|    Nov 14 Wed, 2018 2:39 am
FLASH NEWS
Home   >  Kerala   >  

പ്രളയം ഒഴിയുന്നു; വീട്ടില്‍ കയറുംമുമ്പ് ശ്രദ്ധിക്കുക

Published : 19th August 2018 | Posted By: afsal ph

ജീവന്‍ മാത്രം ബാക്കിയാക്കി വീടുകളിലേക്ക് മടങ്ങുന്നവര്‍. പ്രളയം സംഹാരതാണ്ഡവമാടിയ ഇടങ്ങളില്‍ വെള്ളം ഇറങ്ങുമ്പോള്‍ ദുരിതക്കാഴ്ച്ചകള്‍ മാത്രം ബാക്കിയാകുന്നു. വെള്ളം ഒഴിഞ്ഞ വീടുകളിലേക്ക് കയറും മുമ്പ് സുരക്ഷാ മുന്‍കരുതല്‍ എടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ക്യാംപുകളില്‍ കഴിയുന്നവര്‍ രാത്രി കാലങ്ങളില്‍ വീടുകളിലേക്ക് മടങ്ങരുത്. വീടിനകത്ത് പാമ്പു മുതല്‍ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും.

പകല്‍ സമയത്ത് മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോ പേര്‍ ഒരുമിച്ചു പോകണം.

ആദ്യമായി വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ കുട്ടികളെകൊണ്ടു പോകരുത്. എന്താണ് അവിടെ കാണാന്‍ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങള്‍ ഉണ്ടെന്നോ പറയാന്‍ പറ്റില്ല, കുട്ടികള്‍ക്ക് അപകടം ഉണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകും. ഒഴിവാക്കണം.
വീട്ടിലേക്കുള്ള വഴിയിലും വീടിന്റെ മുറ്റത്തുമെല്ലാം ഒരടിയോളം കനത്തില്‍ ചെളി ആയിരിക്കാനാണ് സാധ്യത.
മതിലും മറ്റു എടുപ്പുകളും ഉറപ്പുള്ളതാണോ എന്ന് പരിശോധിക്കുക. മതിലിടിഞ്ഞ് വീണ് അപകടത്തിന് സാധ്യതയുണ്ട്. മാസ്‌കും കയ്യുറയും ഉപയോഗിച്ച് മാത്രം ശുചീകരണ പ്രവര്‍ത്തനം നടത്തുക.
നമ്മുടെ വീടിന്റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുക. അങ്ങനെ ഉണ്ടെങ്കില്‍ ഒരിക്കലും അത് കൈകൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹം ആണെങ്കില്‍ പൊലിസിനെ അറിയിക്കണം.

 

വീടിനകത്ത് കയറുന്നതിനു മുന്‍പ് വീടിന്റെ ഭിത്തിയില്‍ പ്രളയജലം എത്രമാത്രം എത്തിയിരുന്നു എന്നതിന്റെ അടയാളം കാണും. അത് കൂടുതല്‍ വ്യക്തമായി ചോക്കുകൊണ്ടോ പെയിന്റ ് കൊണ്ടോ മാര്‍ക്ക് ചെയ്തു വയ്ക്കുക. ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന വന്‍ പ്രളയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 1924 ല്‍ ഉണ്ടായതുപോലെ ഒന്ന്. അന്നത്തെ പ്രളയം ആളുകള്‍ രേഖപ്പെടുത്തി വെക്കാത്തതുകൊണ്ടാണ് പ്രളയ സാധ്യതയുള്ള പുഴത്തീരങ്ങള്‍ ജനവാസ കേന്ദ്രമായത്. അത്തരം ഒരു തെറ്റ് നാം നമ്മുടെ അടുത്ത തലമുറയോട് കാണിക്കരുത്.

വീടിനകത്തേക്ക് കയറുന്നതിന് മുന്‍പ് വീടിന്റെ നാല് ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങള്‍ എടുത്തു വെക്കണം. വെള്ളം എവിടെ എത്തി എന്ന മാര്‍ക്ക് ഉള്‍പ്പടെ. വീടിന്റെ ചുമരുകളും മേല്‍ക്കൂരയും ശക്തമാണോ നശിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.

വീടിന്റെ ജനാലകള്‍ പുറത്തുനിന്ന് തുറക്കാന്‍ പറ്റുമെങ്കില്‍ അവ തുറന്നിട്ട് കുറച്ചു സമയം കഴിഞ്ഞ് വേണം അകത്ത് പ്രവേശിക്കാന്‍.

വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം. ഗ്യാസ് സിലിണ്ടറും പൈപ്പുകളും പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തുക.
ഒരു കാരണവശാലും വീടിനകത്ത് ലൈറ്റര്‍ ഉപയോഗിക്കരുത്, സിഗരറ്റോ മെഴുകുതിരിയോ കത്തിക്കുകയും അരുത്.

വീടിനകത്തെ എല്ലാ ഇലകട്രിക്കല്‍ ഉപകരണങ്ങളുടെയും പ്ലഗ്ഗ് സൂക്ഷിച്ച് ഊരിയിടണം.

ഫ്രിഡ്ജില്‍ ഇറച്ചിയോ മീനോ ഉണ്ടായിരുന്നുവെങ്കില്‍ അത് കേടായിക്കാണും, വലിയ ഫ്രീസര്‍ ആണെങ്കില്‍ മത്സ്യമാംസാദികള്‍ അഴുകി മീഥേന്‍ ഗ്യാസ് ഉണ്ടാകാന്‍ വഴിയുണ്ട്. ഫ്രീസര്‍ തുറക്കുമ്പോള്‍ ഈ ഗ്യാസ് ശക്തമായി ഫ്രീസറിന്റെ മൂടിയെ തള്ളിത്തെറിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്.

വീട്ടില്‍ നഷ്ടം പറ്റിയ ഓരോ വസ്തുവിന്റെയും കണക്കെടുക്കുക, അതിന്റെ ഫോട്ടോ എടുക്കുക. ഇവ ഒരു ഡാമേജ് ആന്‍ഡ് ലോസ് എസ്റ്റിമേറ്റിന് സഹായിക്കും.

വീടുകളിലേക്ക് തിരികെ ചെല്ലുമ്പോള്‍ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം

ആദ്യമായി വീട്ടില്‍ കയറുമ്പോള്‍ വീട്ടില്‍ വൈദ്യുതി ബന്ധമില്ലെന്ന് ഉറപ്പുവരുത്തുക. നിലവില്‍ വെള്ളംകയറിയ വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചുണ്ടാവും. എങ്കിലും അത് ഒന്നുകൂടി ഉറപ്പു വരുത്തുക. അല്ലെങ്കില്‍ അതിനായുള്ള നടപടി ആദ്യം സ്വീകരിക്കുക. എന്നിട്ടു മെയിന്‍ സ്വിച്ച് ഓഫ് ചെയ്തിട്ട് മാത്രം അകത്തേക്ക് പ്രവേശിക്കുക.

വീട്ടില്‍ താമസം തുടങ്ങുന്നതിനു മുമ്പായി വെള്ളംകയറിയ വയറിങ്ങും വൈദ്യുത ഉപകരണങ്ങളും പരിശോധിച്ചു ഉറപ്പു വരുത്തേണ്ടതാണ്. വെള്ളം കയറിയ ഉപകരണങ്ങളും വയറിങ്ങും ഷോര്‍ട്ട് സര്‍ക്യൂട്ട് ആയി അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സാധാരണ സമയങ്ങളില്‍ നമ്മളെ അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്ന ഇഎല്‍സിബി, ആര്‍സിസിബി തുടങ്ങിയ ഉപകരണങ്ങള്‍ വെള്ളം കയറിയശേഷം പരിശോധിച്ചു ഉറപ്പിച്ചു മാത്രം ഉപയോഗിക്കുക, പരമാവധി അതെല്ലാം മാറ്റി പുതിയത് ഉപയോഗിക്കുക. വെള്ളം നനഞ്ഞ മേല്‍പ്പറഞ്ഞ ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താന്‍ പറ്റാത്തതിനാല്‍ മാറ്റുന്നതാണ് നമ്മുടെ സുരക്ഷിതത്വത്തിന് നല്ലത്.

വീട്ടിലെ വയറിങ്, സ്വിച്ചുകള്‍, മോട്ടോര്‍, ഫ്രിഡ്ജ്, െ്രെഗന്റര്‍, മിക്‌സി, ഹീറ്റര്‍ തുടങ്ങിയ എല്ലാ ഉപകരണങ്ങളും പരിശോധിച്ചു പ്രവര്‍ത്തനം ഉറപ്പുവരുത്തി മാത്രം വേണം ഉപയോഗിക്കാന്‍. പൂര്‍ണ സജ്ജമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പൂര്‍ണമായും മാറ്റണം. വയറിങ് പോലെ തന്നെ പ്രധാനമാണ് ഏര്‍ത്തിങ്. വെള്ളം കയറി ഏര്‍ത്തിങ്ങിനെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സെര്‍ട്ടിഫൈഡ് ആയിട്ടുള്ള വയര്‍മാന്മാരെകൊണ്ടു പരിശോധിച്ച് ഏര്‍ത്തിങ് ഉറപ്പുവരുത്തി വേണം ഉപയോഗിക്കാന്‍.

വെള്ളം കയറി നശിച്ച ഉപകരണങ്ങളും വയറിങ്ങും മറ്റെലാം പരമാവധി പുതിയത് ആകുന്നതാണ് നല്ലത്. മാത്രമല്ല മേല്‍പറഞ്ഞ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പരിചയസമ്പന്നനായ അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ടുതന്നെ ചെയ്യിപ്പിക്കാന്‍ പരമാവധി ശ്രമിക്കണം. ഇത്രയുംവലിയ പ്രളയത്തെ അതിജീവിച്ചുവന്നവര്‍ക്കു ഇതു പോലെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതുകൊണ്ടു ദുരന്തമുണ്ടാവാതിരിക്കാന്‍ പരമാവധി ശ്രമിക്കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss