Flash News

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന് സമനിലപ്പൂട്ടോ...

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന് സമനിലപ്പൂട്ടോ...
X

കൊച്ചി: ആര്‍ത്തിരമ്പിയെത്തിയ പതിനായിരങ്ങളെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയില്‍ സമനിലപ്പൂട്ട്. ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ ഇഞ്ച്വറി ടൈമില്‍ പ്രഞ്ചല്‍ ഭുമിച്ച് നേടിയ ഗോളിലാണ് മുംബൈ സിറ്റി എഫ്‌സി സമനിലയില്‍ തളച്ചത്. 23ാം മിനിറ്റില്‍ ഹോളിചരണ്‍ നര്‍സറി നേടിയ ഏക ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സ് ജയം ഉറപ്പിച്ച നിമഷത്തിലാണ് ഭുമിച്ച് ലോങ് റേഞ്ച് ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയമോഹങ്ങളെ തല്ലി ക്കെടുത്തിയത്.
90 മിനിറ്റുവരെ ലീഡ് നേടിയ കളി കൈവിട്ടതിന്റെ നിരാശയിലാണ് ആരാധകര്‍ മടങ്ങിയത്. ഇനി 20ന് ഡല്‍ഹിക്കെതിരെ കൊച്ചിയില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി. കഴിഞ്ഞ കളിയില്‍ ഇറക്കിയ ടീമിനെ ഒരുമാറ്റവും കൂടാതെ ഡേവിഡ് ജെയിംസ് കൊച്ചിയിലും അവതരിപ്പിച്ചു. ഗോള്‍ കീപ്പറുടെ റോളില്‍ യുവതാരം ധീരജ് സിങ് ഇക്കുറിയും ടീമിലിടം പിടിച്ചു.
ആക്രമണത്തിന്റെ ചുമതല മതേജ് പൊപ്ലാറ്റ്‌നികിനും സ്ലെവിസ സ്റ്റോജനോവിക്കിനും നല്‍കിയപ്പോള്‍ മധ്യനിരയില്‍ മലയാളിതാരം അബ്ദുള്‍ സമദും ഹോളിചരണ്‍ നര്‍സറിയും മഞ്ഞക്കുപ്പായത്തിലിറങ്ങി. പ്രതിരോധനിരയിലെ കരുത്തരായ ലാല്‍റുവത്താരയും മുഹമ്മദ്ദ് റാക്കിപും ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും വിദേശതാരം ലെകിക് പെസിച്ചും കളിച്ചു. മറുവശത്ത് കഴിഞ്ഞ കളിയില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് മുംബൈ സിറ്റി എഫ്‌സി ഇറങ്ങിയത്. റെയ്‌നര്‍ ഫെര്‍ണാണ്ടസും സെഹ്നാജ് സിങും അര്‍ണോള്‍ഡ് ഇസോക്കോയും ഷൗവിക്ക് ഘോഷും ആദ്യ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റാഫേല്‍ ബസ്റ്റോസിന് ഏക സ്‌ട്രൈക്കറുടെ ചുമതല നല്‍കി.
ഒന്നാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മാത്രം
ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തോടെയാണ് കൊച്ചി ഉണര്‍ന്നത്. മൂന്നാം മിനിറ്റില്‍ മുംബൈയുടെ വല കുലുക്കുവാനുള്ള സുവര്‍ണ്ണാവസരം സൈമണ്‍ ദുംഗല്‍ പാഴാക്കി. ദിശതെറ്റിയെത്തിയ പന്തുമായി ഹോളിചരണ്‍ നര്‍സാറി മുംബൈ പോസ്റ്റിലേക്ക് കയറിയപ്പോള്‍ മുന്നില്‍ ഗോളി മാത്രം. ഓടിയെത്തിയ ദുംഗലിന് പന്ത് കൈമാറി. ഗോളെന്ന് ഉറച്ച അവസരത്തില്‍ കാണികള്‍ ആര്‍പ്പുവിളിച്ചു. എന്നാല്‍ ഗോളി അമറീന്ദര്‍ സിങിനെ കബളിപ്പിച്ച് പന്ത് വലയിലാക്കുവാനുള്ള ദുംഗലിന്റെ ശ്രമം വിഫലമായി.
എട്ടാം മിനിറ്റില്‍ കോര്‍ണറിന്റെ രൂപത്തിലെത്തിയ അവസരവും മുതലാക്കുവാന്‍ മഞ്ഞപ്പടയ്ക്കായില്ല. തുടര്‍ന്നും പല അവസരങ്ങളിലും മികച്ച മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് കളം നിറഞ്ഞു. റാഫേല്‍ ബസ്റ്റോയ്ക്ക് കൃത്യമായി പന്ത് എത്തിച്ച് നല്‍കുന്നതില്‍ മുംബൈ മധ്യനിര പരാജയപ്പെട്ടതോടെ സന്ദര്‍ശകരുടെ മുന്നേറ്റങ്ങള്‍ക്ക് ആദ്യമിനിറ്റുകളില്‍ മൂര്‍ച്ച കുറഞ്ഞു. ഇടയ്ക്ക് ലഭിച്ച ഫ്രീകിക്ക് പോസ്റ്റിലെത്തിക്കുവാനും മുംബൈക്കായില്ല. ഒടുവില്‍ 23ാം മിനിറ്റില്‍ കൊച്ചിയെ കോരിത്തരിപ്പിച്ച നിമിഷമെത്തി.
ആദ്യ മിനിറ്റില്‍ ലഭിച്ച അവസരം പാഴാക്കിയതിന് പ്രായശ്ചിത്തമായി നര്‍സറിയുടെയും ദുംഗലിന്റെയും കൂട്ടായ്മയിലാണ് ഗോള്‍ പിറന്നത്. ബോക്‌സിനുള്ളില്‍ ദുംഗല്‍ മുംബൈ പ്രതിരോധനിരയെ വെട്ടിയൊഴിഞ്ഞ് നല്‍കിയ പന്ത് മിന്നല്‍ വേഗതയില്‍ വലയിലാക്കി നര്‍സറി ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ട് തുറന്നു. ബാറിന് കീഴില്‍ ചില മിന്നുന്ന സേവുകളുമായി ധീരജ് സിങും കളം നിറഞ്ഞതോടെ ആദ്യ പകുതി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം.
ജയം ഉറപ്പിച്ചു..ഒടുവില്‍..
ഒരു ഗോളിന്റെ ലീഡുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് രണ്ടാം പകുതിയുടെ തുടക്കത്തിലും കളി നിയന്ത്രിച്ചത്. തുടരെ ലഭിച്ച കോര്‍ണറുകള്‍ പക്ഷെ ഗോളാക്കുന്നതില്‍ മഞ്ഞപ്പടയ്ക്ക് രണ്ടാം പകുതിയിലും പിഴച്ചു. 54ാം മിനിറ്റില്‍ നര്‍സാറിക്ക് പകരക്കാരനായി സികെ വിനീത് കളത്തിലേക്ക്. കൊണ്ടും കൊടുത്തുമായിരുന്നു രണ്ടാം പകുതി മുന്നേറിയത്. ആദ്യപകുതിയില്‍ നിന്ന് വിപരീതമായി കൂടുതല്‍ ഒത്തിണക്കത്തോടെയാണ് മുംബൈ കളി മെനഞ്ഞത്. ബോക്‌സിലേക്ക് പലകുറി പന്തെത്തിയെങ്കിലും ക്യാപ്റ്റന്‍ ജിങ്കന്‍ അടങ്ങിയ പ്രതിരോധ നിരയുടെ കാല്‍ക്കരുത്തില്‍ ഗോള്‍ മാത്രം മുംബൈയില്‍ നിന്ന് അകന്നുനിന്നു. ഇതിനിടയില്‍ പോപ്ലാറ്റ്‌നിക്കിനെ പിന്‍വലിച്ച ആരാധകരുടെ പ്രിയതാരം കറേജ് പെക്കുസണെയും ഡേവിഡ് ജെയിംസ് കളത്തിലിറക്കി.
65ാം മിനിറ്റില്‍ സ്റ്റോജനോവിക്കിന്റെ ഷോട്ട് മുംബൈ പോസ്റ്റിലുരസി പുറത്തേക്ക് പറന്നു. അതുവരെ ലഭിച്ച മികച്ച അവസരങ്ങളിലൊന്നായിരുന്നു അത്. അടുത്തത് മുംബൈ സൗവിക് ചക്രബര്‍ത്തിയുടെ ഊഴം. ബോക്‌സിന്റെ ഇടതുപാര്‍ശ്വത്തില്‍ നിന്ന് സൗവിക് തൊടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളിയെ മറികടന്നെങ്കിലും നേരിയ വ്യത്യാസത്തില്‍ മഞ്ഞക്കുപ്പായക്കാരുടെ രക്ഷപ്പെടല്‍. അവസാന സബ്സ്റ്റിറ്റിയൂഷനില്‍ കിസിറ്റോയ്ക്കും ജെയിംസ് അവസരം നല്‍കി.
ഒരു ഗോളിന്റെ ലീഡില്‍ നില്‍ക്കുമ്പോഴും പ്രതിരോധതാരങ്ങളെ ഇറക്കാതെ ആക്രമണം തുടരുന്നതിന്റെ സൂചനകളാണ് മൂന്ന് പകരക്കാരിലൂടെയും കോച്ച് നല്‍കിയത്. 81ാം മിനിറ്റില്‍ പെക്കൂസണ്‍ ബോക്‌സിലേക്ക് നീട്ടി നല്‍കിയ ത്രൂ ബോള്‍ കണക്ട് ചെയ്യുന്നതില്‍ സ്റ്റോജനോവിക് പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് ലീഡ് നേടാനാകുമായിരുന്നു. 90ാം മിനിറ്റ് പൂര്‍ത്തിയാക്കി അഞ്ച് മിനിറ്റ് കളി അധിക സമയത്തിലേക്ക്. ഗാലറികളില്‍ ആരാധകര്‍ ജയം ആഘോഷിച്ച് തുടങ്ങിയ വേളയില്‍ പകരക്കാരനായി ഇറങ്ങിയ ഭുമിച്ചിന്റെ ലോങ് റേഞ്ചര്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി ധീരജിനെ കാഴ്ചക്കാരനാക്കി ഗോള്‍ വല ചുംബിച്ചു.
കളിയുടെ മുഴുവന്‍ സമയവും വന്‍മതിലായി നിന്ന ധീരജ് സിങ് ആ ഒരു നിമിഷം മാത്രമാണ് നിസഹായനായത്. എങ്കിലും ബ്ലാസ്റ്റേഴ്‌സിന് തലയുയര്‍ത്തി തന്നെ മടങ്ങാം. മികച്ച കളി പുറത്തെടുത്തത് മാത്രമല്ല. ഈ സീസണില്‍ ഒരുപാട് ചെയ്യാനുണ്ടെന്ന സൂചനകള്‍ നല്‍കിയാണ് ജെയിംസും കൂട്ടരും മൈതാനം വിട്ടത്.
Next Story

RELATED STORIES

Share it