|    Nov 21 Wed, 2018 6:02 pm
FLASH NEWS
Home   >  Dont Miss   >  

പ്രളയപ്പെയ്ത്തില്‍ കൈകോര്‍ത്ത് എസ്ഡിപിഐ; ചെങ്ങന്നൂരിലും രക്ഷാപ്രവര്‍ത്തനത്തിനൊരുങ്ങി റെസ്‌ക്യൂ ടീം

Published : 18th August 2018 | Posted By: afsal ph

ചെങ്ങന്നൂരിലേക്ക് രക്ഷാപ്രവര്‍ത്തിനത്തിന് ലോറിയില്‍ ബോട്ടുമായെത്തിയ എസ്ഡിപിഐ റെസ്‌ക്യൂ ടീം

പ്രളയം സംഹാരതാണ്ഡവമാടിയപ്പോള്‍ ദുരന്ത മേഖലകളില്‍ സഹായ ഹസ്തവുമായി നിലയുറപ്പിച്ച എസ്ഡിപിഐ റെസ്‌ക്യൂ ടീം ചെങ്ങന്നൂരിലെത്തി. ബോട്ട് മാര്‍ഗ്ഗമുള്ള റസ്‌ക്യൂ സാധ്യമല്ലെന്ന അധികൃതര്‍ പറയുമ്പോളും കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളെ രക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് എസ്ഡിപിഐ ആര്‍ജി ടീമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചെങ്ങന്നൂരില്‍ മൃതദേഹങ്ങള്‍ വെള്ളത്തില്‍ ഒഴുകുന്നതായ അഭ്യൂഹങ്ങള്‍ ആശങ്ക പടര്‍ത്തുന്നതിനിടയായിലാണ് ബോട്ടുകളുമായി ആര്‍ജി ടീം ചെങ്ങന്നൂരിലെത്തിയത്. ആദ്യഘട്ടത്തില്‍ അവശ്യ ഭക്ഷ്യ വസ്തുക്കളും മരുന്നും എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
പ്രളയവും ഉരുള്‍പ്പൊട്ടലും ഏറ്റവും കൂടുതല്‍ നാശം വിതച്ച ചാലക്കുടി, ആലുവ, ആലപ്പുഴ, കണ്ണൂര്‍ കൊട്ടിയൂര്‍, നിലമ്പൂര്‍ മേഖലകളില്‍ അപകട ഭീഷണികളെ പോലും മുഖവിലക്കെടുക്കാതേയാണ് എസ്ഡിപിഐ റെസ്‌ക്യൂ ടീം രംഗത്തിറങ്ങിയത്. ആവശ്യത്തിന് ആഹാരവും കുടിവെള്ളം പോലുമില്ലാതെ വീടുകളില്‍ ഒറ്റപ്പെട്ട നൂറുകണക്കിന് പേരേയാണ് ആര്‍ജി ടീം ബോട്ടുകളിലെത്തി രക്ഷപ്പെടുത്തിയത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നും ചാലക്കുടി, ആലുവ മേഖലകളിലേക്ക് ബോട്ടുകളുമായെത്തിയാണ് വളണ്ടിയര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ആലുവയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് രണ്ടു ഫൈബര്‍ വള്ളങ്ങള്‍ താനൂരില്‍ നിന്നും എത്തി. കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും എഞ്ചിന്‍ ഘടിപ്പിച്ച രണ്ട് ബോട്ടുകള്‍ എറണാകുളത്തെത്തിച്ചു. കുട്ടനാടിന്റെ ഉള്‍പ്രദേശത്തേക്ക് മൂന്ന് മണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്താണ് എസ്ഡിപിഐയുടെ റെസ്‌ക്യു ടീം എത്തിയത്. സ്ത്രീകളും കുരുന്നുകളുമുള്‍പ്പടെ നൂറുകണക്കിന് പേര്‍ രക്ഷകരെയും കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു. എല്ലാവരെയും സുരക്ഷിതരായി രക്ഷപ്പെടുത്തി. ആലപ്പുഴ വൈശ്യംഭാഗത്ത് നിന്ന് ദുരിതബാധിതരെയും കയറ്റിവന്ന എസ്ഡിപിഐ ആര്‍ജി ടീമിന്റെ ബോട്ട് ദിശ മാറിയത് ആശങ്കയുണ്ടാക്കിയെങ്കിലും കരയില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ ബോട്ടുകളിലെത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു. വെള്ളത്തില്‍ കുടുങ്ങിയ നിരവധി പേരെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. പമ്പയാറില്‍ മുങ്ങി താഴ്ന്ന രണ്ട് പേരെ കരക്കെത്തിച്ചു.


ചാലക്കുടി മേഖലയില്‍ നിരവധി പേര്‍ പ്രളയമേഖലയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട് കിട്ടിയതോടെ ഇന്നലെ രാത്രി 12ന് കോഴിക്കോട് നിന്നും രണ്ട് ബോട്ടുകളും 18 അംഗ ആര്‍ജി ടീമും പുറപ്പെട്ടു.
ഉരുള്‍പ്പൊട്ടല്‍ ദുരന്തം വിതച്ച മേഖലകളില്‍ പോലും സൈനികര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം എസ്ഡിപിഐ പ്രവര്‍ത്തകരും നിലയുറപ്പിച്ചത് ശ്രദ്ധേയമായി. അരീക്കോട് ഓടക്കയം ഉരുള്‍പ്പൊട്ടല്‍ പ്രദേശത്ത് അപകടം വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എസ്ഡിപിഐയുടെ ആര്‍ജി ടീമിന്റെ പ്രവര്‍ത്തന പാടവം കണ്ട് തണ്ടര്‍ബോള്‍ട്ട് ടീം ലീഡര്‍ ആര്‍ജി ടീം അംഗങ്ങളെ ദുരന്തഭൂമിയില്‍ വെച്ച് ആശ്ലേഷിച്ചു കൊണ്ട് അഭിനന്ദിച്ചു. അവസാന മൃതദേഹവും പുറത്തെടുത്ത ശേഷമാണ് ടീം ദുരന്തമേഖലയില്‍ നിന്ന് മടങ്ങിയത്. അറുപത് അംഗ സംഘമാണ് ദുരന്തമേഖലയില്‍ തെരച്ചില്‍ നടത്തിത്. മൂന്ന് മണിയോടെ അരീക്കോട് ടൗണ്‍ വെള്ളത്തിലായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുപ്പത് പേരെ അരീക്കോട് കടകള്‍ ഒഴിപ്പിക്കാന്‍ സഹായിക്കുന്നതിനായി നിയോഗിച്ചു.

 


പാലങ്ങളും റോഡുകളും നിര്‍മിച്ചും ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണവും അവശ്യവസ്തുക്കളുമെത്തിച്ചും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ദുരന്തമേഖലയില്‍ സജീവമായി ഇപ്പോഴും രംഗത്തുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു. മഞ്ചേശ്വരത്ത് തകര്‍ന്ന പാലം പുനര്‍നിര്‍മ്മിച്ചു. കണ്ണൂര്‍ കൊട്ടിയൂരില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ അമ്പായത്തോട് താഴെ പാല്‍ചുരം കോളനിയില്‍ ഒറ്റപ്പെട്ടുപോയ ആദിവാസി കുടുംബങ്ങളെ എസ്ഡിപിഐ ആര്‍ജി റെസ്‌ക്യൂ സംഘം രക്ഷപ്പെടുത്തി.
പ്രളയബാധിതര്‍ക്ക് എസ്ഡിപിഐ പാലോട്ട് പള്ളി, വെമ്പടി, ബ്രാഞ്ചുകളുടെ സഹായവുമായി സ്‌നേഹ വണ്ടി വയനാട്ടിത്തി. മട്ടന്നൂര്‍ മണ്ണൂര്‍ ജുമാമസ്ജിദ് മദ്‌റസാ ഹാളില്‍ ദുരിതാശ്വാസ ക്യാംപില്‍ താമസിക്കുന്ന വര്‍ക്ക് വേണ്ടി ഭക്ഷണ സാധനങ്ങളും അവശ്യമായ വസ്ത്രങ്ങളും വിതരണം ചെയ്തു.
ദേശീയ പ്രസിഡന്റ് എം കെ ഫൈസി, സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉള്‍പ്പടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ മുഴുവന്‍ സമയവും ദുരന്തമേഖലയില്‍ സജീവമാണെന്ന് സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി അറിയിച്ചു.
വൈക്കംമേഖലയില്‍ വീടുകളില്‍ അകപ്പെട്ടുപോയ കിടപ്പുരോഗികളെയും കുട്ടികളെയും വളര്‍ത്തു മൃഗങ്ങളെയും എസ്ഡിപിഐ പ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ചങ്ങനാശ്ശേരിയില്‍ രണ്ട് കുടുംബങ്ങളെ രക്ഷപ്പെടുത്തി. പരപ്പനങ്ങാടിയില്‍ വെള്ളത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ രാത്രി വരെ സജീവം. വെളിമുക്കിലെ മത വിദ്യാഭ്യാസ സ്ഥാപനത്തില്‍ അകപ്പെട്ട 40 വിദ്യാര്‍ത്ഥികളെ ലോറിയുമായി ചെന്ന് രക്ഷപെടുത്തി.


റെസ്‌ക്യൂ ടീം പത്തനംതിട്ട ജില്ലാ കണ്‍ട്രോള്‍റും തുറക്കുകയും ഏകോപിച്ചുകൊണ്ടുള്ള പ്രവത്തനമാണ് രണ്ട് ദിവസമായി ജില്ലയില്‍ നടന്നുവരുന്നത്. ഇതിനോടകം ഒറ്റപ്പെട്ട് കഴിഞ്ഞ നൂറിലധികം ജനങ്ങളെ രക്ഷപ്പെടുത്തി. നിരവധി കുടുംബങ്ങളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കുന്നത്തൂര്‍, കായംകുളം മണ്ഡലങ്ങളില്‍ നിന്ന് എത്തിച്ച ആയിരം ഭക്ഷണപ്പൊതി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് നല്‍കി. ഇതുവരെയായി കോടികണക്കിനു രൂപയുടെ റിലീഫ് കിറ്റുകളാണ് എസ്ഡിപിഐ വിതരണം ചെയ്തത്. മരുന്നുകള്‍, ഗൃഹോപകരണങ്ങള്‍, പുതുവസ്ത്രങ്ങള്‍, പുതപ്പുകള്‍, നാപ്കിനുകള്‍, അടിവസ്ത്രങ്ങള്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss