|    Nov 19 Mon, 2018 6:15 am
FLASH NEWS
Home   >  Sports  >  Football  >  

മാഞ്ചസ്റ്ററും താണ്ടി യുവന്റസ്; റോണോയ്ക്ക് ഇരട്ടിമധുരം

Published : 24th October 2018 | Posted By: jaleel mv


മാഞ്ചസ്റ്റര്‍: തന്റെ പഴയ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകത്ത് വച്ച് അവര്‍ക്കെതിരേ ഗോളടിക്കാനായില്ലെങ്കിലും ടീമിന്റെ വിജയത്തില്‍ ആഹ്ലാദം പങ്കുവെച്ച് വീരനായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചാംപ്യന്‍സ് ലീഗിലെ മൂന്നാം റൗണ്ട് മല്‍സരത്തില്‍ പൗലോ ഡിബാലയുടെ ഒറ്റ ഗോള്‍ മികവിലാണ് യുവന്റസ് വിജയം കൈപിടിയിലാക്കിയത്. ഇതോടെ മൂന്ന് കളികളില്‍ നിന്ന് മൂന്നും ജയിച്ച യുവന്റസ് ഒമ്പത് പോയിന്റുമായി ബഹുദൂരം മുന്നിലായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇതോടെ യുവന്റസ് നോക്കൗട്ടിന് തൊട്ടടുത്തെത്തി. നാല് പോയിന്റുള്ള യുനൈറ്റഡ് രണ്ടാം സ്ഥാനത്തുമുണ്ട്്. അവസാന ഏഴ് മല്‍സരങ്ങളില്‍ ഒരു ജയം മാത്രമേയുള്ളുവെന്നും യുനൈറ്റഡിന്റെ ആരാധകരെ നിരാശരാക്കുന്നു.
മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഷക്തര്‍ ഡൊണെസ്‌കിനെയും (3-0) റയല്‍ മാഡ്രിഡ് പ്ലാസനെയും (2-1) ബയേണ്‍ മ്യൂണിക് എഇകെ ഏതന്‍സിനെയും (2-0) എ എസ് റോമ സിഎസ്‌കെഎ മോസ്‌കോയെയും (3-0) പരാജയപ്പെടുത്തിയപ്പോള്‍ ഹോഫെന്‍ഹീമും ലിയോണും തമ്മിലുള്ള മല്‍സരവും (3-3) വലന്‍സിയയും യങ് ബോയ്‌സ് തമ്മിലുള്ള മല്‍സരവും (1-1) സമനിലയില്‍ അവസാനിച്ചു.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുനൈറ്റഡിന്റെ ആരാധകരെ മുന്‍നിര്‍ത്തി എല്ലാ അര്‍ത്ഥത്തിലും യുവന്റസിന്റെ വിളയാട്ടാണ് കണ്ടത്. ആദ്യ പകുതിയില്‍ പലതവണയായുള്ള ഗോളി ഡേവിഡ് ഡി ജിയയുടെ തടുത്തു നിര്‍ത്തലിലാണ് യുനൈറ്റഡിന് ജീവന്റെ തുടിപ്പ് നിലനിന്നിരുന്നത്. പന്തടക്കത്തില്‍ 60 ശതമാനം സമയവും മുന്നിട്ടു നിന്ന യുവന്റസ് 14 ഷോട്ടുകള്‍ എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തപ്പോള്‍ വെറും ഏഴു തവണ ഷോട്ടുതിര്‍ത്താണ് യുനൈറ്റഡിന് വിറപ്പിക്കാനായത്. യുനൈറ്റഡിന്റെ ഗോള്‍ പോസ്റ്റില്‍ നിരന്തരം പന്തെത്തിയപ്പോള്‍ യുവന്റസ് ഗോള്‍കീപ്പറെ ആകെ ഒരു തവണ മാത്രമെ പരീക്ഷിക്കാന്‍ യുനൈറ്റഡിനായുള്ളു. പോള്‍ പോഗ്ബയുടെ ഒരു ലോങ് റേഞ്ചര്‍ മാത്രമായിരുന്നു ഗോളാകുമെന്ന് തോന്നിച്ച ഒരേയൊരു ശ്രമം. അതാകട്ടെ പോസ്റ്റിന് തട്ടി മടങ്ങുകയും ചെയ്തു.
മല്‍സരത്തിന്റെ 18ാം മിനിറ്റിലായിരുന്നു യുനൈറ്റഡിന്റെ വിജയഗോള്‍ പിറന്നത്. ക്രിസ്റ്റ്യാനോ ഇടതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് യുനൈറ്റഡിന്റെ പ്രതിരോധം രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഡിബാലയുടെ കാലിലെത്തുകയായിരുന്നു. യുനൈറ്റഡ് ഗോളിയെ കീഴടക്കാന്‍ അര്‍ജന്റീന താരത്തിന് അധികം ആലോചിക്കേണ്ടി വന്നില്ല. കഴിഞ്ഞ മല്‍സരത്തില്‍ ഹാട്രിക് നേടിയിരുന്ന ഡിബാലയ്ക്ക് ഇതോടെ ചാംപ്യന്‍സ് ലീഗില്‍ നാല് ഗോളുകളായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss