Flash News

കേരളത്തില്‍ നിന്നുള്ള പുരോഹിതന്‍ പീഡിപ്പിക്കുന്നുവെന്ന് പരാതി, കശ്മീരിലെ അനധികൃത അനാഥാലയത്തില്‍ നിന്ന് 19 കുട്ടികളെ രക്ഷപ്പെടുത്തി

കേരളത്തില്‍ നിന്നുള്ള പുരോഹിതന്‍ പീഡിപ്പിക്കുന്നുവെന്ന് പരാതി, കശ്മീരിലെ അനധികൃത അനാഥാലയത്തില്‍ നിന്ന് 19 കുട്ടികളെ രക്ഷപ്പെടുത്തി
X


ജമ്മു: ജമ്മുകശ്മീരിലെ കത്വ ജില്ലയിലെ അനധികൃത അനാഥാലയത്തില്‍ നിന്നു 19 കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി. ഇവരില്‍ എട്ടുപേര്‍ പെണ്‍കുട്ടികളാണ്. സംഭവത്തില്‍ മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്തു. ജില്ലാ ഭരണകൂടവും പോലിസും നടത്തിയ റെയിഡിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. അനാഥാലയത്തില്‍ കേരളത്തില്‍ നിന്നുള്ള പുരോഹിതന്‍ തങ്ങളെ പീഡിപ്പിക്കുന്നുവെന്ന് ചില കുട്ടികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് റെയിഡ് നടന്നത്.
ആന്റണിതോമസ് എന്ന ആളെയാണ് പോലിസ് അറസ്റ്റു ചെയ്തത്. പോസ്‌കോ നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് തോമസ് പറഞ്ഞത്. 21 കുട്ടികളാണ് അനാഥാലയത്തില്‍ ഉണ്ടായിരുന്നതെന്നും അതില്‍ രണ്ട് പേര്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബിലെ പത്താന്‍കോട്ടേക്ക് പോയതാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടുത്തിയ അഞ്ചിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ സര്‍ക്കാര്‍ ഉടമയിലുള്ള ബാല ആശ്രമത്തിലേക്കും നാരിനികേതനിലേക്കും മാറ്റി. പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മു എന്നിവിടങ്ങളിലുള്ളവരാണ് കുട്ടികളെന്ന് കത്വ എസ്എസ്പി ശ്രീധര്‍ പാട്ടില്‍ അറിയിച്ചു.
അനാഥാലയം വളരെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയാണ്. സര്‍ക്കാര്‍ ഇതര സംഘടനയുമായി അനാഥാലയത്തെ നേരത്തെ ബന്ധിപ്പിച്ചിരുന്നു. ഏതാനും ദിവസം മുമ്പാണ് ബന്ധം വേര്‍പ്പെടുത്തിയത്.
അനാഥാലയത്തില്‍ നിന്ന് ചില സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
പുരോഹിതന്റെ ഭാര്യ പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിലേക്ക് പോയിരിക്കുകയാണെന്ന് പോലിസ് പറഞ്ഞു. കത്വ ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് റെയിഡ് നടന്നതെന്ന് കത്വ അസിസ്റ്റന്റ് റവന്യൂ കമ്മീഷണര്‍ ജിതേന്ദ്രമിശ്ര അറിയിച്ചു. രക്ഷപ്പെടുത്തിയ കുട്ടികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെടാന്‍ പോലിസ് ശ്രമിച്ചുവരികയാണ്. അനാഥാലയം നടത്താന്‍ ആവശ്യമായ രേഖകളൊന്നും ഹാജരാക്കാന്‍ തോമസിന് കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it