|    Dec 15 Sat, 2018 5:51 am
FLASH NEWS
Home   >  Dont Miss   >  

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മക്കിമല സ്‌കൂള്‍ ഇനി പള്ളി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും; സഹായ ഹസ്തം തേടി നാട്ടുകാര്‍

Published : 1st September 2018 | Posted By: afsal ph

ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന വയനാട് ജില്ലയിലെ കുറിച്ച്യര്‍മല മേല്‍മുറിസ്‌കൂളിന് വേണ്ടി മദ്‌റസാ കെട്ടിടത്തില്‍ ക്ലാസ്മുറി ഒരുക്കുന്ന സന്നദ്ധ പ്രവര്‍ത്തകന്‍

മാനന്തവാടി: മഹാ പ്രളയവും ഗ്രാമങ്ങളെ തന്നെ മൂടിക്കളഞ്ഞ ഉരുള്‍പ്പൊട്ടലും തകര്‍ത്തത് ഓരോ നാടിന്റെയും വിദ്യാഭ്യാസ സ്വപ്‌നങ്ങളെ കൂടിയായിരുന്നു. സംസ്ഥാനത്ത് നൂറുകണക്കിന് വിദ്യാലയങ്ങളാണ് ഉരുള്‍പൊട്ടലും പ്രളയവും തകര്‍ത്തുകളഞ്ഞത്. ഇത്തരം വിദ്യാലയങ്ങള്‍ തിരിച്ചുപിടിക്കുന്ന തിരക്കിലാണ് ഒരു കൂട്ടം യുവാക്കള്‍. ഉര്‍ള്‍പൊട്ടലില്‍ തകര്‍ന്ന സ്‌കൂള്‍ പുന:നിര്‍മിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് വയനാട് ജില്ലയിലെ കുറിച്ച്യര്‍മല മേല്‍മുറി ഗ്രാമം. മൂന്ന് ദിവസം കൊണ്ടാണ് നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് സ്‌കൂള്‍ പുന:നിര്‍മിച്ചത്. മഹല്ല് കമ്മിറ്റിയും സ്‌കൂള്‍ അധ്യാപകരും നാട്ടുകാരും വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ യുവാക്കളും ചേര്‍ന്നാണ് പൂര്‍ണമായും തകര്‍ന്ന വിദ്യാലയം വീണ്ടെടുത്തത്. അനീഷ് നാടോടിയുടെ നേതൃത്വത്തിലുള്ള യുവ കൂട്ടായ്മ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ മദ്‌റസ കെട്ടിടം വിട്ടുനല്‍കാന്‍ തയ്യാറായതോടെ കാര്യങ്ങള്‍ വേഗത്തിലായി. 35 ഓളം യുവാക്കളുടെ കഠിന പ്രയത്‌നത്തിലൂടെ മൂന്ന് ദിവസം കൊണ്ട് തന്നെ സ്‌കൂളിന്റെ നിര്‍മാണം പൂര്‍ത്തിയായി 29ന് തന്നെ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിച്ചു.

മക്കിമലയില്‍ ഉരുള്‍പ്പൊട്ടിയ പ്രദേശം

ഉരുള്‍പൊട്ടലില്‍ വിള്ളല്‍ വീണ് തകര്‍ച്ചാ ഭീഷണിയിലുള്ള മാനന്തവാടി തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല എല്‍.പി സ്‌കൂളും ഇതേ മാതൃകയില്‍ പുന:നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരിപ്പോള്‍. ഉരുള്‍പ്പൊട്ടലില്‍ സ്‌കൂളിന്റെ ചുമരില്‍ വിള്ളല്‍ വീണതോടെ അസി.എന്‍ജിനീയര്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. സ്‌കൂളിന് അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കി. ഇതോടെ പ്രതിസന്ധിയിലായ നാട്ടുകാരാണ് കുറിച്ച്യര്‍മലയിലെ മാതൃകയില്‍ മക്കിമലയിലും സ്‌കൂള്‍ തുറക്കാനൊരുങ്ങുന്നത്. സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ കെട്ടിടം വിട്ടുനല്‍കാന്‍ മഹല്ല് കമ്മിറ്റി തയ്യാറായി. തൊട്ടടുത്ത വന സംരക്ഷണ സമിതി ഓഫിസിലും ക്ലാസ് റൂം ഒരുക്കാന്‍ തീരുമാനമായതോടെ തിങ്കളാഴ്ച്ച തന്നെ സ്‌കൂള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. ക്ലാസ് മുറികള്‍ ഒരുക്കി പെയിന്റിങ്ങ് നടത്തേണ്ടതുണ്ട്. ടോയ്‌ലറ്റ് നിര്‍മാണവും ഫര്‍ണിച്ചറും കണ്ടെത്തണം. ഒരു ദിവസം മാത്രമാണ് നാട്ടുകാര്‍ക്ക് മുന്നിലുള്ളത്. ഇതിനുള്ളില്‍ സ്‌കൂളിന് വേണ്ടതെല്ലാം ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് മേല്‍മുറിയിലേയും മക്കിമലയിലേയും യുവാക്കള്‍. ഇതിനായി വാട്‌സ് ആപ്പ ഗ്രൂപ്പും സോഷ്യല്‍ മീഡിയയും സജീവമാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന മേഖലക്ക് വേണ്ടി സഹായം തേടുകയാണ് യുവ കൂട്ടായ്മ.
സഹായങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപെടേണ്ട നമ്പറുകള്‍:
ബാവ 9847363532
മുബഷിര്‍ 9961033568
അസീബ് 8606198708
ജംഷിദ് പിണങ്ങോട് 9744454923

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss