|    Dec 14 Fri, 2018 6:17 am
FLASH NEWS
Home   >  National   >  

ഉമര്‍ഖാലിദ് രക്ഷപ്പെട്ടത് തലനാരിഴക്ക്; അക്രമിയുടെ കൈ പിടിച്ചത് രക്ഷയായി

Published : 13th August 2018 | Posted By: afsal ph


ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയില്‍ വച്ച് ജെഎന്‍യു സമരനേതാവ് ഉമര്‍ ഖാലിദിനു നേരെ വെടിയുതുര്‍ത്തത് തൊട്ടരുകില്‍ നിന്ന്. അക്രമിയുടെ കൈപിടിച്ചത് കൊണ്ട് മാത്രമാണ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് ഉമര്‍ഖാലിദ് തന്നെ പറയുന്നു. ‘കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലെ ചായക്കടയില്‍ നിന്ന് മടങ്ങി വരുന്നതിനിടെയായായിരുന്നു അക്രമിക്കപ്പെട്ടത്. തോക്കുമായെത്തിയ അക്രമിയുടെ കൈയ്യില്‍ കടന്നുപിടിച്ച് വെടിയുതിര്‍ക്കുന്നതില്‍ നിന്നും അയാളെ തടഞ്ഞു. എന്നെ തട്ടിമാറ്റി മറ്റൊരുഭാഗത്തേക്ക് നീങ്ങി എനിക്കെതിരേ വെടിയുതിര്‍ത്തു. എന്റെ കൂടെയുണ്ടായിരുന്നവര്‍ അയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു’. ഉമര്‍ ഖാലിദ് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെല്ലാം അക്രമിക്കപ്പെടുന്ന രീതിയില്‍ രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നില നില്‍ക്കുകയാണെന്ന് സംഭവത്തിന് ശേഷം ഉമര്‍ ഖാലിദ് പ്രതികരിച്ചു.
‘അക്രമികള്‍ ആരാണെന്ന് എനിക്കറിയില്ല. എന്നാല്‍ അവര്‍ നല്‍കുന്ന സന്ദേശം കൃത്യമാണ്. സര്‍ക്കാരിനെതിരേ സംസാരിക്കുന്നവര്‍ക്കുന്നവര്‍ ഏത് സമയത്തും കൊല്ലപ്പെടാം എന്ന സന്ദേശമാണ് അവര്‍ നല്‍കുന്നത്. ഗൗരി ലങ്കേഷ്, നരേന്ദ്ര ദബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവര്‍ ഇതിനിടെ തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു. ഡോ. കഫീല്‍ ഖാന്റെ സഹോദരന് വെടിയേറ്റു’.ഉമര്‍ ഖാലിദ് പറഞ്ഞു.
വധശ്രമത്തിനെതിരേ പ്രതിഷേധം വ്യാപകമായി. ഉമര്‍ ഖാലിദിനെതിരായ വധശ്രമം ഞെട്ടിക്കുന്നതാണെന്ന് ജെഎന്‍യു സമര നേതാവ് ഷെഹ് ല റാഷിദ് പറഞ്ഞു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഉമര്‍ ഖാലിദുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ സുരക്ഷിതനാണ്. എന്നാല്‍ ഉമര്‍ ഖാലിദിന്റെ സുരക്ഷ സംബന്ധിച്ച് ഭീതിയുണ്ടെന്നും ഷെഹ് ല റാഷിദ് പ്രതികരിച്ചു.


‘ജനാധിപത്യ സമൂഹത്തില്‍ അക്രമങ്ങള്‍ക്ക് ഇടമില്ലെന്ന് കോണ്‍ഗ്രസ്സ് പ്രതികരിച്ചു. ഉമര്‍ഖാലിദിന് നേരെ രണ്ട് വര്‍ഷം മുന്‍പും വധശ്രമം നടന്നിരുന്നതായി ദലിത് സമരനായകന്‍ ജിഗ്നേഷ് മെവാനി ട്വീറ്റ് ചെയ്തു. 2001ല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കികൊന്നതിനെതിരേ ഒരു യോഗം സംഘടിപ്പിച്ചതിന്റെ പേരില്‍ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനെ പോലിസ് അന്വേഷിക്കുന്നതിനിടേയാണ് അന്ന് വധശ്രമം നടന്നെന്നും മെവാനി പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷണം ശക്തമാക്കിയതായി സീനിയര്‍ പോലിസ് ഓഫിസര്‍ മധുര്‍ വര്‍മ്മ പറഞ്ഞു. കഴിഞ്ഞ ജൂണില്‍ കുപ്രസിദ്ധ ഗുണ്ടാതലവന്‍ രവി പൂജാരിയില്‍ നിന്നും വധ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഉമര്‍ഖാലിദ് പോലിസ് പരാതി നല്‍കിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഉമര്‍ ഖാലിദിന്റെ പിതാവിനും ഭീഷണി ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നു.
ന്യൂഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയില്‍ വച്ചായിരുന്നു ഉമര്‍ഖാലിദിന് നേരെ വെടിവെപ്പുണ്ടായത്. സംഘ്പരിവാറിന്റെ ആള്‍ക്കൂട്ട കൊലക്കെതിരായ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് അതീവ സരുക്ഷ ഏര്‍പ്പെടുത്തിയിരുന്ന ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിനു പുറത്താണ് അജ്ഞാതന്‍ ഉമര്‍ഖാലിദിന് നേരെ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്ത് നിന്ന് പൊലിസ് തോക്ക് കണ്ടെടുത്തു.കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ‘യുനൈറ്റ് എഗന്‍സ്റ്റ് ഹേറ്റ്’ എന്ന കൂട്ടായ്മയുടെ മുന്‍കൈയില്‍ നടക്കുന്ന ഖൗഫ് സേ ആസാദി ( ഭയത്തില്‍ നിന്നു മോചനം) പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഉമര്‍ ഖാലിദ്.

.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss