|    Nov 13 Tue, 2018 3:42 am
FLASH NEWS
Home   >  Sports  >  Football  >  

സമനില തെറ്റിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരുവിനെതിരേ

Published : 5th November 2018 | Posted By: jaleel mv


കൊച്ചി: കടുത്ത ആരാധകര്‍ വരെ മടുത്തിരിക്കുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഈ സമനില കളി. അവസാനം കളിച്ച നാല് മല്‍സരത്തിലും ജയം നേടാനായില്ല. ആ സമനിലപ്പൂട്ട് പൊട്ടിച്ച് മിന്നും ജയവുമായി പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. എതിരാളികള്‍ കരുത്തരായ ബംഗളൂരു എഫ്‌സി. മികച്ച ഫോമില്‍ കളിക്കുന്ന ബംഗളൂരുവിന് ഇന്ന് ജയിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനതെത്താം. വൈകിട്ട് 7.30ന് കൊച്ചിയിലാണ് കിക്കോഫ്.
ഐഎസ്എല്‍ അഞ്ചാം പതിപ്പില്‍ തോല്‍വിയറിയാതെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. മറുവശം പരിശോധിക്കുകയാണെങ്കില്‍ ഒരു ജയം മാത്രമാണ് അക്കൗണ്ടിലുള്ളത്. ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്തയെ അവരുടെ മണ്ണില്‍ തോല്‍പിച്ചതൊഴിച്ചാല്‍ പിന്നീട് കളിച്ച മല്‍സരങ്ങളെല്ലാം സമനില. അവസാന മല്‍സരം പൂനെ സിറ്റി എഫ്‌സിക്കെതിരെ അവരുടെ നാട്ടിലായിരുന്നു. റഫറിയിങിലെ പോരായ്മകളാണ് മഞ്ഞപ്പടയ്ക്ക് ഇവിടെ ജയം നിഷേധിച്ചത്. രണ്ട് ഗോളിന് പിന്നില്‍ നിന്നതിന് ശേഷം രണ്ട് ഗോള്‍ തിരികെ അടിച്ച് ജയത്തിന് അരികെ എത്തിയ ബ്ലാസ്റ്റേഴ്‌സിന് അര്‍ഹതപ്പെട്ട പെനല്‍റ്റി നിഷേധിച്ച് റഫറിയാണ് തോല്‍വിയിലേക്ക് തള്ളിയിട്ടത്. കോച്ച് ഡേവിഡ് ജെയിംസിനടക്കം ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയാണുള്ളത്.
എങ്കിലും ഇന്ന് കൊച്ചിയിലിറങ്ങുമ്പോള്‍ മുന്നിലുള്ള ലക്ഷ്യം ജയം മാത്രം. നിലവില്‍ പരിക്കുകളോ മറ്റ് പ്രശ്‌നങ്ങളോ ടീമിനില്ല. പ്രതിരോധനിരയിലേക്ക് അനസ് മടങ്ങിയെത്തുമെന്ന സൂചനകളാണ് ടീം ക്യാംപില്‍ നിന്ന് ലഭിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രതിരോധം കൂടുതല്‍ ശക്തമാകും.
ഇടവേളയ്ക്ക് ശേഷം സികെ വിനീത് ഗോള്‍ കണ്ടെത്തിയത് ആശ്വാസകരമാണ്. കഴിഞ്ഞ കളയില്‍ നിന്ന് കാര്യമായ മാറ്റങ്ങളുണ്ടാകുവാനും സാധ്യത കുറവാണ്. മുന്നേറ്റ നിരയില്‍ പെപ്ലാറ്റ്‌നികും സ്റ്റേജോനോവികും ഇറങ്ങിയേക്കും. മധ്യനിരയില്‍ സികെ വിനീതിനൊപ്പം സൈമണ്‍ ദൗംഗല്‍ കളിക്കുമ്പോള്‍ സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിര കരുത്തുറ്റത് തന്നെ.
ബംഗളൂരു എന്നും കരുത്തര്‍ തന്നെ
ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ബംഗളൂരു എഫ്‌സി ഏറ്റവും കൂടുതല്‍ സ്ഥിരത പുലര്‍ത്തുന്ന ടീമാണ്. എതിരാളികളുടെ മേല്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി വിജയിച്ചു കയറുന്ന ടീം. ഈ സീസണില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. നാല് കളികളില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമടക്കം പത്ത് പോയിന്റ് അവര്‍ക്കുണ്ട്. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ബംഗളൂരു.
ഇന്ന് ജയിക്കുകയാണെങ്കില്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്തെത്താം. സന്തുലിതമായ ടീമാണ് ബംഗളൂരു. മുന്നേറ്റ നിരയും പ്രതിരോധ നിരയും ഒരുപോലെ കരുത്തര്‍. മികച്ച ഫോമില്‍ കളിക്കുന്ന മിക്കുവിലാണ് ടീമിന്റെ പ്രതീക്ഷകള്‍. ഏത് നിമിഷവും ഗോള്‍ വല കുലുക്കുവാന്‍ പോന്ന സുനില്‍ ചേത്രിയും ടീമിന് മുതല്‍ക്കൂട്ടാണ്.
അവസാന കളിയില്‍ കൊല്‍ക്കത്തയെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസംകൂടി ചേരുമ്പോള്‍ ബംഗളൂരുവിന് ഇരട്ടി ശക്തിയാകും. കഴിഞ്ഞ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ബ്ലാസ്റ്റേഴിനെ തോല്‍പ്പിക്കാന്‍ ബംഗളൂരുവിനായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss