|    Nov 16 Fri, 2018 1:26 pm
FLASH NEWS
Home   >  Kerala   >  

ഒന്നര ലക്ഷം പേരെ വീടുകളില്‍ തിരിച്ചെത്തിക്കും; കുട്ടനാട്ടില്‍ 60,000 പേര്‍ പങ്കെടുക്കുന്ന ശുചീകരണം

Published : 28th August 2018 | Posted By: mtp rafeek

ആലപ്പുഴ: മഹാപ്രളയത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍നിന്നു പലായനം ചെയ്ത 1.5 ലക്ഷത്തോളം ആളുകളെ വീടുകളില്‍ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിന് തുടക്കമായി. മൂന്നു ദിവസംകൊണ്ടു വീടുകളും പരിസരവും വൃത്തിയാക്കിയും അറ്റകുറ്റപ്പണികള്‍ നടത്തിയും മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ യജ്ഞമാണിത്.

ഇതിന്റെ ഭാഗമായി കുട്ടനാടിനെ ശുചീകരിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരിറങ്ങി. അറുപതിനായിരത്തോളം പേരാണ് ഈ യജ്ഞത്തില്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്നത്. കുട്ടനാട്ടിലെ 50,000പേര്‍, ആലപ്പുഴയിലെ 5000 പേര്‍, ജില്ലക്ക് പുറത്തുള്ള 5000 പേര്‍ എന്നിങ്ങനെ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാരാണ് മഹാശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്നത്.

വിവിധ തൊഴിലുകളില്‍ നൈപുണ്യമുള്ളവരുടെ സേവനം ഉപയോഗിക്കും. പാമ്പുപിടിത്തക്കാരുടെ സേവനവും ഉണ്ടാവും. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും വാര്‍ഡ് തോറും സംഘങ്ങളായെത്തിയാണു ശുചീകരണവും മറ്റും നടത്തുന്നത്. വെബ് പോര്‍ട്ടല്‍ രൂപീകരിച്ചാണു സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള റജിസ്‌ട്രേഷന്‍ നടത്തിയത്. റജിസ്‌ട്രേഷന്‍ ഇന്നലെ അവസാനിച്ചു.

രണ്ടു ദിവസം കൊണ്ട് ശുചീകരണം പൂര്‍ത്തിയാക്കി 30ാം തീയതിക്കുള്ളില്‍ നാട്ടുകാരെ തിരിച്ച് വീടുകളിലെത്തിക്കാനാണ് ശ്രമം. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരാണ് ശുചീകരണത്തിന് നേതൃത്വം നല്‍കുന്നത്.

സന്നദ്ധ സേവകരെ വിവിധ സ്ഥലങ്ങളിലെത്തിക്കാന്‍ ബാര്‍ജുകളും കേവുവള്ളങ്ങളും ബോട്ടുകളും മൂന്നു ദിവസത്തേക്കു സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. അഞ്ഞൂറോളം വള്ളങ്ങളും ആയിരത്തോളം വഞ്ചിവീടുകളും ഉപയോഗിക്കും. എസി റോഡിന്റെ വശങ്ങളിലെ പാടങ്ങളില്‍ നിന്നു വന്‍തോതില്‍ വെള്ളം പമ്പ് ചെയ്തു മാറ്റാനും പദ്ധതിയുണ്ട്. ഇതിനായി വലിയ ശേഷിയുള്ള പമ്പുകള്‍ എത്തിച്ചിട്ടുണ്ട്.

കൈനകരി, പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം, നെടുമുടി എന്നീ പഞ്ചായത്തുകളില്‍ ശുചീകരണത്തിനായി ആളുകളെ ബോട്ടു മാര്‍ഗം എത്തിച്ചു. നീലംപേരൂര്‍, രാമങ്കരി, മുട്ടാര്‍, തകഴി, ചെറുതന, കരുവാറ്റ, പള്ളിപ്പാട്, വെളിയനാട്, തലവടി, വീയ്യപുരം, എടത്വാ, പഞ്ചായത്തുകളിലേക്കുള്ളവര്‍ റോഡ് മാര്‍ഗവും യാത്ര തിരിച്ചിട്ടുണ്ട്.

കുട്ടനാടിന്റെ മഹാശുചീകരണത്തിന് പുറപ്പെടുന്നു | തത്സമയം

കുട്ടനാടിന്റെ മഹാശുചീകരണത്തിന് സന്നദ്ധപ്രവര്‍ത്തകര്‍ പുറപ്പെടുന്നു- തത്സമയം #keralafloods2018 #KuttanadCleaning

Posted by Mathrubhumi on Monday, August 27, 2018

വീടുകളില്‍ ശുദ്ധജലം എത്തിക്കാനും സംവിധാനമുണ്ടാക്കിയതായി അധികൃതര്‍ പറഞ്ഞു. ജലനിരപ്പു താഴ്ന്ന പ്രദേശങ്ങളില്‍ ശുചീകരണം സാധ്യമാണെങ്കിലും മടവീണതിനാല്‍ വെള്ളമിറങ്ങാത്ത സ്ഥലങ്ങളില്‍ ശുചീകരണം നടക്കില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss