|    Sep 21 Fri, 2018 7:54 am
FLASH NEWS
Home   >  National   >  

ജെഎന്‍യു സമരനേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമം

Published : 13th August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയില്‍, സംഘപരിവാരത്തിനെതിരായ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജെഎന്‍യു സമരനേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് അതീവ സരുക്ഷ ഏര്‍പ്പെടുത്തിയിരുന്ന ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിനു പുറത്താണ് അജ്ഞാതന്‍ ഉമര്‍ഖാലിദിന് നേരെ വെടിയുതിര്‍ത്തത്. എന്നാല്‍, ഉമര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വെടിയുതിര്‍ത്ത ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് പൊലിസ് തോക്ക് കണ്ടെടുത്തു.

കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ‘യുനൈറ്റ് എഗന്‍സ്റ്റ് ഹേറ്റ്’ എന്ന കൂട്ടായ്മയുടെ മുന്‍കൈയില്‍ നടക്കുന്ന ഖൗഫ് സേ ആസാദി ( ഭയത്തില്‍ നിന്നു മോചനം) പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉമര്‍ ഖാലിദ്. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെല്ലാം അക്രമിക്കപ്പെടുന്ന രീതിയില്‍ രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നില നില്‍ക്കുകയാണെന്ന് സംഭവത്തിന് ശേഷം ഉമര്‍ ഖാലിദ് പ്രതികരിച്ചു.

ക്ലബ്ബിന് പുറത്ത് ഒരു ചായക്കടയില്‍ നില്‍ക്കുന്നതിനിടെ, വെള്ള ഷര്‍ട്ടിട്ട ഒരാള്‍ സമീപത്തു വന്ന് ഉമറിനെ തള്ളിയിട്ട ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. ബാലന്‍സ് നഷ്ടപ്പെട്ട് ഉമര്‍ തെന്നി വീണതുകൊണ്ടാണ് വെടിയേല്‍ക്കാതിരുന്നത്. തങ്ങളയാളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈവശമുണ്ടായിരുന്ന പിസ്റ്റള്‍ തറയില്‍ വീണതായി ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.

തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് രണ്ട് മാസങ്ങള്‍ക്കു മുമ്പ് ഉമര്‍ ഖാലിദ് ദില്ലി പൊലിസില്‍ പരാതി നല്‍കിയിരുന്നു. ജിഗ്‌നേഷ് മേവാനിക്കും തനിക്കുമെതിരെ രവി പൂജാരി എന്നയാള്‍ വധഭീഷണി മുഴക്കിയതായി പരാതിയില്‍ ഉമര്‍ പറഞ്ഞിരുന്നു. 2016ലും ഇതേ ആള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞതായലി ഉമര്‍ ട്വീറ്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss