|    Dec 11 Tue, 2018 10:26 pm
FLASH NEWS
Home   >  National   >  

ജമ്മുകശ്മീരില്‍ ഭരണത്തിലേറാന്‍ പിഡിപി-കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് ചര്‍ച്ച

Published : 21st November 2018 | Posted By: basheer pamburuthi

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബിജെപിയെ അകറ്റിനിര്‍ത്തി ഭരണം കൈപിടിയിലൊതുക്കാന്‍ ചിരവൈരികളായ പിഡിപിയെയും നാഷനല്‍ കോണ്‍ഫറന്‍സിനെയും ഒരുമിച്ചിരുത്തി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നതായി സൂചന. പിഡിപിയില്‍നിന്ന് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബിജെപിട ശ്രമത്തെ മറികടക്കാനാണു പുതിയ സഖ്യരൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണു റിപോര്‍ട്ട്. ജമ്മുകശ്മീരില്‍ പിഡിപിക്ക് 28, നാഷനല്‍ കോണ്‍ഫറന്‍സ്-15, കോണ്‍ഗ്രസ്-12 എന്നിങ്ങനെയാണ് സീറ്റുനില. പുതിയ സഖ്യം രൂപപ്പെടുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ 44 എംഎല്‍എമാര്‍ എന്ന സംഖ്യ എളുുപ്പം മറികടക്കാം. പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചാല്‍ ജമ്മുകശ്മീരിന്റെ രാഷ്ട്രീയ സമവാക്യത്തില്‍ തന്നെ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുറപ്പ്. കൂട്ടുമന്ത്രിസഭയില്‍ പങ്കാളിയാവില്ലെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ
പിഡിപി-കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കാനാണു സാധ്യത കൂടുതല്‍. മന്ത്രിസഭ രൂപീകരിക്കപ്പെടുകയാണെങ്കില്‍ മെഹ്ബൂബ മുഫ്തിക്കു പകരം മുതിര്‍ന്ന പിഡിപി നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരും. ബിജെപി പിന്തുണ പിന്‍വലിച്ചതോടെയാണ് ജമ്മുകശ്മീരിലെ പിഡിപി സര്‍ക്കാര്‍ അധികാരത്തില്‍നിന്നു പുറത്തായത്. നിലവില്‍ ഗവര്‍ണര്‍ ഭരണത്തിലുള്ള ജമ്മുകശ്മീര്‍ ഡിസംബര്‍ 19 നു ശേഷം രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങും എന്നിരിക്കെയാണ് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കങ്ങള്‍. സജ്ജാദ് ലോണിന്റെ പീപ്പിള്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തുന്നതായി നേരത്തേ സൂചനകളുണ്ടായിരുന്നു. വെറും രണ്ട് എംഎല്‍എമാര്‍ മാത്രമുള്ള പീപ്പിള്‍ കോണ്‍ഫറന്‍സിനെ, പിഡിപിയിലെ അസംതൃപ്തരായ എംഎല്‍എമാരെ അടര്‍ത്തിയെടുക്കുകയാണെങ്കില്‍ 25 എംഎല്‍എമാരുള്ള ബിജെപി പിന്തുണയ്ക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ചിരവൈരികളായി അറിയപ്പെടുന്ന പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും ഒന്നിച്ചുനില്‍ക്കുന്നതെന്നാണു സൂചന. ചര്‍ച്ചകള്‍ സംബന്ധിച്ച ഒരു കാര്യവും മൂന്നുപാര്‍ട്ടികളുടെയും നേതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss