Flash News

ദേശീയ നീന്തല്‍ ചാംപ്യന്‍ഷിപ്പ്: കര്‍ണാടക മുന്നേറ്റം തുടരുന്നു

ദേശീയ നീന്തല്‍ ചാംപ്യന്‍ഷിപ്പ്: കര്‍ണാടക മുന്നേറ്റം തുടരുന്നു
X


തിരുവനന്തപുരം: ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പ് അവസാനിക്കാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കെ കര്‍ണാടക മുന്നേറ്റം തുടരുന്നു. സ്വിമ്മിങ് ഫെഡറേഷന്‍ രണ്ടാംസ്ഥാനത്തും ആതിഥേയരായ കേരളം മൂന്നാംസ്ഥാനത്തുമുണ്ട്. ഇന്നലെ മാത്രം ഒരു വെങ്കലമാണ് കേരളം നേടിയത്. വനിതകളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ ലിയാന ഫാത്തിമ ഉമറാണ് ഇന്നലെ ആതിഥേയര്‍ക്ക് ഒരു വെങ്കലം സമ്മാനിച്ചത്.
നേരത്തേ മൂന്ന് സ്വര്‍ണം നേടിയ ഡല്‍ഹിയുടെ റിച്ച മിശ്ര വനിതകളുടെ 800 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും സ്വര്‍ണം നേടി ഈ മീറ്റിലെ സുവര്‍ണനേട്ടം നാലാക്കി. ഒമ്പതു മിനിറ്റ് 14.22 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് റിച്ച നാലാം സ്വര്‍ണം നീന്തിയെടുത്തത്. 35ാം വയസിലാണ് റിച്ചാ മിശ്ര ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണവേട്ട തുടരുന്നത്. തമിഴ്‌നാടിന്റെ ഭവിക ദുഗാര്‍ ഒമ്പത് മിനിറ്റ് 22.57 സെക്കന്‍ഡില്‍ വെള്ളിയും കര്‍ണാടകത്തിന്റെ ഖുഷി ദിനേഷ് (9:22.62) വെങ്കലവും സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ശ്രീഹരി നടരാജനെ മറികടന്ന് പുരുഷവിഭാഗത്തില്‍ സ്വിമ്മിങ്് ഫെഡറേഷന്റെ നീല്‍ റോയ് സ്വര്‍ണം നേടി. 51.45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് നീല്‍ റോയി ചാംപ്യനായത്. 51.64 സെക്കന്‍ഡില്‍ ശ്രീഹരി രണ്ടാം സ്ഥാനത്തും 52.22 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഗുജറാത്തിന്റെ അന്‍ഷുല്‍ കൊത്താരി മൂന്നാം സ്ഥാനത്തുമെത്തി.
വനിതകളുടെ 100 മീറ്റര്‍ ബ്രെസ്റ്റ് ട്രോക്കില്‍ കര്‍ണാടകയുടെ സലോനി ദലാല്‍ റെക്കോഡോടെ സ്വര്‍ണം കഴുത്തിലണിഞ്ഞു. ഒരു മിനിറ്റ് 14.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ വഴിമാറിയത് 2017ല്‍ പഞ്ചാബിന്റെ ചാഹത് അരോര സ്ഥാപിച്ച ഒരു മിനിറ്റ് 15.19 സെക്കന്‍ഡ് എന്ന സമയം. 200 മീറ്ററിലും സലോനി കഴിഞ്ഞ ദിവസം റെക്കോഡിട്ടിരുന്നു. 50 മീറ്ററിലെ സ്വര്‍ണ നേട്ടം ഉള്‍പ്പെടെ മൂന്നു സ്വര്‍ണമാണ് ഈ കര്‍ണാടകക്കാരി നീന്തിയെടുത്തത്. പുരുഷവിഭാഗത്തില്‍ ദില്ലിയുടെ സന്ദീപ് സേജ്വാള്‍(1:02.60) സ്വര്‍ണനേട്ടത്തിന് ഉടമയായി. ഇതോടെ സന്ദീപിന്റെ സ്വര്‍ണനേട്ടം മൂന്നായി. ഈ ഇനത്തില്‍ നിലവിലുള്ള റെക്കോഡ് സന്ദീപിന്റെ പേരിലാണ്.
400 മീറ്റര്‍ മെഡ്‌ലേയില്‍ മധ്യപ്രദേശിന്റെ അദൈ്വത് പാഗേ അവസാന ലാപ്പിലെ മിന്നും പ്രകടനത്തില്‍ സ്വര്‍ണം സ്വന്തമാക്കി. തമിഴ്‌നാടിന്റെ എമില്‍ റോബിന്‍സിങ്(4: 37.14) വെള്ളിയും റെയില്‍വേയുടെ സാനു ദേബ്‌നാഥ്(4:39.71) വെങ്കലവും നേടി. സ്വിമ്മിങ് ഫെഡറേഷന്റെ കെനിഷാ ഗുപ്്ത വനിതകളുടെ 100 മീറ്റര്‍ഫ്രീസ്‌റ്റൈലില്‍ സ്വര്‍ണം കരസ്ഥമാക്കി. 58.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്.
Next Story

RELATED STORIES

Share it