‍ ഇങ്ങിനെ പറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss