|    Sep 22 Sat, 2018 11:41 am
FLASH NEWS

കാസര്‍കോട്ടെ തട്ടിക്കൊണ്ടു പോവല്‍ നാടകം; യുവതിയെയും കാമുകനെയും പോലിസ് പൊക്കി

Published : 31st August 2018 | Posted By: mtp rafeek

കാസര്‍കോട്: നാടിനെ ഒന്നടങ്കം നടുക്കിയ തട്ടിക്കൊണ്ടു പോകല്‍ സംഭവം നാടകമാണെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. കാമുകനോടൊപ്പം ഒളിച്ചോടാനുള്ള ശ്രമമാണ് നാട്ടുകാരെ മുഴുവന്‍ ആശങ്കയിലാക്കിയത്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന വെളുത്ത മാരുതി കാര്‍ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു കണ്ടെത്തിയതോടെയാണ് നീനുവിന്റെയും കുഞ്ഞിന്റെയും തിരോധാനം നാടകമാണെന്ന സൂചനയിലേക്ക് പോലിസിനെ എത്തിച്ചിരിക്കുന്നത്.

യുവതിയെയും കാമുകനെയും പൊലിസ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പിടികൂടിയതോടെയാണ് സംഭവങ്ങളിലെ ദുരൂഹത നീങ്ങിയത്. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയ അക്രമി സംഘം തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായി യുവതി ഭര്‍ത്താവിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകന്‍ സായി കൃഷ്ണ(3) എന്നിവരെയാണ് കാണാതായത്. വീട്ടിലെത്തിയ ഭര്‍ത്താവ് വീട്ടില്‍ പിടിവലി നടന്നതിന്റെ ലക്ഷണം കണ്ടതോടെ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് അന്വേഷണം ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയെയും കുഞ്ഞിനെയും റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പിടികൂടിയതോടെയാണ് നാടകത്തിന് അന്ത്യമായത്.

മാലോത്തെ ബൈക്ക് മെക്കാനിക്കായ കൈതവേലി മനുവിന്റെ ഭാര്യയാണ് മീനു. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിക്ക് മനുവിനെ ഫോണില്‍ വിളിച്ചു തന്നെ ചിലര്‍ ആക്രമിച്ചു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായി മീനു പറഞ്ഞിരുന്നു. ഫോണ്‍ സംഭാഷണം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് കരഞ്ഞു കൊണ്ട് മീനു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു.

അതിനു മുമ്പ് കഴുത്തില്‍ മുറിവേല്‍പിച്ച് ചോര ഒലിപ്പിച്ച നിലയില്‍ നീനുവിന്റെ ഫോട്ടോ ഭര്‍ത്താവിന്റെ വാട്‌സ്ആപ്പിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോ പരിശോധിച്ച പോലിസ് കഴുത്തിന് മുറിവേറ്റാല്‍ ഉണ്ടാകുന്ന രീതിയിലുള്ള ചോരയല്ല ഫോട്ടോയിലുള്ളതെന്ന് ഉറപ്പിക്കുകയായിരുന്നു.

കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവരമറിഞ്ഞ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.

പോലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതിക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന സൂചനകള്‍ ലഭിച്ചത്. വിവാഹത്തിനു ശേഷം നീനു ചെറുപുഴയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. ഇവിടെ വെച്ച് പ്രാപൊയിലിലെ ബിനു എന്ന യുവാവുമായി അടുപ്പത്തിലാണെന്നറിഞ്ഞതോടെ ജോലിക്ക് പോകുന്നത് ഭര്‍ത്താവ് വിലക്കിയിരുന്നു. ഇതിനു ശേഷമാണ് തട്ടിക്കൊണ്ടുപോയതായുള്ള സംഭവം ഉണ്ടായത്. പയ്യന്നൂരില്‍ നിന്ന് പോലിസ് പിടിച്ചെടുത്ത കാര്‍ ബിനുവിന്റെതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss