|    Nov 18 Sun, 2018 3:41 am
FLASH NEWS
Home   >  National   >  

കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി; സഖ്യസര്‍ക്കാരിന് നിര്‍ണായകം

Published : 3rd November 2018 | Posted By: mtp rafeek

ബെംഗളൂരു: കര്‍ണാടകത്തിലെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ബല്ലാരി, ശിവമോഗ, മാണ്ഡ്യ എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകളിലും രാമനഗര, ജാംഘണ്ഡി നിയമസഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. അഞ്ച് മാസം മുമ്പ് സഖ്യം രൂപീകരിച്ച ശേഷം നടക്കുന്ന ആദ്യത്തെ പരീക്ഷ എന്ന നിലയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണ മുന്നണിക്ക് നിര്‍ണായകമാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്.

6,450 പോളിങ് സ്‌റ്റേഷനുകളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്.  ആദ്യ രണ്ട് മണിക്കൂറില്‍ ആറ് ശതമാനം പോളിങ് രേഖപ്പെടുത്തി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം എന്ന് ഭരണസഖ്യം വിശേഷിപ്പിക്കുന്ന ഈ തിരഞ്ഞെടുപ്പ് ബിജെപി വിരുദ്ധ സഖ്യത്തിന്റെ മാറ്റുരക്കുന്നത് കൂടിയാവും.

ജെഡിഎസ് കോണ്‍ഗ്രസ് സഖ്യവും ബിജെപിയും തമ്മിലുണ്ടായ കലഹങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ചയാണ് പ്രചാരണം അവസാനിപ്പിച്ചത്. കോണ്‍ഗ്രസ് വിട്ട് എത്തിയ എല്‍ ചന്ദ്രശേഖര്‍ രാമനഗര നിയമസഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങിയെങ്കിലും അവസാന നിമിഷം പിന്‍മാറി കോണ്‍ഗ്രസിലേക്ക് മടങ്ങിയത് ബിജെപിക്ക് ക്ഷീണമായിരുന്നു. ഇവിടെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയുമായ അനിത കുമാരസ്വാമിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

ജംഖണ്ടി നിയമസഭാ മണ്ഡലത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി മുതിര്‍ന്ന നേതാവും മണ്ഡലത്തിലെ മുന്‍ എംഎല്‍എയുമായിരുന്ന സിദ്ദു ന്യമഗൗഡയുടെ മകന്‍ ആനന്ദ് സിദ്ദുവാണ്. സിദ്ദു ന്യമഗൗഡയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss