|    Dec 15 Sat, 2018 4:48 pm
FLASH NEWS
Home   >  Kerala   >  

സന്നിധാനത്തെ വധശ്രമക്കേസില്‍ കെ സുരേന്ദ്രന് ജാമ്യമില്ല; സുരേന്ദ്രനെ കയ്യൊഴിഞ്ഞ് ബിജെപിയും

Published : 30th November 2018 | Posted By: afsal ph

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസിലെ ഒന്നാം പ്രതി സൂരജ് ഇലന്തൂര്‍, മറ്റ് പ്രതികളായ സൂരജ്, ഹരികൃഷ്ണന്‍, കൃഷ്ണപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. കേസില്‍ പതിമൂന്നാം പ്രതിയാണ് കെ സുരേന്ദ്രന്‍.
ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും എതിരായ കേസ്. അന്‍പത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു. ലളിതാ ദേവിയെ കയ്യേറ്റം ചെയ്ത പ്രതിഷേധക്കാര്‍ തേങ്ങയെറിയാനും ശ്രമിച്ചിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഈ കേസിലാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
അതേസമയം, കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നും കെ സുരേന്ദ്രന് രണ്ട് കേസില്‍ ജാമ്യം കിട്ടി. 2013ല്‍ ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് തീവണ്ടി തടഞ്ഞ കേസ്, 2016ല്‍ നിയമം ലംഘിച്ച് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എന്നീ കേസുകളിലാണ് ജാമ്യം കിട്ടിയത്.
അതേസമയം, കെ സുരേന്ദ്രനെ ബിജെപി നേതൃത്വം കയ്യൊഴിഞ്ഞെന്ന ആക്ഷേപവും വ്യാപകമാണ്. ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ ഹര്‍ത്താല്‍ നടത്തിയ സംഘപരിവാര സംഘടനകള്‍ സുരേന്ദ്രനെ ജയിലിടച്ചിട്ടും മൗനം പാലിക്കുകയാണ്. സുരേന്ദ്രനെ ജയിലിലടച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്യമായ പ്രതിഷേധം ഉയര്‍ന്നിട്ടില്ല. അതിനിടെ സമരം ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമമാണ് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ശബരിമലയിലെ അന്നദാനം ആര്‍എസ്എസ് അനുകൂല സംഘടനക്ക് കൈമാറി കഴിഞ്ഞു. ശബരിമലയില്‍ നിന്ന് സമരം അവസാനിപ്പിക്കുകയാണെന്നും ഇന്നലെ ശ്രീധരന്‍ പള്ളി പ്രഖ്യാപിച്ചു. ബിജെപി കെ സുരേന്ദ്രനെ കയ്യൊഴിയുകയാണെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ ശ്രീധരന്‍ പിള്ള കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിയിരുന്നു.
പിണറായി വിജയന്‍ പകപോക്കുകയാണെന്ന് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ക്രൂരമായാണ് പെരുമാറുന്നതെന്നും എല്ലാപൗരാവകാശങ്ങളും ലംഘിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss