|    Sep 25 Tue, 2018 11:32 am
FLASH NEWS
Home   >  Kerala   >  

പ്രളയത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടു; സഹായ ധനം ലഭിക്കാതെ മൂന്ന് ലക്ഷം കുടുംബങ്ങള്‍, വിതരണം ചെയ്തത് അയ്യായിരം കുടുംബങ്ങള്‍ക്ക് മാത്രം

Published : 31st August 2018 | Posted By: afsal ph

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്കുള്ള സഹായ വിതരണം വൈകുന്നു. 14 ജില്ലകളിലായി ദുരിത ബാധിതരായി സര്‍ക്കാര്‍ കണ്ടെത്തിയ 3,91,494 കുടുംബങ്ങളില്‍ അയ്യായിരത്തില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായം വിതരണം ചെയ്യാന്‍ കഴിഞ്ഞത്. അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ലാത്തതാണ് സഹായം വൈകാന്‍ ഇടയാക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രളയക്കെടുതില്‍ എല്ലാം വെള്ളത്തില്‍ താഴ്ന്നവരുടെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങള്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ദുരിതാശ്വാസ ക്യാംപിലും മറ്റുമായി കഴിഞ്ഞിരുന്നതിനാല്‍ ബാങ്കുകളിലെത്തി അക്കൗണ്ട് നമ്പര്‍ അടക്കമുള്ള രേഖകള്‍ ശേഖരിക്കാന്‍ കൂടുതല്‍ പേര്‍ക്കും കഴിഞ്ഞിട്ടില്ല. 14 ജില്ലകളിലായി 3,91,494 കുടുംബങ്ങള്‍ക്ക് 242.73 കോടി രൂപയാണു വിതരണം ചെയ്യാനായി കലക്്ടര്‍മാര്‍ക്ക് കൈമാറിയത്. തിരുവനന്തപുരം 356 (0.22 കോടി), കൊല്ലം 3998 (2.48 കോടി), പത്തനംതിട്ട 33841 (20.98 കോടി), ആലപ്പുഴ 76610 (47.5 കോടി), കോട്ടയം 40120 (24.87 കോടി), ഇടുക്കി 10630 (6.59 കോടി), എറണാകുളം 158835 (98.48 കോടി), തൃശൂര്‍ 52167 (32.34 കോടി), പാലക്കാട് 626 (0.39 കോടി), മലപ്പുറം 6918 (4.29 കോടി), കോഴിക്കോട് 468 (0.29 കോടി), വയനാട് 6792 (4.21 കോടി), കണ്ണൂര്‍ 120 (0.07 കോടി), കാസര്‍കോട് 13 (0.01 കോടി).
സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 3,800 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 6,200 രൂപയുമാണു നല്‍കുന്നത്. ദുരിതത്തിനിരയായവര്‍ ബാങ്കുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയാല്‍ സഹായ വിതരണം വേഗത്തിലാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. ബാങ്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ മറ്റുമാര്‍ഗങ്ങളും തേടുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉപഭോക്താക്കളെ കണ്ടെത്താന്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. ആപ്പ് നിലവില്‍ വരുന്നതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാകുമെങ്കിലും അക്കൗണ്ട് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാകാതെ സഹായധനം കൈമാറാനാവില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss