|    Nov 13 Tue, 2018 10:12 pm
FLASH NEWS
Home   >  Kerala   >  

നഷ്ടം 8316 കോടി, അടിയന്തിര ആശ്വാസമായി 1220 കോടി അനുവദിക്കണമെന്ന് മുഖ്യമന്ത്രി

Published : 12th August 2018 | Posted By: G.A.G

കൊച്ചി: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്നും മുഖ്യമന്ത്രി രാജ്‌നാഥ് സിംഗിന് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രളയക്കെടുതി നേരിടാന്‍ 100 കോടി രൂപ അനുവദിക്കുന്നതായാണ് രാജ്‌നാഥ് സിങ് അറിയിച്ചത്. കേരളം ആവശ്യപ്പെട്ട തുകയില്‍ 820 കോടി രൂപ എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും  സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം ശുപാര്‍ശ ചെയ്തതുമാണ്. ഒരേ സീസണില്‍ രണ്ടാംവട്ടമാണ് കേരളത്തില്‍ മഴക്കെടുതിയുണ്ടാകുന്നത്. ഇത് കണക്കിലെടുത്ത് നഷ്ടം വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്ന് പ്രഖ്യാപിച്ച് കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പാക്കേജ് സംബന്ധിച്ച നിവേദനം ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിക്കും. ദേശീയദുരന്തനിവാരണ ഫണ്ടിന്റെ നിബന്ധനകള്‍ പ്രകാരം നഷ്ടപരിഹാരം തുലോം പരിമിതമാണെന്നും നഷ്ടത്തിന്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്ത് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പതിനാലില്‍ പത്തു ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു. കേന്ദ്രസംഘം കേരളത്തില്‍ പര്യടനം നടത്തുന്നതിനിടയിലാണ് വീണ്ടും പേമാരിയും അതിന്റെ ഭാഗമായ കെടുതികളും ഉണ്ടായത്.
സംസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പെട്ടെന്നു തന്നെ സേനാവിഭാഗങ്ങളെ അയച്ചുതന്നതിന് കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി നന്ദി അറിയിച്ചു. നാശനഷ്ടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോകളും ചിത്രങ്ങളും നിവേദനത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss