|    Nov 19 Mon, 2018 1:36 pm
FLASH NEWS
Home   >  Kerala   >  

5,645 ക്യാംപുകളിലായി 7,24,649 പേര്‍; രക്ഷാപ്രവര്‍ത്തനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു, ഇനി ദുരിതാശ്വാസമെന്ന് മുഖ്യമന്ത്രി

Published : 19th August 2018 | Posted By: afsal ph

തിരുവനന്തപുരം: പ്രളയ ജലം താഴ്ന്നു തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി ദുരിതാശ്വാസത്തിനാണ് സര്‍ക്കാര്‍ പ്രധാന്യം കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടത്തില്‍ പരമാവധിപ്പേരെ രക്ഷിക്കാനായി. അടുത്തഘട്ടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. ഇതോടൊപ്പം കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തി രക്ഷിക്കുകയും ചെയ്യും. ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 13 പേര്‍ മരിച്ചു. ഉച്ചവരെ 22,034 പേരെ രക്ഷപ്പെടുത്തി.
സംസ്ഥാനത്ത് 5,645 ക്യാംപുകളിലായി 7,24,649 പേര്‍ താമസിക്കുന്നുണ്ട്. ക്യാംപില്‍ ആവശ്യമുള്ള സൗകര്യം ഒരുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ക്യാംപുകളില്‍ വനിതാ പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. പ്രാദേശിക സഹകരണം ഉറപ്പാക്കും. ക്യാംപില്‍നിന്നു ജനങ്ങള്‍ക്കു തിരികെ പോകുന്നതിനു വീടുകളില്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവ ഉറപ്പാക്കണം.
ജലസ്രോതസുകള്‍ അടിയന്തരമായി ശുദ്ധീകരിക്കും. ശുദ്ധജല പൈപ്പുകള്‍ മുറിഞ്ഞതു വേഗത്തില്‍ പുനഃസ്ഥാപിക്കും. പുനരധിവാസത്തില്‍ സഹായിക്കാന്‍ കഴിയുന്ന എല്ലാവരുടെയും സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കു ഭക്ഷണമെത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കും. വെള്ളത്തില്‍ മുങ്ങിയ വീടുകളിലെ അവസ്ഥ പരിശോധിച്ചശേഷമേ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയൂ. തെരുവുവിളക്ക് കത്തിക്കാനും പമ്പിങ്ങിനുമുള്ള വൈദ്യുതി ആദ്യം പുനഃസ്ഥാപിക്കും.
പ്രളയം ഒഴിയുന്നതോടെ പകര്‍ച്ചാ വ്യാധി ഭീഷണി മുന്‍കൂട്ടി കാണണം. ശുചിത്വം ഇല്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകും. മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടതു പ്രധാനകാര്യമാണ്. ജനങ്ങളെ ബോധവല്‍കരിക്കുന്നതിന് മാധ്യമങ്ങളുടെ സഹായം ആവശ്യമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഹരിത കേരള മിഷന്‍ മാലിന്യങ്ങള്‍ നീക്കും. ഇതിനുവേണ്ടി പ്രത്യേക ടീമുകളെ ഓരോ വാര്‍ഡിലും നിയോഗിക്കും.

നഷ്ടപ്പെട്ട രേഖകള്‍ വേഗത്തില്‍ നല്‍കുന്നതിന് ഐടി അധിഷ്ഠിത സംവിധാനം ഒരുക്കും. നഷ്ടപ്പെട്ട പാഠപുസ്തകം സൗജന്യമായി നല്‍കും. 36 ലക്ഷം പുസ്തകം അച്ചടിച്ചതുണ്ട്. യൂണിഫോം നഷ്ടപ്പെട്ട കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കതും നല്‍കും. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും ഒരു ദിവസം 3000 രൂപയും നല്‍കും. കേടായ ബോട്ടുകള്‍ക്കു ന്യായമായ നഷ്ടപരിഹാരം. ബോട്ടുകള്‍ തിരികെ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
റോഡുകള്‍ തകര്‍ന്നതിലൂടെ 4451 കോടിയുടെ പ്രാഥമിക നഷ്ടമാണു കണക്കാക്കിയിട്ടുള്ളത്. 221 പാലങ്ങള്‍ക്കു കേടുപാടുണ്ട്. 59 പാലങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം എത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദുരിതാശ്വാസ ഫണ്ട് കേന്ദ്ര സര്‍ക്കാരാണ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അനുസരിച്ച് ഫണ്ട് വിനിയോഗിക്കാന്‍ പുറത്ത് നിന്ന് ദുരിതാശ്വാസത്തില്‍ പങ്കാളികളാകുന്നവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss