|    Sep 23 Sun, 2018 1:47 am
FLASH NEWS
Home   >  Kerala   >  

മലയാളി അധിക്ഷേപം: അര്‍ണബിനെ ന്യായീകരിച്ച് സംഘ്പരിവാരം

Published : 26th August 2018 | Posted By: afsal ph

പ്രളയത്തില്‍ മുങ്ങിയ കേരളത്തിനുള്ള യുഎഇ സഹായവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ മലയാളികളെ അപമാനിച്ച റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസാമിയെ ന്യായീകരിച്ച് കേരളത്തിലെ ആര്‍എസ്എസ് അനുകൂലികള്‍. ബിജെപി എംപി രാജീവ് ചന്ദ്രശേഖരും ശ്രീരാം സേന നേതാവ് രാഹുല്‍ ഈശ്വറും ഗോസാമിയെ പിന്തുണച്ച് പരസ്യമായി തന്നെ രംഗത്തെത്തി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗോസാമിയുടെ ചിത്രം ഫേസ് ബുക്ക് പ്രൊഫൈല്‍ ആക്കിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഗോസാമിയെ വിമര്‍ശിക്കുന്നവരെ കോമാളികളാണെന്ന് അധിക്ഷേപിച്ചാണ് എന്‍ഡിഎ വൈസ് ചെയര്‍മാന്‍ കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റര്‍ കുറിപ്പ്. ഗോസാമിക്കെതിരായ പ്രചരണം വ്യാജമാണെന്നും ഇക്കാര്യം വീഡിയോ കണ്ടാല്‍ മനസ്സിലാകുമെന്നും അദ്ദേഹം പറയുന്നു. രാജീവ് ചന്ദ്രശേഖര്‍ ആയിരുന്നു നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന്റെയും റിപ്പബ്ലിക് ടിവിയുടേയും എംഡി. മാര്‍ച്ച് 31ന് ഇയാള്‍ എംഡി സ്ഥാനം ഒഴിഞ്ഞ ശേഷമാണ് രാജ്യസഭാ എംപിയായത്. ഇതിനു മുമ്പും രാജീവ് ചന്ദ്രശേഖര്‍ റിപ്പബ്ലിക് ടിവിക്കും അര്‍ണബിനും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, ഗോസാമിക്ക് പിന്തുണയുമായി ശ്രീരാം സേന നേതാവ് രാഹുല്‍ ഈശ്വറും രംഗത്തെത്തി. വ്യക്തിപരമായ അര്‍ണാബിനോട് സംസാരിച്ചുവെന്നും അദ്ദേഹം നാണം കെട്ടവരെന്നു വിളിച്ചത് മലയാളികളെയല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയായിരുന്നു രാഹുല്‍ ഈശ്വരിന്റെ വിശദീകരണം.
‘ആ വീഡിയോ ക്ലിപ്പുമായി ബന്ധപ്പെട്ട് ഞാന്‍ വളരെ ദേഷ്യത്തില്‍ അര്‍ണാബിനെ വിളിച്ചു. ഒരു പ്രത്യേക വിഭാഗത്തെയാണ് താന്‍ ആക്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ആപത്ഘട്ടത്തില്‍ കേരളവും ഉത്തരേന്ത്യയും എന്ന് രണ്ടായി തിരിക്കാന്‍ ശ്രമിക്കുന്ന തീവ്ര ഇടതരും മാവോയിസ്റ്റുകളും മതഭ്രാന്തന്മാരുമായ ആളുകളെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. സത്യമറിയുന്നതിനായി പാനലിലുള്ള രഞ്ജിത് കേശവിനെയും ഞാന്‍ വിളിച്ചു.
11 വര്‍ഷമായി എനിക്ക് അര്‍ണാബ് ഗോസ്വാമിയെ അറിയാം. അദ്ദേഹത്തെ നീതിരഹിതമായി നമ്മള്‍ അക്രമിക്കരുതെന്നും ശ്രീരാം സേന നേതാവ് പറഞ്ഞു.
കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് അര്‍ണബ് മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഇന്ത്യയിലെ ഏറ്റവും നാണംകെട്ട ജനതയാണ് കേരളത്തിലുള്ളതെന്നാണ് അര്‍ണബ് പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ അര്‍ണബിനെതിരെയും റിപ്പബ്ലിക് ടിവിക്കെതിരെയും മലയാളികളുടെ പ്രതിഷേധം ഉയര്‍ന്നു. റിപ്പബ്ലിക്ക് ടിവിയുടെ ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോറില്‍ റേറ്റിങ് കുറച്ചും സൈബര്‍ മലയാളികള്‍ പ്രതിഷേധിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss