|    Sep 21 Fri, 2018 7:24 am
FLASH NEWS
Home   >  Kerala   >  

1435 ക്യാപുകളില്‍ 4,62,456 പേര്‍; സ്‌കൂളുകളിലെ ക്യാംപുകള്‍ സ്വകാര്യ കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി

Published : 26th August 2018 | Posted By: afsal ph

കൊച്ചി: സംസ്ഥാനത്ത് പ്രളയബാധിതരില്‍ 4,62,456 പേരും ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നു. 1435 ക്യാംപുകളാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ആഗസ്റ്റ് എട്ടുമുതല്‍ ഇന്നുവരെ 302 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലായിടത്തും നടക്കുന്നുണ്ട്. ഇതിനകം മൂന്നു ലക്ഷത്തിലധികം വീടുകള്‍ വൃത്തിയാക്കി.
അതേസമയം, ദുരിതാശ്വാസ ക്യാംപുകള്‍ സ്‌കൂളുകളില്‍ നിന്ന് മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഈ മാസം 29 നാണ് ഓണ അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ക്യാംപുകള്‍ മാറ്റാന്‍ ആവശ്യമെങ്കില്‍ സ്വകാര്യ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീടുകള്‍ തകര്‍ന്നവര്‍ക്ക് താമസിക്കാന്‍ പൂട്ടിക്കിടക്കുന്ന വീടുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമോയെന്ന് അറിയാന്‍ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്ലാത്ത സ്‌കൂളുകള്‍ അടുത്ത രണ്ടു ദിവസത്തിനകം പൂര്‍ണ്ണമായും വൃത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു.
ഇതിനകം 3,64,000 പക്ഷികളുടേയും 3285 വലിയ മൃഗങ്ങളുടേയും 14,274 ചെറിയ മൃഗങ്ങളുടേയും ശവങ്ങള്‍ മറവുചെയ്തു. ഇനിയും ശവങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തിരമായി മറവുചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
അജൈവ മാലിന്യം ശേഖരിച്ച് ഇവ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. ഈ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ക്ലീന്‍ കേരള കമ്പനിക്ക് അവ പെട്ടെന്ന് പൂര്‍ണ്ണമായും കൈകാര്യം ചെയ്യാന്‍ കഴിയില്ലെങ്കില്‍ മറ്റ് ഏജന്‍സികളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കുടിവെള്ളം എല്ലായിടത്തും ലഭ്യമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പെട്ടെന്ന് പൂര്‍ത്തിയാക്കണം. വീടുകളില്‍ പാത്രങ്ങളില്‍ വെള്ളം വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. അത് കൃത്യമായി നടക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കന്നുകാലികള്‍ക്ക് ഇതിനകം ഒരു ലക്ഷത്തിലേറെ ചാക്ക് (50 കിലോ) കാലിത്തീറ്റ വിതരണം ചെയ്തു. കേരള ഫീഡ്‌സില്‍ നിന്നും മില്‍മയില്‍ നിന്നും കൂടുതല്‍ കാലിത്തീറ്റ ലഭ്യമാക്കും. നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡില്‍ നിന്നും 500 ടണ്‍ കാലിത്തീറ്റ ലഭിച്ചിട്ടുണ്ട്. ക്ഷീര സഹകരണ സംഘങ്ങള്‍ വഴി നല്ല രീതിയില്‍ കാലിത്തീറ്റ വിതരണം നടക്കുന്നുണ്ട്.

യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടി ബിശ്വനാഥ് സിഹ്ന, ഫയര്‍ ഫോഴ്‌സ് മേധാവി എ. ഹേമേന്ദ്രന്‍, വനം വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, മുഖ്യമന്ത്രി ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss