|    Dec 15 Sat, 2018 2:00 am
FLASH NEWS
Home   >  Kerala   >  

അമ്മ മരിച്ച് ഒരുവര്‍ഷം ആവും മുന്‍പെയാണ് സുരേന്ദ്രന്‍ ശബരിമലയിലെത്തിയത്: ആചാര ലംഘനമെന്ന് മന്ത്രി കടകംപള്ളി

Published : 18th November 2018 | Posted By: sruthi srt

തിരുവനന്തപുരം: കുടുംബാംഗംങ്ങള്‍ മരിച്ചാല്‍ ഒരു വര്‍ഷം കഴിയാതെ ശബരിമലയിലെത്തില്ലെന്ന ആചാരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ലംഘിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. സ്വന്തം പെറ്റമ്മ മരിച്ചിട്ട് നാല് മാസം പോലും തികയുന്നതിന് മുമ്പാണ് അദ്ദേഹം ശബരിമല ദര്‍ശനത്തിനെത്തിയത്. ആചാരങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സുരേന്ദ്രന് ഇത്തരം ആചാരങ്ങളൊന്നും ബാധകമല്ലേയെന്നും മന്ത്രി ചോദിച്ചു. തനിക്ക് പൊലീസ് സ്‌റ്റേഷനില്‍ പീഡനം നേരിട്ടുവെന്ന സുരേന്ദ്രന്റെ ആരോപണത്തെയും മന്ത്രി നിഷേധിച്ചു.

സുരേന്ദ്രന് ആവശ്യമായ സൗകര്യങ്ങളെല്ലാം സ്‌റ്റേഷനില്‍ ഒരുക്കിയിരുന്നു. ഇക്കാര്യം സ്‌റ്റേഷനിലെ സി.സി.ടി.വി കാമറ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.2018 ജൂലായ് 5നാണ് സുരേന്ദ്രന്റെ അമ്മ മരിക്കുന്നത്. ഇതിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ താന്‍ സുരേന്ദ്രനെ സന്നിധാനത്ത് വച്ച് കണ്ട് മുട്ടിയിരുന്നു. ആചാരത്തിന്റെ പേര് പറഞ്ഞവര്‍ തന്നെ അത് ലംഘിക്കുകയാണ്. വിശ്വാസങ്ങളും ആചാരങ്ങളുമല്ല രാഷ്ട്രീയമാണ് തങ്ങള്‍ക്ക് പ്രധാനമമെന്നാണ് ഇക്കൂട്ടരുടെ നിലപാട്. സുരേന്ദ്രനെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനിലെ സി.ഐയെ താന്‍ വിളിച്ചിരുന്നു. ആവശ്യമായ സൗകര്യങ്ങളെല്ലാം സുരേന്ദ്രന് നല്‍കിയെന്നാണ് സി.ഐ മറുപടി നല്‍കിയത്. ഉറങ്ങാന്‍ ബെഞ്ചും കുടിക്കാന്‍ ചൂടുവെള്ളവും മരുന്നും ഭക്ഷണവും എല്ലാം നല്‍കി. ഇക്കാര്യം സ്‌റ്റേഷനിലെ സി.സി.ടി.വി പരിശോധിച്ചാല്‍ മനസിലാകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനെയും മന്ത്രി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. വൃശ്ചികം ഒന്നിന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ശബരിമല മണ്ഡലകാലം തുടങ്ങുക മാത്രമല്ല, സംസ്ഥാനത്ത് മിക്ക ക്ഷേത്രങ്ങളിലും ചിറപ്പ് മഹോത്സവം തുടങ്ങുന്നതും ഇതേദിവസമാണ്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ സംസ്ഥാനത്ത് നിന്നുമുള്ള പതിനായിരകണക്കിന് തീര്‍ത്ഥാടകര്‍ മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നിന് ശബരിമലയിലേക്ക് ദര്‍ശനം നടത്താന്‍ എത്തുന്നതാണ്. ഹിന്ദു മത വിശ്വാസികള്‍ പവിത്രമായി കാണുന്ന ദിനവുമാണ് വൃശ്ചികം ഒന്ന്. എന്നാല്‍ ഇത്തരമൊരു പരിഗണനയും കൂടാതെ വൃശ്ചികം ഒന്നാം തീയതി പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണ് ഹിന്ദു ഐക്യവേദിയും, ബി.ജെ.പിയും ചെയ്തിരിക്കുന്നത്. തങ്ങളുടെ അജണ്ടയ്ക്ക് മുമ്പില്‍ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും പ്രാധാന്യമുള്ളതല്ലെന്ന് ബി.ജെ.പിയും സംഘപരിവാരവും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss