|    Dec 13 Thu, 2018 6:29 pm
FLASH NEWS
Home   >  Kerala   >  

കണ്ണൂര്‍ വിമാനത്താവളം: ടിക്കറ്റ് ബുക്കിങ് തുടങ്ങി

Published : 13th November 2018 | Posted By: basheer pamburuthi

കണ്ണൂര്‍: മട്ടന്നൂരിലെ മൂര്‍ഖന്‍പറമ്പ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. ഉദ്ഘാടന ദിനമായ ഡിസംബര്‍ 9ന് നാലു രാജ്യാന്തര സര്‍വീസുകളാണുണ്ടാവുക. പിറ്റേന്ന് 6 സര്‍വീസുകളും.അബൂദബിയിലേക്കുള്ള എക്‌സ്പ്രസ് വാല്യു ടിക്കറ്റിന് 9998.81 രൂപയും എക്‌സ്പ്രസ് ഫ്‌ളെക്‌സി ടിക്കറ്റിന് 33439.01 രൂപയുമാണു ബുക്കിങ് തുടങ്ങിയപ്പോഴുള്ള നിരക്ക്. അബൂദബിക്കു പുറമെ മസ്‌ക്കത്ത്, റിയാദ്, ദോഹ, ഷാര്‍ജ എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ക്ക് ഡിജിസിഎ അനുമതി ലഭിച്ചിട്ടുണ്ട്. ദുബയിലേക്കു ജനുവരിയോടെ പ്രതിദിന സര്‍വീസ് തുടങ്ങാനാണു പദ്ധതി. അബൂദബിയിലേക്കും റിയാദിലേക്കുമാണ് ഉദ്ഘാടന ദിവസം കണ്ണൂരില്‍ നിന്നു വിമാനം സര്‍വീസ് തുടങ്ങുന്നത്. കണ്ണൂരിലേക്ക് അബൂദബിയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും അന്നു സര്‍വീസുകളുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി രാവിലെ 10നു കണ്ണൂരില്‍ ഫ്‌ളാഗ്ഓഫ് ചെയ്യുന്ന വിമാനം യുഎഇ സമയം 12.30നു അബൂദബിയിലെത്തും. തിരിച്ച് യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8ന് കണ്ണൂരിലെത്തും.ഞായര്‍, ബുധന്‍, ശനി ദിവസങ്ങളിലാണ് അബൂദബി സര്‍വീസ്. ഉദ്ഘാടന ദിവസം മാത്രമായിരിക്കും അബൂദബിയിലേക്കുള്ള വിമാനം രാവിലെ 10നു പുറപ്പെടുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 9നായിരിക്കും കണ്ണൂരില്‍ നിന്നു വിമാനം പുറപ്പെടുക. നാലു മണിക്കൂറാണ് അബൂദബിയിലേക്കുള്ള പറക്കല്‍ സമയം. റിയാദിലേക്കുള്ള വിമാനം രാത്രി 9.05നു പുറപ്പെട്ട് റിയാദ് സമയം രാത്രി 11.30നു അവിടെയെത്തും.
ഉദ്ഘാടനപ്പിറ്റേന്ന് മസ്‌കത്തിലേക്കും ദോഹയിലേക്കും തിരിച്ചും സര്‍വീസുകളുണ്ടാവും. രാത്രി 8.20 നു കണ്ണൂരില്‍ നിന്നു പുറപ്പെട്ട് ദോഹ സമയം രാത്രി 10ന് ദോഹയിലെത്തുന്ന തരത്തിലും ദോഹ സമയം രാത്രി 11നു ദോഹയില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 5.45നു കണ്ണൂരില്‍ എത്തുന്ന വിധത്തിലുമാണ് സര്‍വീസ്. ഞായര്‍, തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലാണു ദോഹ സര്‍വീസ്. 4.10 മണിക്കൂറാണ് ദോഹയിലേക്കുള്ള സമയം. 10നു രാവിലെ 9ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട് മസ്‌ക്കത്ത് സമയം 11.15നു മസ്‌ക്കത്തിലെത്തുന്ന തരത്തിലും തിരികെ മസ്‌ക്കത്തില്‍ നിന്നു 12.15നു പുറപ്പെട്ട് വൈകീട്ട് 5.30നു കണ്ണൂരിലെത്തുന്ന വിധത്തിലുമാണ് സര്‍വീസുകള്‍.ഞായര്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണു മസ്‌ക്കത്ത് സര്‍വീസ്. 3.45 മണിക്കൂറാണ് ഈ റൂട്ടില്‍ പറന്നെത്താനുള്ള സമയം. ഷാര്‍ജ സമയം രാത്രി ഏഴിന് ഷാര്‍ജയില്‍ നിന്നു പുറപ്പെട്ട് രാത്രി 12.10നു കണ്ണൂരിലെത്തുന്ന തരത്തിലും പുലര്‍ച്ചെ 1.10നു കണ്ണൂരില്‍ നിന്നു പുറപ്പെട്ട് ഷാര്‍ജ സമയം 3.40നു ഷാര്‍ജയില്‍ എത്തുന്ന വിധത്തിലുമാണ് ഷാര്‍ജ സര്‍വീസ്. ഉദ്ഘാടനശേഷം തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും ഷാര്‍ജ സര്‍വീസുണ്ടാവുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss