|    Nov 18 Sun, 2018 1:21 pm
FLASH NEWS
Home   >  National   >  

താമരയുടെ തണ്ടൊടിച്ചു; കര്‍ണാടകയില്‍ അഞ്ചില്‍ നാലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്

Published : 6th November 2018 | Posted By: mtp rafeek

ബംഗളൂരു: കര്‍ണാടകയിലെ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ വ്യക്തമായ മേധാവിത്വവുമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം. അഞ്ച് സീറ്റില്‍ നാലിലും സഖ്യം വിജയിച്ചപ്പോള്‍ ബിജെപി ഒറ്റ സീറ്റിലൊതുങ്ങി.
ഷിമോഗ, ബെല്ലാരി, മാണ്ഡ്യ എന്നീ ലോക്‌സഭ മണ്ഡലങ്ങളിലേക്കും രാമനഗരം, ജംഘണ്ടി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബെല്ലാരി, മാണ്ഡ്യ, രാമനഗരം, ജംഘണ്ടി എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ജയിച്ചത്. ഷിമോഗയില്‍ മാത്രമാണ് ബിജെപി ജയിച്ചത്.

ബിജെപിയുടെ കോട്ടയായ ബല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി എസ് ഉഗ്രപ്പ ജയിച്ചു. 2,43,161 വോട്ടുകള്‍ക്കായിരുന്നു ഉഗ്രപ്പയുടെ ജയം. ബിജെപിയെ ഞെട്ടിക്കുന്നതായി ഇവിടത്തെ പരാജയം. രാമനഗരം മണ്ഡലത്തില്‍ ജെഡിഎസിന്റെ അനിത കുമാരസ്വാമി 1,09,137 വോട്ടുകള്‍ക്ക് ജയിച്ചു.

മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി ശിവരാമ ഗൗഡ 3,24,943 വോട്ടുകള്‍ക്ക് വിജയിച്ചു. ജംഘണ്ടി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആനന്ദ് ന്യാം ഗൗഡ ജയിച്ചു. ശിവമോഗ മണ്ഡലം മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇവിടെ ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്ര 52,148 വോട്ടുകള്‍ക്ക് ജയിച്ചു.

ബിജെപിയുടെ യെദ്യൂരപ്പ, ശ്രീരാമലു, ജെഡിഎസിന്റെ സി എസ് പുട്ടരാജു എന്നിവര്‍ നിയമസഭയിലേക്ക് വിജയിച്ചതിന് പിന്നാലെ പാര്‍ലമെന്റംഗത്വം രാജിവച്ചതിനെ തുടര്‍ന്നാണ് ലോക്‌സഭ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മുഖ്യമന്ത്രി കുമാരസ്വാമി വിജയിച്ചിരുന്നു. ഇദ്ദേഹം രാജിവച്ചതിനെ തുടര്‍ന്നാണ് രാമനഗരയിലും, സിറ്റിങ് എംഎല്‍എ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ജംഘണ്ടിയിലും ഉപതിരഞ്ഞെടുപ്പ് നടന്നത്.

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് കൂടുതല്‍ ശക്തിപകരുന്നതാണ് ഉപതിരഞ്ഞെടുപ്പിലെ വിജയം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിനും വിജയം ആത്മവിശ്വാസം പകരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss