|    Jan 19 Thu, 2017 12:11 pm
FLASH NEWS

കശ്മീര്‍: ഹിംസയുടെ താഴ്‌വര

Published : 15th September 2015 | Posted By: admin

1992 ജൂണില്‍ ഹജ്ജ് പെരുന്നാള്‍ ദിനത്തിന്റെ തലേന്ന് കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ലോലിപുര റോഡില്‍ ഒരു സൈനിക വാഹനം കടന്നുപോവുന്നതിനിടെ സ്‌ഫോടനമുണ്ടായി. ആര്‍മിയുടെ ഒരു വന്‍ സംഘം സ്ഥലത്തെത്തുകയും വെടിവയ്പു നടത്തുകയും ചെയ്തു.

ആ വെടിവയ്പില്‍ ഒരു 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. സംഭവം നടക്കുമ്പോള്‍ സമീപത്തെ തന്റെ പാടത്തു ജോലിയിലായിരുന്നു 35കാരനായ അബ്ദുര്‍റഹ്മാന്‍ ഗനി. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ അബ്ദുര്‍റഹ്മാന്‍ തന്റെ പശുക്കളുടെ കൂരയ്ക്കു മീതെ പുല്ലു പാകുമ്പോഴാണ് ഒരു സൈനിക സംഘം വീട്ടിലെത്തുന്നത്.

സംഘത്തോടൊപ്പമുണ്ടായിരുന്ന അള്‍സേഷ്യന്‍ നായ അബ്ദുര്‍റഹ്മാന്റെ ഇളയ സഹോദരനായ മുഹമ്മദ് റംസാന്‍ ഗനിയുടെ വലതുകൈയില്‍ കടിച്ചു. റംസാന് പരിചയമുള്ള ഒരു സുഹൃത്ത് നേരത്തെ നടന്ന സ്‌ഫോടനത്തിനു പിറകില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് റംസാന്‍, അബ്ദുര്‍റഹ്മാന്റെ മറ്റൊരു സഹോദരനായ ഗുലാം മുഹമ്മദ്, മരുമകന്‍ ഷബീര്‍ അഹ്മദ് എന്നിവരെ മാറ്റിനിര്‍ത്തി. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോള്‍ അബ്ദുര്‍റഹ്മാന്‍ പശുത്തൊഴുത്തിനു മുകളില്‍ തന്നെയായിരുന്നു. സൈന്യം അബ്ദുര്‍റഹ്മാനെ കണ്ടതിനു ശേഷം അദ്ദേഹത്തെയും വിളിപ്പിച്ചു.

പിന്നീട് ഷബീറിനെ ഒഴിവാക്കി സഹോദരങ്ങളായ മൂന്നു പേരെയും കൊണ്ട് സൈന്യം വീട്ടിനകത്തു പ്രവേശിച്ചു.  തുടര്‍ന്ന് ചോദ്യം ചെയ്യല്‍. വൈദ്യുതി ഷോക്കടിപ്പിക്കലും വെള്ളം നിറച്ച ബക്കറ്റില്‍ മുക്കലുമടക്കമുള്ള പീഡനങ്ങള്‍. ഏഴു മണിയോടെ ആരംഭിച്ച മര്‍ദ്ദനങ്ങള്‍ മണിക്കൂറുകള്‍ നീണ്ടു. ആ രാത്രി തന്നെ മൂവരെയും ബത്‌പോറ സൈനിക ക്യാംപിലേക്കു കൊണ്ടുപോയി. കുടുംബാംഗങ്ങള്‍ പിറ്റേന്ന് അവരെ അന്വേഷിച്ച് മറ്റൊരു സൈനിക ക്യാംപിലേക്കു പോയി.

അവിടെ നിന്നു തങ്ങള്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് അബ്ദുര്‍റഹ്മാന്റെ ഭാര്യ ആയിഷാബീഗം പഠാനിലെ തന്റെ കുടുംബവീട്ടിലേക്കു തിരിച്ചു. വഴിയില്‍ ഒരു സൈനിക വാഹനം പോലിസ് സ്‌റ്റേഷന്‍ പരിസരത്തു പ്രവേശിക്കുന്നത് കണ്ട അവര്‍ പിതാവ് ഗുലാം മുഹ്‌യിദ്ദീനോട് തന്റെ ഭര്‍ത്താവിനെയും സഹോദരങ്ങളെയും കുറിച്ച് അവിടെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു.

പോലിസ് സ്‌റ്റേഷനില്‍ അന്വേഷിച്ച മുഹ്‌യിദ്ദീനു ലഭിച്ച വിവരം, മകളുടെ ഭര്‍ത്താവ് സൈന്യത്തിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയായിരുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയില്‍ സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍ (ബി.എസ്.എഫ്., സി.ആര്‍.പി.എഫ്.), ജമ്മു-കശ്മീര്‍ പോലിസ്, സര്‍ക്കാര്‍ പിന്തുണയുള്ള സായുധസംഘങ്ങള്‍ (ഇഖ്‌വാന്‍, മുസ്‌ലിം മുജാഹിദീന്‍) എന്നീ വിഭാഗങ്ങള്‍ ജമ്മു-കശ്മീരില്‍ നടപ്പാക്കിയ ഭരണകൂട ഭീകരതയുടെ ഒരു ഉദാഹരണം മാത്രമാണ് അബ്ദുര്‍റഹ്മാന്‍ ഗനിയുടെ കഥ. ഇതുപോലുള്ള നൂറുകണക്കിനു സംഭവങ്ങളെക്കുറിച്ചുള്ള  പുതിയ പഠന റിപോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നു.

മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള കശ്മീരിലെ അന്തര്‍ദേശീയ ജനകീയ ട്രൈബ്യൂണല്‍ (ഐ.പി.ടി.കെ.), അപ്രത്യക്ഷരാക്കപ്പെട്ട വ്യക്തികളുടെ രക്ഷിതാക്കളുടെ അസോസിയേഷന്‍ (എ.പി.ഡി.പി.) എന്നീ മനുഷ്യാവകാശ സംഘടനകളാണ് “ഹിംസയുടെ ഘടനകള്‍: ജമ്മു-കശ്മീരിലെ ഇന്ത്യന്‍ ഭരണകൂടം’ എന്നു പേരിട്ടിരിക്കുന്ന പുതിയ റിപോര്‍ട്ട് പുറത്തുകൊണ്ടുവരാനായി പ്രവര്‍ത്തിച്ചത്. രണ്ടു വര്‍ഷത്തിലേറെ നീണ്ട പ്രയത്‌നത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായി പുറത്തുവന്ന 800 പേജുള്ള റിപോര്‍ട്ട്, ഇന്ത്യയുടെ കശ്മീര്‍ നയത്തെയും അതിന്റെ നൈതിക-ധാര്‍മിക വശങ്ങളെയും കുറിച്ച് ഗൗരവമുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും നീതിന്യായവ്യവസ്ഥയുടെയും വലിയ പരാജയങ്ങളില്‍ ഒന്നാണ് കശ്മീര്‍ എന്ന് റിപോര്‍ട്ട് വായിക്കുന്ന ആര്‍ക്കും സമ്മതിക്കേണ്ടിവരും. ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍ കശ്മീരില്‍ ചെയ്യുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് പുറത്തുവരുന്ന ആദ്യത്തെ റിപോര്‍ട്ടല്ല ഇപ്പോഴത്തേത്.  ഈ അന്വേഷണ റിപോര്‍ട്ടിനു വേണ്ടി മുന്‍കൈയെടുത്ത കശ്മീരി സംഘടനകള്‍ തന്നെ ഇതിനു മുമ്പും താഴ്‌വരയിലെ ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ചിത്രം വസ്തുതകളുടെ അടിസ്ഥാനത്തില്‍ പുറംലോകത്തെ അറിയിച്ചിട്ടുണ്ട്.

കൂട്ടമായി മറവു ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ മൂവായിരത്തോളം അജ്ഞാത കുഴിമാടങ്ങളെക്കുറിച്ചുള്ള, 2009ല്‍ പുറത്തുവന്ന “കുഴിച്ചുമൂടപ്പെട്ട തെളിവുകള്‍, നൂറിലേറെ കൊലപാതകങ്ങളെയും കാണാതാവലുകളെയും പീഡനങ്ങളെയും ബലാല്‍സംഗങ്ങളെയും അതിനു കാരണക്കാരായ 500 ഉദ്യോഗസ്ഥരെയും കുറിച്ചു വിവരിക്കുന്ന 2012ല്‍ പുറത്തുവന്ന “ആരോപിതരായ ആക്രമണകാരികള്‍’ എന്നീ റിപോര്‍ട്ടുകള്‍ അവയില്‍ പ്രധാനമാണ്.

എന്നാല്‍, ഇപ്പോഴത്തെ റിപോര്‍ട്ടിന്റെ പ്രസക്തി, അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതുപോലെ, കശ്മീരില്‍ ഭരണകൂടം നടപ്പാക്കുന്ന കൊലപാതകങ്ങളും ലൈംഗികപീഡനങ്ങളും അടക്കമുള്ള ഹിംസയുടെ രീതിശാസ്ത്രം മനസ്സിലാക്കാന്‍ ഇതു നമ്മെ വലിയ തോതില്‍ സഹായിക്കുമെന്നതാണ്.

ഓരോ കുറ്റകൃത്യത്തിനു പിറകിലും പ്രത്യേക സൈനികരെയോ ഓഫിസര്‍മാരെയോ കുറ്റക്കാരാണെന്നു കാണാമെങ്കിലും ഇവരെ നിയന്ത്രിക്കാനും കുറ്റകൃത്യം തടയാനും അധികാരമുള്ള ഉന്നത ഓഫിസര്‍മാരെ ഇതിന്റെ കൂട്ടുത്തരവാദിത്തത്തില്‍ നിന്നു മാറ്റിനിര്‍ത്താനാവില്ലെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സൈന്യത്തിന്റെ ഘടനയെയും അന്തര്‍ദേശീയ നിയമങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് റിപോര്‍ട്ട്  ഈ വാദമുന്നയിക്കുന്നത്.

സാര്‍വദേശീയ നിയമങ്ങള്‍ പ്രകാരം യുദ്ധക്കുറ്റത്തിന്റെയും വംശഹത്യയുടെയും വരെ പരിധിയില്‍പ്പെടുന്ന കുറ്റങ്ങള്‍ ഭരണകൂടം കശ്മീരില്‍ ചെയ്തിട്ടുണ്ടെന്ന് റിപോര്‍ട്ട് ആരോപിക്കുന്നു. റിപോര്‍ട്ട് ചര്‍ച്ച ചെയ്യുന്ന മറ്റൊരു പ്രധാന സംഗതി, സൈന്യത്തിനകത്തെ ആന്തരിക നീതിന്യായ സംവിധാനം അഥവാ കോര്‍ട്ട് മാര്‍ഷലുകളാണ്. രൂക്ഷമായ വിമര്‍ശനങ്ങളാണ് ഈ സംവിധാനത്തിനെതിരേ റിപോര്‍ട്ടിലുള്ളത്.

സൈനിക അതിക്രമങ്ങളുടെ ഇരകളായ സാധാരണക്കാര്‍ക്കു നീതി ഉറപ്പാക്കുന്നതിനു പകരം, സിവിലിയന്‍ നീതിന്യായ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള അത്തരം ശ്രമങ്ങള്‍ക്ക് തുരങ്കംവയ്ക്കാനാണ് കോര്‍ട്ട് മാര്‍ഷലുകള്‍ ഉപയോഗിക്കപ്പെടുന്നതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അനന്ത്‌നാഗ് ജില്ലയിലെ പത്രിബാലില്‍ അഞ്ചു നിരപരാധികളുടെ ജീവന്‍ അപഹരിക്കപ്പെട്ട 2000ലെ കുപ്രസിദ്ധമായ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഇതിനു ഉദാഹരണമാണ്.

സി.ബി.ഐ. അന്വേഷണത്തില്‍ സൈനിക ഉദ്യോഗസ്ഥരുടെ ക്രൂരത തെളിയിക്കപ്പെട്ടെങ്കിലും, സാധാരണ ക്രിമിനല്‍ കോടതിയില്‍ കേസ് തുടര്‍ന്നുകൊണ്ടുപോകുന്നതിനെ എതിര്‍ത്ത സൈന്യം പകരം കോര്‍ട്ട് മാര്‍ഷല്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തെളിവ് ഇല്ലാത്തതിന്റെ പേരില്‍ ആര്‍മി അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലും മനുഷ്യാവകാശസമിതിയിലും സമര്‍പ്പിക്കപ്പെട്ട വ്യത്യസ്ത റിപോര്‍ട്ടുകള്‍, ഗൗരവമുള്ള കുറ്റകൃത്യങ്ങളുടെ വിചാരണകള്‍ക്ക് സൈനിക കോടതികളെ ചുമതലപ്പെടുത്തുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്നവയായിരുന്നു എന്ന് ഇവിടെ ഓര്‍മിക്കുന്നതു നന്നാവും.രണ്ടരപതിറ്റാണ്ടിനിടയില്‍ 8000ലധികം പേര്‍ അപ്രത്യക്ഷരാക്കപ്പെടുകയും 70,000ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത കശ്മീരില്‍, ആറായിരത്തിലധികം പേരുടെ അജ്ഞാത കുഴിമാടങ്ങളുണ്ട്. 1,080 കൊലപാതകങ്ങളുടെയും 172 പേരുടെ കാണാതാവലുകളുടെയും വിവരങ്ങള്‍ റിപോര്‍ട്ടില്‍ ഇടംപിടിച്ചിരിക്കുന്നു. ശാരീരിക പീഡനങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും നിരവധി അനുഭവങ്ങളും റിപോര്‍ട്ട് ചര്‍ച്ചചെയ്യുന്നു.               (അവസാനിക്കുന്നില്ല.)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക