|    Dec 17 Mon, 2018 7:03 am
FLASH NEWS
Home   >  National   >  

കഠ്‌വ ബലാല്‍സംഗക്കൊല: അഭിഭാഷക ദീപികാ സിങിനെ മാറ്റി

Published : 15th November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച കഠ്‌വ കൂട്ടബലാല്‍സംഗക്കൊലക്കേസിലെ ഇരയ്ക്കു വേണ്ടി വാദിച്ച അഭിഭാഷക ദീപിക സിങ് രജാവതിനെ മാറ്റി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് യൂസുഫ് പത്താന്‍കോട്ട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി.
കേസിലെ മുഖ്യപരാതിക്കാരന്‍ കൂടിയാണ് മുഹമ്മദ് യൂസുഫ്. പത്താന്‍കോട്ട് സെഷന്‍ കോടതിയില്‍ നടക്കുന്ന കേസില്‍ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ 110 തവണ ഹിയറിങ് നടന്നതില്‍ രണ്ടുതവണ മാത്രമാണ് ദീപിക ഹാജരായതെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. വധഭീഷണിയുള്ളതിനാല്‍ കേസില്‍ ഹാജരാവാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ കേസ് വാദിക്കുന്നതില്‍ നിന്നു ദീപികയെ നീക്കണമെന്നുമാണ് പിതാവ് സത്യവാങ്മൂലം നല്‍കിയിരുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ എസ് എസ് ബസ്ര, ജദഗീശ്വര്‍കുമാര്‍ ചോപ്ര, അഭിഭാഷകരായ കെ കെ പുരി, മുബീന്‍ ഫാറൂഖി, ഹര്‍ഭജന്‍ സിങ് എന്നിവരുടെ സേവനത്തില്‍ പൂര്‍ണസംതൃപ്തിയുണ്ടെന്നും ഇനിമുതല്‍ ദീപിക സിങ് രജാവത് തന്റെ അഭിഭാഷകയല്ലെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്. ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തില്‍ ചുണ്ടൊപ്പിനു താഴെയായി നല്‍കിയ പേരില്‍ മുഹമ്മദ് എന്നതിനു ശേഷം ടൈപ് ചെയ്തത് തിരുത്തി പേന കൊണ്ടാണ് യൂസുഫ് എന്ന് എഴുതിയതെന്നതു ശ്രദ്ധേയമാണ്.

കഠ്‌വ കൊലപാതകം പുറത്തറിഞ്ഞ ശേഷം അഭിഭാഷകയായ ദീപിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ദീപിക സിങ് ഈ കേസില്‍ ചേര്‍ന്നില്ലെങ്കില്‍ ഇരകള്‍ക്ക് നീതി ലഭിക്കുമായിരുന്നില്ലെന്ന് പ്രശസ്ത ഹോളിവുഡ് താരം എമ്മ വാട്‌സണ്‍ ട്വിറ്ററില്‍ കുറിക്കുക വരെ ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ത്യന്‍ വ്യാപാരികളുടെ സംഘടനയായ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ലേഡീസ് വിങിന്റെ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ദീപികയ്ക്ക് ലഭിച്ചിരുന്നു. പത്താന്‍കോട്ടില്‍ തനിക്കു വധഭീഷണിയുണ്ടെന്നു ദീപിക രാജാവത്ത് നേരത്തേ മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കണമെന്നു ദീപികയോട് ആവശ്യപ്പെട്ടതായി ദീപികയുടെ അഭിഭാഷകന്‍ ദീപിക പര്‍വേസ് പറഞ്ഞു. നേരത്തേ ജമ്മു കശ്മീരില്‍ നിന്നു കേസ് സുപ്രിംകോടതി പത്താന്‍കോട്ടിലേക്കു മാറ്റിയപ്പോള്‍ അതിനെ വിജയമായാണ് ദീപിക ചൂണ്ടിക്കാട്ടിയിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss