|    Nov 20 Tue, 2018 9:43 pm
FLASH NEWS
Home   >  Sports  >  Football  >  

പ്രീ സീസണ്‍ മല്‍സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലന്‍ഡിലേക്ക്

Published : 31st August 2018 | Posted By: jaleel mv


കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ അഞ്ചാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം തായ്‌ലന്റില്‍.21 ദിവസമാണ് തായ്‌ലന്റിലെ പരിശീലനം.നാളെ മുതല്‍ സെപ്തംബര്‍ 21 വരെയാണ് തായ്‌ലാന്റിലെ ഹുവാഹിനില്‍ ടീം പരിശീലനത്തിലേര്‍പ്പെടുക.
ഇവിടെ പ്രാദേശിക ക്ലബ്ബുകളുമായി ടീം അഞ്ചു സന്നാഹ മല്‍സരങ്ങള്‍ കളിക്കും. ഈ മാസം 18 മുതല്‍ രണ്ടാഴ്ച്ചയോളം കൊച്ചിയില്‍ പരിശീലനം നടത്തി തായ്‌ലാന്റിലേക്ക് പോവാനായിരുന്നു ടീം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്രളയം കാരണം ഇത് നടന്നില്ല. തുടര്‍ന്ന് അഹമ്മദാബാദിലെ ട്രാന്‍സ്റ്റേഡിയയില്‍ തന്നെ ടീം പരിശീലനം തുടരുകയായിരുന്നു. നേരത്തെ ലാലിഗ പ്രീസീസണ്‍ ടൂര്‍ണമെന്റിന് മുമ്പും അഹമ്മദാബാദിലായിരുന്നു ടീമിന്റെ ഒരുക്കം. ഐഎസ്എല്‍ മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്‌സ് തായ്‌ലാന്റില്‍ മുന്നൊരുക്കം നടത്തിയിരുന്നു. സ്റ്റീവ് കൊപ്പല്‍ പരിശീലിപ്പിച്ച അത്തെ ബ്ലാസ്റ്റേഴ്‌സ് ടീം സീസണില്‍ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു. ബിഗ്ബാങ് ചുല യുനൈറ്റഡ്, ബാങ്കോക്ക് യുനൈറ്റഡ്, സതേണ്‍ സമിറ്റി എന്നീ ക്ലബ്ബുകളുമായി അന്നു കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു മല്‍സരത്തിലാണ് വിജയിച്ചത്. മറ്റു രണ്ടു മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇത്തവണ ഏതു ടീമുകളുമായാണ് കളിക്കുന്നതെന്ന കാര്യം മാനേജ്‌മെന്റ് പുറത്തു വിട്ടിട്ടില്ല. കൊച്ചി ആതിഥ്യം വഹിച്ച ലാലിഗ വേള്‍ഡില്‍ മികച്ച ക്ലബ്ബുകളുമായി കളിക്കാന്‍ കഴിഞ്ഞത് നേട്ടമാവുമെന്നാണ് ടീമിന്റെ കണക്കൂകുട്ടല്‍. വിദേശ താരങ്ങളെ ടീമില്‍ എത്തിക്കുന്ന നടപടി പൂര്‍ത്തിയാക്കിയാണ് ടീം അവസാന വട്ട പരിശീലനത്തിന് പറക്കുന്നത്.
11 മലയാളികള്‍ താരങ്ങള്‍ അടങ്ങിയ ടീമില്‍ ഏഴു വിദേശ താരങ്ങളുണ്ട്. മധ്യനിര താരങ്ങളായ കെസിറോണ്‍ കിസീറ്റോയും കറേജ് പെക്കൂസണും മികച്ച പ്രകടനം നടത്തിയെങ്കിലും ഒരു ജനറല്‍ മിഡ്ഫീല്‍ഡറുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. ഇതേ തുടര്‍ന്നാണ് ക്രച്മറേവിച്ചിനെ മാനേജ്‌മെന്റ് ടീമിലെത്തിച്ചത്. 26 കാരനായ താരം വിവിധ ക്ലബ്ബുകള്‍ക്കായും സെര്‍ബിയയുടെ അണ്ടര്‍21, 19 ടീമുകള്‍ക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്. ഇദ്ദേഹത്തെ കൂടാതെ സെര്‍ബിയയുടെ രണ്ടു താരങ്ങള്‍ കൂടി ടീമിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss