|    Dec 14 Fri, 2018 9:37 am
FLASH NEWS
Home   >  Kerala   >  

നഷ്ടം പ്രാഥമിക കണക്കിനേക്കാള്‍ വലുത്: മുഖ്യമന്ത്രി

Published : 28th August 2018 | Posted By: afsal ph

തിരുവനന്തപുരം: പ്രളയക്കെടുതി മൂലമുണ്ടായ നഷ്ടം നാം പ്രാഥമികമായി വിലയിരുത്തിയതിനേക്കാള്‍ എത്രയോ വലുതാണെന്ന് വ്യക്തമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം ദുരന്തത്തില്‍ നിന്ന് കരകയറാന്‍ ജില്ലാ കലക്്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
വീടുകളിലേക്ക് തിരിച്ചുപോകുന്നവര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളോ സൗകര്യങ്ങളോ ഇല്ല എന്ന പ്രശ്‌നം കണക്കിലെടുത്തുകൊണ്ട് പ്രാദേശികമായി ഇത്തരം പ്രാഥമിക സൗകര്യങ്ങള്‍ക്കായുള്ള സഹായങ്ങള്‍ സമാഹരിച്ച് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭ്യമാക്കണം. പതിനായിരം രൂപ സഹായധനം നല്‍കാനുള്ള തീരുമാനം ബാങ്കുകള്‍ അവധി കഴിഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ച ദിവസം മുതല്‍ കാലതാമസം വരാതെ ലഭ്യമാക്കി എന്ന് ഉറപ്പാക്കണം.
വാഹനങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും മറ്റും ഇന്‍ഷുറന്‍സ് തുക വേഗം ലഭ്യമാക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ വീണ്ടും യോഗം വിളിച്ചുചേര്‍ക്കുന്നതിനുള്ള തീരുമാനമെടുത്തു.
മാലിന്യങ്ങള്‍ കായലിലേക്കും പുഴയിലേക്കും ഒഴുക്കുന്നത് ഒഴിവാക്കുക തന്നെ വേണം. ബോധപൂര്‍വ്വം ഇത്തരം നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം.
പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുകയും, രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ലഭിക്കുന്നതിന് ഇടപെടുകയും വേണം. അങ്ങേയറ്റം പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും അത്തരം കുടുംബങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സന്നദ്ധമാണ്. ജില്ലയില്‍ ഇത്തരം കാര്യങ്ങള്‍ ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധനങ്ങള്‍ക്ക് കൂടുതല്‍ വില ഈടാക്കുന്നത് ഇല്ലാതാക്കണം. കൃത്രിമക്ഷാമവും കരിഞ്ചന്തയും സൃഷ്ടിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണം.
ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകള്‍ ആഗസ്റ്റ് 29 ന് തന്നെ തുറക്കാനാവണം. സ്‌കൂളുകള്‍ വൃത്തിയാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും വരാതിരിക്കാനുള്ള മുന്‍കരുതല്‍ ഉണ്ടായിരിക്കണം.
പുനരധിവാസ പ്രവര്‍ത്തനങ്ങളും നല്ല നിലയില്‍ പുരോഗമിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ ദുരിതം ഉണ്ടായതിന് ശേഷം ഓഗസ്റ്റ് 21നാണ് എറ്റവും കൂടുതല്‍ പേര്‍ ക്യാംപിലുണ്ടായിരുന്നത്. അന്ന് 3,91,494 കുടുംബങ്ങളിലായി 14,50,707 പേരാണ് ക്യാമ്പുകളിലുണ്ടായിരുന്നത്. ഒരാഴ്ച നാം പിന്നിടുമ്പോള്‍ ഇന്നത്തെ കണക്ക് പ്രകാരം 53,703 കുടുംബങ്ങളിലായി 1,97,518 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളത്.
പുനര്‍നിര്‍മ്മാണത്തിന്റെ മറ്റൊരു ഘടകം മുമ്പ് ഉണ്ടായിരുന്ന അതേ രീതിയില്‍ ഇത് നടത്തണമോ എന്നതാണ്. ഈ പ്രളയത്തിന്റെ അനുഭവത്തില്‍ പാരിസ്ഥിതികമായ ചില പ്രശ്‌നങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും എളുപ്പം ബാധിക്കാവുന്ന സ്ഥലങ്ങളില്‍ പുനരധിവാസം നടത്തണമോ എന്നത് പ്രധാനപ്പെട്ട പ്രശ്‌നമാണ്. അത്തരം കാര്യങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
30ാം തീയ്യതി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നുണ്ട്. ദുരന്തമുഖത്ത് സജീവമായി നിന്നവരാണ് കേരളത്തിലെ എം.എല്‍.എമാര്‍. സര്‍ക്കാരിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് ഇവര്‍ നല്‍കിയ സഹായം ഏറെ വലുതുമാണ്. അവരുടെ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ഏറെ കാര്യങ്ങള്‍ അവര്‍ക്ക് പറയാനുണ്ടാകും. അവരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ രൂപരേഖ സര്‍ക്കാര്‍ പൂര്‍ത്തീകരിക്കും.
രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുകയും ത്യാഗനിര്‍ഭരമായ നിരവധി അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുകയും ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്ക് തിരുവനന്തപുരത്ത് വെച്ച് നാളെ സ്വീകരണം നല്‍കും.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കൂടുതല്‍ പ്രൗഢോജ്ജ്വലമായി തിരിച്ചുപിടിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന കേരളമല്ല, അതിനെ അതിജീവിച്ച് കുതിച്ച കേരളമാണ് ഇതെന്ന് ചരിത്രത്തില്‍ സ്ഥാനംപിടിക്കുന്നവിധം നമുക്ക് മുന്നേറണം. അതിന് നമ്മുടെ ഐക്യവും യോജിപ്പുമാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss