|    Sep 23 Sun, 2018 7:50 am
FLASH NEWS
Home   >  Kerala   >  

ദുരിതം അകറ്റാന്‍ വൃദ്ധമന്ദിരത്തിലെ അമ്മമാര്‍ നല്‍കിയത് നാല്‍പതിനായിരം രൂപ

Published : 27th August 2018 | Posted By: afsal ph

തൃശൂര്‍: ഉറ്റവരും ഉടയവരും ഉണ്ടായിട്ടും ജീവിതത്തിന്റെ അവസാനകാലം അനാഥരാകേണ്ടി വന്ന വൃദ്ധ സദനത്തിലെ അമ്മമാര്‍ പ്രളയ ദുരിതബാധിതര്‍ക്ക് വേണ്ടി കൂട്ടിവെച്ചത് നാല്‍പതിനായിരം രൂപ. ഒറ്റപ്പെടലിന്റെ സങ്കടങ്ങളെക്കാള്‍ വലുതായിരുന്നു ഇവര്‍ക്ക് പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട സഹജീവികളുടെ വേദന. ആ വേദനയില്‍ നിന്നാണ് പ്രളയബാധിതര്‍ക്ക് ആവുംവിധം കൈത്താങ്ങാവണമെന്ന് വൃദ്ധ സദനത്തിലെ അന്തേവാസികള്‍ തീരുമാനിക്കുന്നത്. ഇവര്‍ തൃശൂര്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരതാമസക്കാര്‍. ഒരു കാലത്ത് എല്ലാം ഉണ്ടായിരുന്നവര്‍. ജീവിതസായാഹ്നത്തില്‍ ഒറ്റപെടലിന്റെ കയ്പു നീര് ആവോളം കുടിയ്ക്കുന്നവര്‍. വിശ്രമകേന്ദ്രത്തില്‍ നേരം പോക്കിനായി ഇവരുണ്ടാകുന്ന അച്ചാറും ചവുട്ടിയും മറ്റും വിറ്റ് കിട്ടിയ പൈസ സ്വരൂപിച്ച് നാല്‍പതിനായിരം രൂപയാണ് പ്രളയദുരിതാശ്വാസഫണ്ടിലേക്ക് ഈ വൃദ്ധജനങ്ങള്‍ സംഭാവന നല്‍കിയത്. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടെങ്കിലും നാടിനെയും നാട്ടുകാരെയും ഉപേക്ഷിക്കാനാവില്ലെന്ന സന്ദേശമാണ് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറിന്റെ പക്കല്‍ ഈ തുക കൈമാറ്റുന്നതിലൂടെ ഇവര്‍ വ്യക്തമാക്കിയത്. ഇവര്‍ക്ക നന്ദി അറിയിച്ച് മന്ത്രി വി എസ് സുനില്‍കുമാര്‍ വൃദ്ധമന്ദിരത്തിലേക്ക് കത്തയച്ചു. മന്ദിരത്തിലെ അന്തേവാസികളില്‍ നിന്നും ഈ തുക ഏറ്റ് വാങ്ങിയപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞ് പോയി എന്നും ഇത് ഹൃദയസ്പര്‍ശിയായ അനുഭവമായി എന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ കുറിച്ചു. ‘ഇതാണ് മനുഷ്യത്വം. ഇതാണ് ഏറ്റവും വലിയ മഹത്വം. ഈ അമ്മമാരുടെ കാല്‍തൊട്ട് വന്ദിക്കുന്നു. വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാകില്ലെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഹൃദയം നിറഞ്ഞ നന്ദി’. മന്ത്രി വി എസ് സുനില്‍കുമാര്‍ ഇങ്ങനെ അവസാനിപ്പിച്ചു.
ദുരിതാശ്വാസത്തിന്റെ പേരില്‍ നാടിന്റെ നാനാഭാഗത്ത് നിന്നും നിരവധി സഹായങ്ങള്‍ ലഭിക്കുമ്പോഴും വൃദ്ധമന്ദിരത്തിലെ എളിയ സഹായത്തിന് തിളക്കമേറുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss