|    Nov 19 Mon, 2018 12:33 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കേരളത്തിന് കൈതാങ്ങായി ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളും

Published : 21st August 2018 | Posted By: afsal ph

പ്രളയം തകര്‍ത്ത കേരളത്തിന്റെ അതിജീവനത്തിന് സഹായ ഹസ്തവുമായി ഗള്‍ഫ് രാജ്യങ്ങളും പ്രവാസി മലയാളികളും. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളും ഇതിനോടകം തന്നെ സഹായങ്ങള്‍ പ്രഖ്യാപിച്ചു.
വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കേരളത്തിനു ഖത്തര്‍ ഭരണകൂടം 35 കോടി രൂപ സഹായധനമായി നല്‍കും. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഖത്തര്‍ ചാരിറ്റിയിലൂടെ സമാഹരിച്ച വലിയൊരു തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. 60,000 പേരുടെ പുനരധിവാസ ആവശ്യങ്ങള്‍ക്ക് ഈ തുക സഹായകമാവും. ഇതു സംബന്ധിച്ച നിര്‍ദേശം ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിക്കു നല്‍കിയിരുന്നു.
യുഎഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക സമിതിയെ തന്നെ രൂപീകരിച്ച് വിഭവ സമാഹരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രളയ ദുരിതത്തിലായ കേരളത്തിന് സഹായ ഹസ്തവുമായി സൗദി പ്രവാസികളും സ്വദേശികളും. വിഭവ സമാഹരണത്തിനും ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണത്തിനും നേതൃത്വം നല്‍കി വിവിധ കൂട്ടായ്മകളും സംഘടനകളും രംഗത്ത്. ഷോപ്പിംഗ് മാളുകള്‍ കമ്പനി ക്യാമ്പുകള്‍, ഫ്‌ലാറ്റുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സമാഹരണം. കിഴക്കന്‍ പ്രവിശ്യയിലെ അറേബ്യന്‍ ഫാള്‍ കമ്പനി ഉടമ സ്വദേശിയായ അബ്ദുല്ലാ സാല അല്‍ സയ്യിദ് കഴിഞ്ഞ ദിവസം പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പ്രവിശ്യയിലെ വലുതും ചെറുതുമായ എല്ലാ സംഘടനകളും ഈദ് ഓണാഘോഷങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. പകരം ഈ തുക നാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനം.
കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാന്‍ ബഹുമുഖ പദ്ധതികളുമായി കുവൈത്തിലെ മലയാളി സമൂഹവും രംഗത്തെത്തി. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രതിനിധികളും വ്യവസായ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാകാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.
കഴിഞ്ഞ ദിവസം യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കുവൈത്തിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും സാമൂഹ്യപ്രവര്‍ത്തകരും ബിസിനസ് പ്രമുഖരും മാധ്യമപ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസസമാഹരണം അതെ നിലക്ക് തുടരാനും അതോടൊപ്പം ഒന്നിച്ചു നിന്ന് പുനര്‍നിര്‍മാണപ്രക്രിയയില്‍ പങ്കാളികളാകാനും യോഗത്തില്‍ ധാരണയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസഹായത്തിന് പുറമെ ജിലാ അസോസിയേഷനുകളുടെ ഏകോപനത്തോടെ ഓരോ ജില്ലകളിലെയും പുനരധിവാസ പരിപാടികളില്‍ പങ്കു ചേരും.
വിപിഎസ് ഹെല്‍ത്ത്‌കെയര്‍ സിഎംഡി ഡോ.ഷംസീര്‍ വയലില്‍ പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചത്. കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ആരോഗ്യംപാര്‍പ്പിടവിദ്യാഭ്യാസ മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെയാണു പദ്ധതി തയാറാക്കുക. ദുരിതബാധിതര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടിവെള്ളം എന്നിവ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss