|    Nov 21 Wed, 2018 3:40 am
FLASH NEWS
Home   >  Kerala   >  

നഷ്ടം 350 കോടി, വൈദ്യുതി വിതരണം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സത്വര നടപടികള്‍; വിരമിച്ചവരുടെ സഹായം അഭ്യര്‍ഥിച്ച് കെഎസ്ഇബി

Published : 18th August 2018 | Posted By: afsal ph

പേമാരിയിലും പ്രളയത്തിലും മുങ്ങി വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വൈദ്യുതി വിതരണ സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍വ്വസ്ഥിതിയില്‍ ആക്കാന്‍ എല്ലാ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സഹകരണം അഭ്യര്‍ത്ഥിച്ച് വൈദ്യുതി വകുപ്പ്. കെഎസ്ഇബി എംഡി എന്‍ എസ് പിള്ള സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു.
എല്ലാ ജീവനക്കാരും എല്ലാ ദിവസങ്ങളിലും ഓഫീസുകളില്‍ ആവശ്യമെങ്കില്‍ എത്തണമെന്നും വ്യക്തിപരമായ അസൗകര്യങ്ങള്‍ മാറ്റി വെച്ച് അവധി പോലും എടുക്കാതെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കെടുക്കണമെന്നും സി.എം.ഡി ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.
പേമാരിയില്‍ വൈദ്യുതി തടസ്സം പുനസ്ഥാപിക്കുന്ന വേളയില്‍ അപകടത്തില്‍ മരണപ്പെട്ട രണ്ട് ജീവനക്കാരുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
സമയബന്ധിതമായി സുരക്ഷിതമായ നിലയില്‍ വൈദ്യുതി ശൃംഖല പുനര്‍നിര്‍മിക്കാനും പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി എത്രയും പെട്ടെന്ന് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുമുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നാളെ മുതല്‍ തന്നെ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ധാരണയായി.
സര്‍വ്വീസില്‍ നിന്നും വിരമിച്ചവരുടെ സേവനം ആവശ്യമുള്ളിടത്തെല്ലാം ഉപയോഗപ്പെടുത്തും.
വീടുകളില്‍ തിരികെ എത്തുന്ന ഉപഭോക്താക്കള്‍ വയറിംഗ് അടക്കമുള്ള സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അതിനാവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും കെ.എസ്.ഇ.ബി ജീവനക്കാര്‍ നല്‍കാമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ആവശ്യമെങ്കില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ സഹായവും ഇക്കാര്യത്തില്‍ ആവശ്യപ്പെടുന്നതാണ്.
പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, തമിഴ്‌നാട് വൈദ്യുതി കോര്‍പ്പറേഷന്‍, ടാറ്റാ പവര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ പുനര്‍നിര്‍മാണത്തില്‍ കെ.എസ്.ഇ.ബിക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.
പ്രാഥമിക കണക്കനുസരിച്ച് ഉല്പാദന നഷ്ടം കൂടാതെ ഏകദേശം 350 കോടി രൂപയുടെ നഷ്ടം കെ.എസ്.ഇ.ബി യ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
സംസ്ഥാനതലത്തില്‍ ഡയറക്ടറുടെ നേതൃത്വത്തിലും മേഖലാ തലത്തില്‍ ചീഫ് എഞ്ചിനീയര്‍മാരുടെ നേതൃത്യത്തിലും പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചാവും പുനര്‍നിര്‍മാണ പ്രക്രിയ എറ്റെടുത്ത് നടപ്പാക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss