|    Dec 11 Tue, 2018 6:44 pm
FLASH NEWS
Home   >  Kerala   >  

മാതൃഭൂമിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അതിതീവ്ര ഹൈന്ദവ സംഘങ്ങള്‍: കമല്‍റാം സജീവ്

Published : 6th December 2018 | Posted By: afsal ph

കോഴിക്കോട്: മാതൃഭൂമി പത്രത്തിനകത്ത് തീരുമാനിക്കേണ്ട കാര്യങ്ങള്‍ പോലും സംഘപരിവാര്‍ ഏജന്‍സികള്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ടാകുന്നതായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ആഴ്ച്ചപതിപ്പ് എഡിറ്ററുമായ കമല്‍ റാം സജീവ്. ഡി.സി ബുക്‌സിന്റെ പച്ചക്കുതിരക്ക് നല്‍കിയ അഭിമുഖത്തിലാണ് ‘മീശ’ വിവാദം , ശബരിമല തുടങ്ങിയ വിഷയങ്ങളില്‍ മാതൃഭൂമി എടുത്ത നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചത്. അതിതീവ്ര ഹൈന്ദവ സംഘങ്ങള്‍ ഒരു മാധ്യമസ്ഥാപനത്തിനുമേല്‍ ഇത്ര അവിഹിതമായ സമ്മര്‍ദ്ദം ചെലുത്തിയതും അതിന് മാനേജ്‌മെന്റ് വഴങ്ങിയതുമായ സംഭവം കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ ഇതുവരെയില്ലാത്തതാണ്.
അതി തീവ്ര ഗ്രൂപ്പുകള്‍ക്ക് വിധേയരായി തീരുമാനമെടുത്താല്‍ പല വിധ സമ്മര്‍ദ്ദം കൊണ്ട് എഡിറ്റര്‍മാരെ മാറ്റേണ്ടിവരും. ഉള്ളിലെ കാര്യങ്ങളില്‍ പോലും അവര്‍ ഇടപെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. അതിന് തുടക്കമിടുകയാണ് മീശ സംഭവം. അഭിമുഖത്തില്‍ കമല്‍റാം പറയുന്നു. സംഘപരിവാറിന്റെ സമ്മര്‍ദ്ദം മൂലം കാരണം കാണിക്കല്‍ നോട്ടീസുകള്‍ പല തവണ കിട്ടി. മീശ പ്രശ്‌നത്തില്‍ മാനേജ്‌മെന്റ് എന്നെ ഓരോ ദിവസവും വറചട്ടിയിലിട്ട് പൊരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
വിശാലമായ മതനിരപേക്ഷ ഹിന്ദു ഭുരിപക്ഷമുള്ള സ്ഥലമാണ് കേരളം . അതോടൊപ്പം ജാതി മത ലിംഗഭേദമില്ലാതെ പുരോഗമന പക്ഷത്ത് നില്‍ക്കുന്നവരും ചേര്‍ന്നതാണ് യഥാര്‍ത്ഥ വായനക്കാര്‍. കാലാകാലങ്ങളായി മതനിരപേക്ഷമായ ഒരു ഹിന്ദു സമൂഹം, ഇടത് പക്ഷത്തോട് അടുപ്പമുള്ള വിഭാഗം ഇവരൊക്കെ ക്രമേണ ഒലിച്ചു പോയി. പകരം പരസ്യം പോലും നല്‍കേണ്ടതാരാണെന്ന് തീരുമാനിക്കാന്‍ ഈ അതിതീവ്ര ഗ്രൂപ്പുകള്‍ക്ക് കഴിയുന്ന അവസ്ഥ വന്നു. ഇവിടെ പരസ്യം നല്‍കുന്നവരെ സ്വാധീനിച്ച് തീവ്ര സംഘടനകള്‍ പരസ്യം മുടക്കുകയാണ്. പത്രത്തിനകത്ത് തീരുമാനിക്കേണ്ട കാര്യങ്ങള്‍ പോലും സംഘപരിവാര്‍ ഏജന്‍സികള്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ടാകുന്നു.
‘മാതൃഭൂമിയുടെ ഹിന്ദു സെക്കുലര്‍ വായനാ സമൂഹത്തില്‍ തന്നെയാണ് തങ്ങളുടെ വിത്ത് മുളപ്പിക്കാന്‍ കഴിയുക എന്നവര്‍ക്ക് അറിയാം. അതുകൊണ്ടാണ് മനോരമയോ, ഇന്ത്യയില്‍ തന്നെ മറ്റൊരു പത്രമോ അവരുടെ ലക്ഷ്യമാകാത്തത്. സ്ഥാപനത്തെത്തന്നെ പിടിച്ചെടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അക്രമി സംഘമാണ് ഞങ്ങളുടെ വായനക്കാരെന്ന് തെറ്റിദ്ധരിക്കുകയാണ്.
15 വര്‍ഷത്തിനിടയ്ക്ക് സംഘപരിവാറുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിളുകളുടെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസുകള്‍ പല തവണ കിട്ടി. ഉണ്ണി ആര്‍ എഴുതിയ ‘താന്‍ ആര്‍.എസ്.എസ്‌കാരനാണ് എന്തുകൊണ്ട് അതില്‍ ദുഃഖിക്കുന്നു’ എന്ന കവര്‍ സ്റ്റോറി, സക്കറിയയുടെ ‘സത്‌നാം സിങിന്റെ രക്തം’ എന്ന ലേഖനം എന്നിവയുടെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് കിട്ടി.
മീശ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്തപ്പോള്‍ തന്നെ അത് മികച്ച നോവലാണെന്ന് തോന്നിയിരുന്നു. ഒന്നും രണ്ടും മൂന്നും അധ്യായങ്ങള്‍ വന്നപ്പോള്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു. പിന്നീട് രണ്ടാമത്തെ അധ്യായത്തിലെ ഒരു ഭാഗം എടുത്ത് വാട്‌സാപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു. അത് എങ്ങനെ എവിടെനിന്ന് സംഭവിച്ചു എന്നത് കണ്ടെത്തേണ്ടതുണ്ട്. അതില്‍ ദുരൂഹതയുണ്ട്. മാനേജ്‌മെന്റിന്റെ ഒരു വിഭാഗം എന്നോട് ആവശ്യപ്പെട്ടത് എഡിറ്ററോ എഡിറ്ററും ഹരീഷും കൂടിയോ മാപ്പ് പ്രസിദ്ധീകരിച്ച് പ്രസിദ്ധീകരണം നിര്‍ത്തണമെന്നായിരുന്നു. ഹരീഷോ പത്രാധിപ സമിതിയോ മാപ്പ് പറയേണ്ട കാര്യമില്ല എന്നായിരുന്നു എന്റെ നിലപാട് .
‘ചങ്ങാത്ത ജേര്‍ണലിസ’മാണ് മാതൃഭൂമി ശബരിമലയില്‍ നടത്തിയത്. ശബരിമല വിഷയത്തില്‍ അടക്കം റാഷനല്‍ ആയ വാദങ്ങള്‍ക്ക് പത്രം ഒരിക്കലും സ്‌പേസ് കൊടുക്കുന്നില്ല, പകരം ഇത്തരം ഫ്രിഞ്ച് ഗ്രൂപ്പുകളുടെ വാദങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ സ്‌പേസ് കൊടുക്കുമ്പോള്‍ അത് സമൂഹത്തെ ധ്രുവീകരിക്കുന്ന പ്രവൃത്തിയായി മാറും. ക്രോണി കാപ്പിറ്റലിസം എന്നതു പോലെ ‘ചങ്ങാത്ത ജേര്‍ണലിസ’മാണ് മാതൃഭൂമിയും ശബരിമലയില്‍ നടത്തിയതെന്ന് അഭിമുഖത്തില്‍ കമല്‍റാം സജീവ് കുറ്റപ്പെടുത്തുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss