|    Dec 19 Wed, 2018 11:20 am
FLASH NEWS
Home   >  Dont Miss   >  

കാസ്ഗഞ്ച് കലാപം: പോലിസ് മുസ്ലിംകളെ കുടുക്കുകയും ഹിന്ദുക്കളെ സംരക്ഷിക്കുകയും ചെയ്തുവെന്ന് സ്വതന്ത്ര അന്വേഷണം

Published : 30th August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തില്‍ പോലിസ് തികഞ്ഞ പക്ഷപാതിത്വത്തോടെ പെരുമാറിയെന്ന് സ്വതന്ത്ര അന്വേഷണ റിപോര്‍ട്ട്. കേസില്‍ ഉള്‍പ്പെട്ട ഹിന്ദുക്കളെ സംരക്ഷിക്കുകയും മുസ്്‌ലിംകളെ കുടുക്കുകയും ചെയ്തതായി റിപോര്‍ട്ട് ആരോപിക്കുന്നു.

കാസ്ഗഞ്ചിലെ സത്യം: തെറ്റായ പോലിസ് അന്വേഷണം ഹിന്ദുക്കളെ സംരക്ഷിച്ചു, മുസ്്‌ലിംകളെ കുരുക്കി’- എന്ന തലക്കെട്ടിലുള്ള 21 പേജുള്ള റിപോര്‍ട്ട് പൂര്‍ണമായും പോലിസ് രേഖകള്‍, എഫ്‌ഐആറുകള്‍, ജനറല്‍ ഡയറി എന്നിവയെ ആശ്രയിച്ചുള്ളതാണ്. റിപോര്‍ട്ട് ഇന്ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് പുറത്തുവിട്ടത്.

യാതൊരു തെളിവുകളുമില്ലാതെ കേസില്‍ മുസ്്‌ലിംകളെ പ്രതിചേര്‍ത്തതായും എന്നാല്‍, വ്യക്തമായ തെളിവുകളുണ്ടായിട്ടും ഹിന്ദുക്കളെ കേസില്‍ നിന്ന് ഒഴിവാക്കിയതായും റിപോര്‍ട്ടിന്റെ ചുരുക്കത്തില്‍ പറയുന്നു.

ഈ വര്‍ഷം ജനുവരി 26ന് കാസ്ഗഞ്ചില്‍ മുസ്്‌ലിംകള്‍ റിപബ്ലിക് ദിനം ആഘോഷിക്കവേയാണ് വര്‍ഗീയ സംഘര്‍ഷം ഉണ്ടായത്. മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ ഹമീദ് ചൗക്കില്‍ പ്രദേശവാസികള്‍ പതാക ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നതിനിടെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ കാവിക്കൊടികളും ആയുധങ്ങളുമായി ഇരച്ചുകയറുകയായിരുന്നു.

പ്രദേശവാസികള്‍ ഒരുമിച്ച് എതിര്‍ത്തതോടെ അക്രമികള്‍ പ്രദേശത്ത് നിന്ന് പിന്മാറുകയും മറ്റൊരു മുസ്്‌ലിം പ്രദേശത്ത് ചെന്ന് അക്രമം അഴിച്ചുവിടുകയുമായിരുന്നു. നിരവധി മുസ്്‌ലിംകളുടെ കടകള്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ ഒരു ഹിന്ദു യുവാവ് വെടിയേറ്റു കൊല്ലപ്പെടുകയും മൂന്ന് മുസ്്‌ലിംകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പക്ഷപാതപരമായ അന്വേഷണം നടത്തിയ പോലിസ് ഹിന്ദു യാവാവിന്റെ കൊലയുമായി ബന്ധപ്പെട്ട് 28 മുസ്്‌ലിംകളെ അറസ്റ്റ് ചെയ്തു. ബിസിനസുകാരായ മൂന്ന് സഹോദരങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍പ്പെടുന്നു. അറസ്റ്റ് ചെയ്ത് ആറ് മാസത്തിന് ശേഷം കഴിഞ്ഞയാഴ്ച്ച അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ഇവര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും മോചിപ്പിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ഇവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം(എന്‍എസ്എ) ചുമത്തുകയായിരുന്നു. ഇവരുടെ മോചനം തടയുകയായിരുന്നു ലക്ഷ്യം.

തുടക്കം മുതല്‍ അന്വേഷണത്തില്‍ പോലിസിന്റെ കളികള്‍ വ്യക്തമായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഒരു എഫ്‌ഐആറിന് പകരം രണ്ട് എഫ്‌ഐആറുകളാണ് കേസില്‍ രജിസ്റ്റര്‍ ചെയ്തത്. ഒരൊറ്റ അക്രമ സംഭവമാണ് നടന്നതെന്നതിനാല്‍ ഒരു എഫ്‌ഐആര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി-ന്യൂയോര്‍ക്ക്, സിറ്റീസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ്-മുംബൈ, ഇന്ത്യന്‍ അമേരിക്കന്‍ മുസ്്‌ലിം കൗണ്‍സില്‍-വാഷിങ്ടണ്‍ ഡിസി, പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്-ന്യൂഡല്‍ഹി, രിഹായി മഞ്ച്-ലഖ്‌നോ, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്-ലണ്ടന്‍, യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ്- ന്യൂഡല്‍ഹി തുടങ്ങിയ മനുഷ്യാവകാശ സംഘടനകളുടെ സഹകരണത്തോടെയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

റിപോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

  • ആദ്യ എഫ്‌ഐആര്‍ സംഘര്‍ഷക്കുറിച്ച് മാത്രം പരാമര്‍ശിക്കുന്നതാണ്. ഹിന്ദു യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ എഫ്‌ഐആര്‍. രണ്ടാമത്തെ എഫ്‌ഐആറില്‍ മുസ്്‌ലിംകള്‍ മാത്രമാണ് പ്രതികള്‍. അതേ സമയം, സംഘപരിവാര പ്രവര്‍ത്തകരും വെടിയുതിര്‍ത്തിരുന്നുവെന്ന് പോലിസ് തന്നെ സമ്മതിക്കുന്നു.
  • ഉച്ചയ്ക്ക് മുമ്പാണ് സംഘര്‍ഷം നടന്നതെങ്കിലും 12-14 മണിക്കൂര്‍ വൈകിയാണ് രണ്ട് എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തത്. പോലിസ് സ്‌റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയാണ് സംഘര്‍ഷം നടന്നത് എന്നിരിക്കേയാണിത്.
  • രണ്ട് എഫ്‌ഐആറുകളിലും അബ്്ദുല്‍ ഹമീദ് ചൗക്കില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശമില്ല.
  • ഹിന്ദുക്കളും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടുവെന്ന് പറയുന്നുവെങ്കിലും ആദ്യത്തെ എഫ്‌ഐആറില്‍ മുസ്്‌ലിംകള്‍ മാത്രമാണ് പ്രതികള്‍. രണ്ടാമത്തെ എഫ്‌ഐആറില്‍ ഹിന്ദുക്കളെക്കുറിച്ച് പരാമര്‍ശമേയില്ല. മുസ്്‌ലിംകള്‍ ഹിന്ദുക്കളെ ആക്രമിച്ചു എന്നാണ് ഇതില്‍ ആരോപിക്കുന്നത്.
  • സംഘര്‍ഷം നടന്ന് അടുത്ത ദിവസം തന്നെ പോലിസ് മുസ്്‌ലിംകളെ അറസ്റ്റ് ചെയ്യാന്‍ ആരംഭിച്ചു. രണ്ടാഴ്ച്ചയ്ക്കകം 19 മുസ്്‌ലിംകളെയാണ് അറസ്റ്റ്് ചെയ്തത്. എന്നാല്‍, രണ്ടു മാസം കഴിഞ്ഞിട്ടും ഒരൊറ്റ ഹിന്ദുവിനെപോലും അറസ്റ്റ് ചെയ്തില്ല. ബൈക്ക് റാലിയില്‍ പങ്കെടുത്തവരെ തിരിച്ചറിയാന്‍ പോലും പോലിസ് ശ്രമിച്ചില്ല.
  • ബൈക്ക് റാലി സംഘടിപ്പിച്ച അനുകല്‍പ്പ് ചൗഹാന്‍ ജനുവരി 26ന് തന്നെ ഒളിവില്‍ പോയതായാണ് പോലിസ് പറയുന്നത്. എന്നാല്‍, ജനുവരി 27ന് നടന്ന ചന്ദന്‍ ഗുപ്തയുടെ(വെടിവയ്പില്‍ കൊല്ലപ്പെട്ടയാള്‍) സംസ്‌കാര ചടങ്ങില്‍ ചൗഹാന്‍ പങ്കെടുത്തതായി വീഡിയോകളും ഫോട്ടയും തെളിയിക്കുന്നു.

ഉത്തര്‍പ്രദേശ് മുന്‍ ഐജി എസ് ആര്‍ ദാരാപുരി, മനുഷ്യാവകാശപ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അജിത് സാഹി, സാമൂഹിക പ്രവര്‍ത്തകനും മഗ്്‌സാസെ അവാര്‍ഡ് ജേതാവുമായ സന്ദീപ് പാണ്ഡെ, ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അപൂര്‍വാനന്ദ് ജാ, അഡ്വ. മുഹമ്മദ് ഷുഹൈബ് തുടങ്ങിയവര്‍ റിപോര്‍ട്ട് പുറത്തുവിടുന്ന ചടങ്ങില്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss