Flash News

അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
X


ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവികസേനയുടെ പി18 വിമാനമാണ് അഭിലാഷിന്റെ പായ് വഞ്ചി കണ്ടെത്തിയത്. മരുന്നും ഭക്ഷണവും പായ്‌വഞ്ചിയില്‍ എത്തിക്കാനാണ് ശ്രമം. റേഡിയോ സന്ദേശങ്ങളിലൂടെ അഭിലാഷ് ടോമി പ്രതികരിക്കുന്നുണ്ടെന്നും നാവികസേന അറിയിച്ചു.

ആസ്‌ത്രേലിയന്‍ റെസ്‌ക്യൂ കോഓര്‍ഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം. താന്‍ സുരക്ഷിതനാണെന്നും ബോട്ടിനുളളില്‍ കിടക്കുകയാണെന്നുമാണ് അഭിലാഷ് ടോമിയില്‍ നിന്ന് അവസാനമായി ലഭിച്ച സന്ദേശം. അപകടത്തില്‍ പായ് വഞ്ചിയുടെ തൂണ് തകര്‍ന്നെന്നും മുതുകിന് സാരമായി പരിക്കേറ്റതിനാല്‍ എഴുന്നേറ്റ് നില്‍ക്കാനാവില്ലെന്ന് അഭിലാഷ് സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

അഭിലാഷിനൊപ്പം മത്സരിക്കുന്ന ഐറിഷുകാരന്‍ ഗ്രെഗര്‍ മക്‌ഗെക്കിനും സ്പാനിഷ് നാവികന്‍ ഉകു രാണ്‍ഡ്മായും അദ്ദേഹത്തിന് സമീപത്തേക്കെത്താന്‍ ശ്രമിക്കുന്നുണ്ട്. മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയിലെ പെര്‍ത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ പടിഞ്ഞാറാണ് അപകടമുണ്ടായത്. അതിശക്തമായ കാറ്റില്‍ കൂറ്റന്‍ തിരമാലയില്‍പ്പെട്ട് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ്‌വഞ്ചി മറിയുകയായിരുന്നു.

50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ച് സംഘടിപ്പിക്കുന്നതാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം. ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്ത് തിരിച്ചെത്തുകയാണു ലക്ഷ്യം. മല്‍സരത്തില്‍ പങ്കെടുക്കുന്ന 18 പായ് വഞ്ചികളില്‍, ഫ്രാന്‍സില്‍നിന്നുള്ള വെറ്ററന്‍ നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് നിലവില്‍ ഒന്നാമത്.

ഏഴുപേര്‍ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മല്‍സരരംഗത്ത് ബാക്കി. ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ്. കേരളത്തില്‍നിന്നുള്ള തടിയും വിദേശനിര്‍മിത പായകളും ഉപയോഗിച്ചു ഗോവയിലെ അക്വാറിസ് ഷിപ്യാഡിലാണ് അഭിലാഷിന്റെ തുരിയ എന്ന പായ് വഞ്ചി നിര്‍മിച്ചത്.
Next Story

RELATED STORIES

Share it