Flash News

ഇഞ്ചുറി ടൈമില്‍ വിജയഗോള്‍ നേടി ഇറ്റലി

ഇഞ്ചുറി ടൈമില്‍ വിജയഗോള്‍ നേടി ഇറ്റലി
X

ചൊര്‍സോവ്: യുവേഫ നാഷന്‍സ് ലീഗില്‍ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ ആദ്യ ജയം സ്വന്തമാക്കി ഇറ്റലി. പോളണ്ടിനെതിരായ മല്‍സരം ഗോള്‍ രഹിതമായി അവസാനിക്കാനിരിക്കേ 92ാം മിനിറ്റില്‍ ഫിയറന്റീനയുടെ പ്രതിരോധ താരം ക്രിസ്റ്റ്യാനോ ബിറാഗി നേടിയ ഗോളാണ് ഇറ്റലിക്ക് വിജയം സമ്മാനിച്ചത്. ജയത്തോടെ ലീഗ് എയിലെ ഗ്രൂപ്പ് മൂന്നില്‍ പോര്‍ച്ചുഗലിന് പിന്നിലായി ഇറ്റലി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്നാമതുള്ള പോര്‍ച്ചുഗലിന് രണ്ട് കളികളില്‍ നിന്ന് ആറു പോയിന്റുണ്ട്. അതേസമയം തോല്‍വിയോടെ പോളണ്ട് യുവേഫ നാഷന്‍സ് ലീഗില്‍ തരംതാഴ്ത്തപ്പെടുന്ന ആദ്യ ടീമായി. ഇനി പോളണ്ട് യൂറോപ്പിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ കളിക്കേണ്ടിവരും.
മികച്ച ആക്രമണം പുറത്തെടുത്ത് കൡച്ച ഇറ്റലിക്കെതിരേ പോളണ്ടിന് പിടിച്ചു നില്‍ക്കാനായില്ല. മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ഇറ്റലിക്ക് ഗോളിനുള്ള അവസരങ്ങള്‍ ലഭിച്ചു. മുന്നേറ്റ താരം ജോര്‍ഗീഞ്ഞോയുടെ മികച്ചൊരു ഷോട്ട് ക്രോസ് ബാറില്‍ തട്ടിയതോടെ ഇറ്റലിയുടെ ഗോള്‍ നേട്ടത്തിന് കാത്തിരിപ്പായി. തുടര്‍ന്ന് 30ാം മിനിറ്റില്‍ ലോറന്‍സോ ഇന്‍സൈന്റെ ഷോട്ടും ക്രോസ് ബാറില്‍ തട്ടിയതോടെ ഇറ്റലിക്ക് ഇന്നലെ ക്രോസ് ബാര്‍ ഒരു കടമ്പയായി തീര്‍ന്നു.
മല്‍സരം 90 മിനിറ്റ് കടന്നപ്പോളും ഗോളുകള്‍ വീഴാതിരുന്നതോടെ ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമിലെ രണ്ടാം മിനിറ്റില്‍ കെവിന്‍ ലാസാഗ്നയുടെ പന്ത് പിടിച്ചെടുത്ത് ബിറാഗി ഉതിര്‍ത്ത മികച്ചൊരു ഷോട്ട് എതിര്‍ വല തൊട്ടതോടെ ഇറ്റലി ഒരു ഗോളിന് മുന്നിലായി. അവസാന വിസില്‍ വരെ ആ ഗോളിന്റെ മുന്നില്‍ നിന്ന ഇറ്റലി നാഷന്‍സ് ലീഗിലെ ആദ്യ ജയം സ്വന്തമാക്കി.
Next Story

RELATED STORIES

Share it