|    Dec 11 Tue, 2018 8:52 pm
FLASH NEWS
Home   >  Kerala   >  

നീചമായ ഇസ്ലാമോഫോബിയ ആവശ്യമില്ല: കിത്താബ് നാടകത്തെ തുറന്നുകാട്ടി ജെ ദേവിക

Published : 25th November 2018 | Posted By: sruthi srt

കോഴിക്കോട്: വിവാദമായ കിത്താബ് നാടകം ഇസ്ലാമോഫോബിയയുടെ ഉദാഹരണമാണെന്ന് ജെ ദേവിക. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം തുറന്നുകാണിക്കുന്നത്. കിത്താബ് എന്ന നാടകത്തിന് അടിസ്ഥാനമായ ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുമായി ബന്ധമില്ലെന്നും ഇക്കാര്യം ഒരു വാര്‍ത്ത സൈറ്റിലൂടെ എഴുത്തുകാരന്‍ പറഞ്ഞതിന്റെ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ട് ദേവിക പറയുന്നു.ഇനി തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കിത്താബ് നാടകം മഹത്തരമാണെന്ന് പറഞ്ഞ് പോസ്റ്റിട്ടാല്‍ അതിനെ നിഷ്‌ക്കരുണം ഡിലീറ്റ് ചെയ്യുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തത്ക്കാലം തടിയൂരാന്‍ വേണ്ടി ഒരു മുസ്ലിം തീവ്രവാദിയെ കിട്ടിയാല്‍ സിപിഎം നേതൃത്വത്തിനും ഹിന്ദുത്വ തീവ്രവാദികള്‍ക്കും എല്ലാം നല്ല സൗകര്യമാകുമല്ലോ. ആ സൗകര്യം ഞാനായിട്ടു ഉണ്ടാക്കിത്തരില്ലെന്നും പറഞ്ഞുകൊണ്ടാണ് അവരുടെ പോസ്റ്റ് ആരംഭിക്കുന്നത്.

പോസ്റ്റിലെ പ്രസക്ത ഭാഗം

ആ നാടകത്തെപ്പറ്റി ഒന്നുരണ്ടു കാര്യങ്ങള്‍

1. അതിന് ഉണ്ണിയുടെ കഥയുമായി വിദൂരബന്ധം പോലുമില്ല. സ്ത്രീ വാങ്കുവിളിക്കാന്‍ ആഗ്രഹിക്കുന്നതൊഴിച്ചാല്‍ മറ്റൊന്നുമില്ല അവ തമ്മില്‍ സാമ്യം. ഉണ്ണിയോട് ഇതെഴുതിയ ആള്‍ നിരുപാധികം മാപ്പു പറയേണ്ടതാണ്.

2. ഈ നാടകം, കേട്ടതു ശരിയാണെങ്കില്‍ പച്ചയായ ഇസ്ലാംവിരുദ്ധതയാണ്. ഇസ്ലാമില്‍ സ്ത്രീയെ പുരുഷന്റെ വാരിയെല്ലായിക്കാണുന്ന ഉത്പത്തിക്കഥയല്ല ഉള്ളത്. അങ്ങനെയാണ് മദ്രസയില്‍ പഠിപ്പിച്ചതെങ്കില്‍ പഠിപ്പിച്ചവരോടു പോയി കണക്കുതീര്‍ക്കുക, അല്ലാതെ മതത്തെ ആകെ താറടിക്കാന്‍ ശ്രമിക്കാതിരിക്കുക. വിവരദോഷികള്‍ കൂടുതല്‍ വായിക്കാന്‍ ശ്രമിക്കുക.

3. ഇസ്ലാമില്‍ സ്ത്രീകളെ ഇപ്പോഴും വെറും വിവരമില്ലാത്തവരും അടിമകളുമായി എണ്ണുന്നു, അവരെ അപ്രകാരം നിലനിര്‍ത്തുന്നു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് സമൂഹ്യപരിഷ്‌ക്കരണമല്ല, പച്ചയായ ഇസ്ലാംവിരുദ്ധതയാണ് . ഇതൊന്നുമല്ല കേരളത്തില്‍ നവോത്ഥാനം പ്രസംഗിച്ചു നടക്കുന്നവര്‍ ചെയ്യേണ്ടത്.

4. സാമൂഹ്യപരിഷക്കരണ നാടകങ്ങള്‍ പണ്ടുണ്ടായിരുന്നവ സമൂഹത്തിന്റെ അന്നത്തെ നിലയെ കുറയേറെ സത്യസന്ധമായി സമീപിക്കാന്‍ ശ്രമിച്ചവയാണ്. അന്നത്തെ കണക്കുപ്രകാരം തെളിയിക്കാവുന്ന കോട്ടങ്ങളെയാണ് അവ ചിത്രീകരിച്ചത്. ഈ നാടകാഭാസം കേരളത്തിലെ മുസ്ലിം സമുദായത്തിലുണ്ടായിരിക്കുന്ന സാമൂഹ്യമാറ്റത്തെ വന്‍മാറ്റത്തെ അവഗണിക്കുന്നു. സ്ത്രീ വിദ്യാഭ്യാസത്തിലും ജനനനിരക്കിലും പൊതുവെ ഉന്നതവിദ്യാഭ്യാസത്തിലും വിവാഹരീതികളിലും എല്ലാം (ബഹുഭാര്യത്വം വളരെ കുറഞ്ഞിരിക്കുന്നുവെന്നു മാത്രമല്ല, ഇന്ത്യയിലെ മറ്റു പല ഹിന്ദുസമൂഹങ്ങളെക്കാള്‍ കുറവാണ് ). ഇതെല്ലാം കണക്കുകളിലൂടെയും പഠനങ്ങളിലൂടെയും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞവയാണ്. അതുകൊണ്ടുതന്നെ അവ സാമൂഹ്യപരിഷ്‌ക്കരണനാടകരചനയില്‍ അവഗണിക്കാവുന്നവയല്ല. റിയലിസം യഥാതഥവാദമായിരിക്കണം. അല്ലാതെ സ്വതാത്പര്യസംരക്ഷണത്തെ ധാര്‍മ്മികവിഷയങ്ങളായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന പൊളിറ്റിക്കല്‍ സയന്‍സിന്റെ റിയലിസമാവരുത്.

5. സ്ത്രീകളുടെ തുല്യമതപങ്കാളിത്തം ആവശ്യപ്പെടാന്‍ ഇതു പോലെ നീചമായ ഇസ്ലാമോഫോബിയ ആവശ്യമില്ല. അതാവശ്യപ്പെടാന്‍ ജമാത്തെ ഇസ്ലാമിയുടെ വനിതാനേതാവു ചെയ്തതു പോലെ മതബാഹ്യജീവിതത്തിലൂടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവരെ അപഹസിക്കേണ്ടതുമില്ല (മീ ടൂ പരിഹാസപ്രസംഗം).

6. ഇവിടുത്തെ ഇടതുപക്ഷത്തിന് പുരോഗമനം നേടിയവര്‍ എന്നു കരുതപ്പെടുന്ന ഹിന്ദുസ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ കഴിയുന്നില്ല. മുസ്ലിം സമുദായത്തെ ഇത്തരത്തില്‍ അപഹസിക്കാന്‍ ഇവര്‍ക്ക് എന്തൊരുത്സാഹം!

7. മുസ്ലിം അന്യത്തെ സൃഷ്ടിച്ച് തത്ക്കാലം സിപിഎമ്മിനോടു ഇടഞ്ഞുനില്‍ക്കുന്ന ഹിന്ദുയാഥാസ്ഥിതികരെ അനുനയിപ്പിക്കാനാണ് ഈ നാടകമമെങ്കില്‍ നിങ്ങളോളം ദുഷ്ടബുദ്ധികള്‍ ഈ ഭൂമുഖത്തില്ലെന്ന് പറയേണ്ടി വരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss