|    Dec 16 Sun, 2018 8:05 am
FLASH NEWS
Home   >  Sports  >  Football  >  

‘എവേ’ അപരാജിതം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് പൂനെ തട്ടകത്തില്‍

Published : 2nd November 2018 | Posted By: jaleel mv


പൂനെ: അവസാനനിമിഷത്തില്‍ കൈവിട്ടു പോകുന്ന വിജയത്തെ തേടിപ്പിടിച്ച് കുപ്പിയിലടയ്ക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പൂനെയില്‍. സീസണില്‍ വിജയത്തിന്റെ രുചി അറിയാന്‍ കാത്തിരിക്കുന്ന പൂനെയ്ക്ക് തങ്ങളുടെ കൂടാരത്തിലേക്ക് കയറി വന്ന കൊമ്പന്‍മാരെ തളയ്ക്കാന്‍ ഇന്ന് പുതിയ തന്ത്രങ്ങള്‍ മെനയണം. കാരണം മുന്‍കാല കണക്കുകള്‍ എടുത്ത് പരിശോധിക്കുമ്പോഴെല്ലാം ബ്ലാസ്‌റ്റേഴ്‌സിന് തന്നെയാണ് വ്യക്തമായ മുന്‍തൂക്കം.
സീസണില്‍ നിരാശാജനകമായ പ്രകടനത്തിലൂടെ പോയിന്റ് പട്ടികയുടെ അടുത്തട്ടില്‍ അടിഞ്ഞു കിടക്കുകയാണ് പൂനെ. ലീഗ് മല്‍സരങ്ങളില്‍ വ്യക്തമായ സ്ഥാനം ഉറപ്പിക്കാന്‍ ഇനി വൈകിപ്പിച്ച് കൂടായെന്ന ചിന്തയിലായിരിക്കും ഇരുടീമുകളും ഇന്ന് പന്ത് തട്ടാന്‍ ബൂട്ടണിയുന്നത്. മുമ്പ് എട്ട് തവണ കൊമ്പന്‍മാരുമായി കോര്‍ത്തപ്പോള്‍ അഞ്ച് തവണ പരാജയം രുചിക്കേണ്ടി വന്നിട്ടുണ്ട് പൂനെയ്ക്ക്. ഒരിക്കല്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. രണ്ട് വട്ടം സമനിലയും. അല്‍ഫാറോയും മാര്‍സെലീനോയും കിണഞ്ഞ് പരിശ്രമിച്ചിട്ടും വിജയിക്കാനാവാത്ത പൂനെയെ പരാജയപ്പെടുത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഏത് ലൈനപ്പ് ഇറക്കുമെന്ന് വ്യക്തമല്ല. എന്നാലും ആദ്യ ഇലവനില്‍ തന്നെ മലയാളി താരം അനസ് എടത്തൊടിക, സിറിള്‍ കാലി എന്നിവരെ കൂടി ഇറക്കി പ്രതിരോധം ശക്്തമാക്കും. തലവേദന സൃഷ്ടിക്കുന്ന മധ്യനിരയില്‍ വ്യക്തമായ ഹോംവര്‍ക്ക് നടത്തി യുവതാരങ്ങളെ ഇറക്കിയാല്‍ വിജയത്തിന്റെ നെടുംതൂണായി ഇവര്‍ മാറുമെന്നുറപ്പ്. എന്നാല്‍ സഹല്‍, നര്‍സാരി, ദൗംഗല്‍, പെക്കു, കിസിറ്റോ, ക്രമറോവിച് എന്നിവരില്‍ ആദ്യ ഇലവനില്‍ ആരെന്നുളളതിനെക്കുറിച്ച് ജെയിംസ് ഇതുവരെ മനസ് തുറന്നിട്ടില്ല.പതിവുപോലെ പോപ്‌ലാറ്റ്‌നിക്, സ്‌റ്റോജനോവിക് എന്നിവരോടൊപ്പം കോച്ചിന്റെ ഇഷ്്ടതാരം വിനീതിനെയും വിന്യസിച്ചായിരിക്കും ആക്രമണം നടത്തുക.
ഇനി സമനില ആവര്‍ത്തിച്ചാല്‍ ആപത്താണെന്ന മുന്നറിയിപ്പ് കോച്ച് നല്‍കുന്നതോടൊപ്പം പൂനെയെ പിടിച്ചുകെട്ടാന്‍ പുതിയ തന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. അവരുടെ ആക്രമണതാരങ്ങളായ മാര്‍സലീഞ്ഞോ, അല്‍ഫാറോ എന്നിവരോടൊപ്പം മലയാൡതാരം ആഷിഖ് കരുണിയനും ബ്ലാസ്‌റ്റേഴ്‌സിനെതിരെ ബൂട്ടണിയും. ഈ സീസണില്‍ എവേ മാച്ചുകളില്‍ തിളങ്ങുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇനിയങ്ങോട്ട് വമ്പന്‍മാരുമായുളള കളികളാണ്. അതുകൊണ്ട് തന്നെ ദുര്‍ബലരെ മികച്ച മാര്‍ജിനില്‍ കീഴ്്‌പ്പെടുത്തിയാല്‍ അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ ഫോട്ടോഫിനിഷിങ്ങിലേക്ക് നീങ്ങുന്ന പതിവുശൈലി ഒഴിവാക്കാനാകും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss