|    Sep 19 Wed, 2018 12:06 pm
FLASH NEWS
Home   >  Kerala   >  

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെന്ന് മുഖ്യമന്ത്രി; ഭക്ഷ്യ പ്രതിസന്ധിയില്ല

Published : 18th August 2018 | Posted By: afsal ph

തിരുവനന്തപുരം: കേരളം അഭിമുഖീകരിക്കുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴയും ന്യൂനമര്‍ദവും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തോട് അടുക്കുന്നുണ്ട്. പൊതുജനങ്ങളും മല്‍സ്യ തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. ആദ്യ ഘട്ടത്തില്‍ തന്നെ സേനാ വിഭാഗങ്ങളുടെ സഹായം തേടി. നല്ല നിലയിലുള്ള പ്രവര്‍ത്തനമാണ് കേന്ദ്ര സേനയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാടിന്റെ ഒരുമയാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രകടമായത്. സന്നദ്ധ സംഘടനകളും ജനങ്ങളും ഒരേ മനസ്സോടെ രംഗത്തിറങ്ങി. ജനങ്ങള്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കി. പലരും സര്‍ക്കാറിന്റെ മുന്നറിയിപ്പുകളെ അവഗണിക്കുകയായിരുന്നു. രക്ഷാ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പലരും മുഖവിലക്കെടുത്തില്ല.
കേരളം ഭക്ഷ്യ പ്രതിസന്ധി നേരിടുന്നതായി പ്രചരണം ഉണ്ട്. ഇത് വസ്തുതയല്ല. കേരളം ഓണാഘോഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയ ഘട്ടത്തിലാണ് പ്രളയമുണ്ടായത്. അത് കൊണ്ട് തന്നെ ഭക്ഷ്യ ക്ഷാമം നാം നേരിടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് പരമാവധി സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 22 ഹെലി കോപ്റ്റര്‍, 83 നേവി ബോട്ടുകള്‍, 56 ബോട്ടുകള്‍, 35 കോസ്റ്റ് ഗാര്‍ഡ് ബോട്ടുകള്‍, 25 ആര്‍മി ബോട്ടുകള്‍, 59 കേരള ഫയര്‍ ഫോര്‍സ്, തമിഴ്‌നാട്, ഓറീസ സംസ്ഥനങ്ങളില്‍ നിന്നുള്ള ഫയര്‍ഫോര്‍സ്, 600 മല്‍സ്യ തൊഴിലാളി ബോട്ടുകള്‍, 40000 പോലിസുകാര്‍, 3500 അഗ്നി ശമന സേനാംഗങ്ങള്‍, ബഹുജനങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ദുരിതാശ്വാസത്തിന് നല്ല നിലക്കുള്ള സഹായമാണ് കേരളത്തിലെ ജനങ്ങളില്‍ നിന്ന് ഉണ്ടായത്. ഈ ഒരുമ നല്ല കരുത്താണ് സംസ്ഥാന സര്‍ക്കാറിന് നല്‍കിയത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സഹായമെത്തി. തെലുങ്കാന 25 കോടി, യുപി 15 കോടി, മധ്യപ്രദേശ്-10 കോടി, ഡല്‍ഹി-10 കോടി, പഞ്ചാബ്-10 കോടി, ബീഹാര്‍-10 കോടി, ഗുജറാത്ത്-10 കോടി, തമിഴ്‌നാട്-5 കോടി, ചത്തീസ്ഗണ്ഡ്-മൂന്ന് കോടി കൂടാതെ ഏഴ് കോടിയുടെ ധാന്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss