|    Dec 11 Tue, 2018 7:14 pm
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Published : 6th December 2018 | Posted By: G.A.G

ന്യൂഡല്‍ഹി: ശബരിമലയില്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി.
നിരീക്ഷണ സമിതി പോലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് കാട്ടിയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയിരിക്കുന്നത്. പോലീസിന്റെ അധികാരത്തില്‍ ജുഡിഷ്യറിയുടെ കൈകടത്തലുണ്ടായെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. നിരീക്ഷണ സമിതിയെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്നും സര്‍ക്കാരിന്റ ആവശ്യം.
ശബരിമലയില്‍ ക്രമസമാധാന പാലനത്തിനൊഴികെ, പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി നിരീക്ഷണത്തിനായി വിരമിച്ച ജഡ്ജിമാരുള്‍പ്പെട്ട മൂന്നംഗ സമിതിയെ നിയോഗിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സാധാരണ ക്രമസമാധാന പരിപാലനത്തില്‍ കോടതി ഇടപെടാറില്ല. ശബരിമലയിലെ ദൈനംദിന ക്രമസമാധാന പാലനത്തിലും സുരക്ഷാ, തിരക്ക് ക്രമീകരണ സംവിധാനങ്ങളിലും ഇടപെടാന്‍ നിരീക്ഷകര്‍ക്ക് അധികാരം നല്‍കി പൊലീസിനെയും മറ്റുവകുപ്പുകളെയും നിയന്ത്രിക്കുകയാണ്. ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചത്. ഇന്റലിജന്‍സ് വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് കാര്യക്ഷമമായി സുരക്ഷാ സംവിധാനമൊരുക്കിയത്. പൊലീസ് ഉദ്യോഗസ്ഥരില്‍ ഹൈക്കോടതിയും സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഭക്തര്‍ക്കെതിരെ പൊലീസ് അതിക്രമം ഒന്നുപോലും ചൂണ്ടിക്കാട്ടിയിട്ടില്ല. ഹൈക്കോടതി തന്നെ നിയോഗിച്ച ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറും പൊലീസിന്റെ സേവനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
പ്രതിഷേധക്കാരുടെ അതിക്രമങ്ങളെക്കുറിച്ചും മണ്ഡലകാലത്ത് ചില രാഷ്ട്രീയപാര്‍ട്ടികള്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതും ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ തന്നെ സ്‌പെഷല്‍ കമ്മിഷണറും ഉന്നതാധികാര സമിതിയുമിരിക്കെ നിരീക്ഷകരുടെ സംഘത്തെ നിയോഗിച്ചത് ഏകപക്ഷീയവും നിയവിരുദ്ധവും അധികാര വിഭജനത്തിന്റെ അടിസ്ഥാന ഭരണഘടനാ തത്വത്തിന്റെ ലംഘനവുമാണ്. സ്ത്രീകളുള്‍പ്പടെയുള്ള പ്രതിഷേധക്കാര്‍ പലതവണ നടപ്പന്തലില്‍ പ്രതിഷേധിച്ച് സ്ത്രീ പ്രവേശനം തടഞ്ഞു. നടപ്പന്തലിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പലതരത്തിലുള്ള ശ്രമങ്ങളുണ്ടായി. നവംബര്‍ അഞ്ചിന് ഒരു കൂട്ടം പ്രതിഷേധക്കാര്‍ നടപ്പന്തല്‍ കൈയേറി 52 കാരിയായ സ്ത്രീയെ ആക്രമിച്ചു. പതിനെട്ടാം പടിയും കൈയടക്കുന്ന സ്ഥിതിയുണ്ടായി. ഈ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. മഹാകാണിക്കയിലേക്ക് പ്രവേശന തടസങ്ങളൊഴിവാക്കണമെന്ന് ഉത്തരവിട്ടെങ്കിലും ഭക്തര്‍ക്ക് കടക്കാന്‍ യാതൊരു തടസവുണ്ടായിരുന്നില്ല. ഐ.പി.എസ് ഉദ്യോഗസ്ഥനും കൂടി ഉള്‍പ്പെട്ട നിരീക്ഷക സംഘത്തിന് പൊലീസ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനുള്ള അധികാരം നല്‍കി. തന്നെക്കാള്‍ ഉയര്‍ന്ന പദവിയിലുള്ള ചീഫ്‌സെക്രട്ടറി, പൊലീസ്, വനംവകുപ്പ് തലവന്‍മാര്‍, മറ്റു വകുപ്പ് തലവന്‍മാര്‍ എന്നിവര്‍ക്ക് ഈ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നല്‍കുന്ന സാഹചര്യമാണ് ഫലത്തിലുണ്ടായിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഹരജിയില്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss