|    Oct 18 Thu, 2018 8:09 am
FLASH NEWS
Home   >  Kerala   >  

ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനം, നജ്മല്‍ ബാബുവിന്റെ അനുഭവത്തില്‍ പ്രതിഷേധിച്ച് കമല്‍സി ചവറ ഇസ്ലാം മതം സ്വീകരിച്ചു

Published : 4th October 2018 | Posted By: sruthi srt

കോഴിക്കോട്: മരണപ്പെട്ട പ്രമുഖ നക്‌സല്‍ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ നജ്മല്‍ ബാബുവിന്റെ മൃതദേഹം ചേരമാന്‍ ജുമാമസ്ജിദില്‍ ഖബറടക്കണമെന്ന അന്ത്യാഭിലാഷം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് എഴുത്തുകാരന്‍ കമല്‍സി ചവറ ഇസ്ലാം സ്വീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് കമല്‍സി ചവറ തന്റെ ഇസ്ലാം ആശ്ലേഷണം പ്രഖ്യാപിച്ചത്.

കമല്‍ സിയുടെ വാക്കുകള്‍
ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്
ജീവിക്കാനല്ല മുസ്ലീമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്ലീമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ്
സമരമാണ്
ഇന്ന് ഇവിടെ ഇന്ത്യയില്‍
മുസ്ലീം ആവുകായെന്നത് വിപ്ലവപ്രവര്‍ത്തനമാണ്
സമരമാണ്
ഇസ്ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാന്‍ ആഗ്രഹിച്ചോ അല്ല
ഇസ്ലാമിന്റെ മാഹാത്മ്യം കണ്ടുമല്ല
നജ്മല്‍ ബാബുവിന്റെ അനുഭവത്തില്‍ പ്രതിഷേധിച്ച്
ഞാന്‍ ഇസ്ലാം മതം സ്വീകരിക്കുന്നു
മുസ്ലീമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് എന്റെ കഴുത്ത് തയ്യാര്‍.
നജ്മല്‍ ബാബുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചേരമാന്‍ ജുമാമസ്ജിദില്‍ ഖബറടക്കണമെന്ന സഹപ്രവര്‍ത്തകരുടെ ആവശ്യം അവഗണിച്ചാണ് സഹോദരന്റെ വസതിയില്‍ ദഹിപ്പിച്ചത്. പ്രതിഷേധകരെ പോലിസ് പിടിച്ചുനീക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. സവര്‍ണ ഫാഷിസത്തോടുള്ള പ്രതിഷേധസൂചകമായി ഇസ്‌ലാം ആശ്ലേഷിച്ച ജോയി തന്റെ ഭൗതികശരീരം ഇന്ത്യയിലെ ആദ്യ മുസ്‌ലിം പള്ളിയായ ചേരമാന്‍ മസ്ജിദില്‍ അടക്കം ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പത്രസമ്മേളനം നടത്തിയും പൊതുവേദികളിലും സൗഹൃദ സംഭാഷണങ്ങളിലും ജോയി ഈ ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നതാണ്. സിനിമാതാരം ജോയ് മാത്യുവിന്റെ സാന്നിധ്യത്തില്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍, മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് അമ്പാടി വേണു, ടി എന്‍ ജോയിയുടെ സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ വാക്കുതര്‍ക്കമായി. തുടര്‍ന്ന് സഹോദരന്‍ ടി എന്‍ മോഹനന്റെ വസതിയില്‍ ഒരു മതത്തിന്റെയും ആചാരങ്ങളില്ലാതെ മൃതദേഹം ദഹിപ്പിക്കാന്‍ എംഎല്‍എയും നഗരസഭാ ചെയര്‍മാനും ചേര്‍ന്ന് തീരുമാനമെടുത്തു.
ചേരമാന്‍ പള്ളി മതസ്ഥാപനമാണെന്നും ഒരു മതത്തിന്റെയും വിശ്വാസം ഉള്‍ക്കൊള്ളാത്ത ജോയിയെ ഒരു പ്രത്യേക മതത്തിന്റെ സ്ഥാപനത്തില്‍ അടക്കം ചെയ്യാന്‍ പാടില്ല എന്നുമുള്ള നിലപാടാണ് സിപിഎം നേതാക്കള്‍ അടക്കമുള്ള രാഷ്ട്രീയ നേതൃത്വം കൈക്കൊണ്ടത്. ഇതിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഹരി ജില്ലാ കലക്ടര്‍ ടി വി അനുപമയ്ക്ക് പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല. പോലിസ് മൈതാനിയില്‍ നിന്നു മൃതദേഹം വീട്ടിലേക്ക് എടുക്കാനുള്ള നീക്കത്തിനെതിരേ ആംബുലന്‍സിനു മുന്നില്‍ കയറിനിന്ന് പ്രതിഷേധിച്ച സമരക്കാരെ പോലിസ് പിടിച്ചുമാറ്റുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss