|    Nov 21 Wed, 2018 5:34 pm
FLASH NEWS
Home   >  News now   >  

ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി

Published : 31st August 2018 | Posted By: jaleel mv


ജക്കാരത്ത: കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് സ്വര്‍ണമെഡല്‍ സമ്മാനിച്ച മലയാളി പി ആര്‍ ശ്രീജേഷിന് പോലും ഗെയിംസില്‍ ഇന്ത്യയ്ക്ക് 13ാം ഫൈനല്‍ പ്രവേശനം സാധ്യമാക്കാന്‍ കഴിഞ്ഞില്ല. മലേസ്യക്കെതിരായ സെമിയില്‍ നിശ്ചിത സമയത്ത് 2-2ന്റെ സമനിലയില്‍ പിരിഞ്ഞതോടെ ഇന്ത്യയെ ഒരിക്കല്‍ കൂടി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ശ്രീജേഷ് തോളിലേറ്റുമെന്ന് വിശ്വസിച്ചു. എന്നാല്‍ മലേസ്യന്‍ മുന്നേറ്റത്തിന് വിള്ളല്‍ വീഴ്ത്താന്‍ ശ്രീജേഷിന് കഴിഞ്ഞില്ല. സഡന്‍ഡെത്തില്‍ ഇന്ത്യക്ക് 6-7ന് തോല്‍വി. 2-1ന് മുന്നില്‍ നിന്ന ഇന്ത്യ വിജയം ഉറപ്പിച്ചപ്പോള്‍ മല്‍സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് ബാക്കി നില്‍ക്കേ മലേസ്യക്കായി ഗോള്‍ കണ്ടെത്തി ഫൈസല്‍ സാരി ഇന്ത്യന്‍ വിജയത്തിന് തടയിട്ടു. മൂന്നാം ക്വാര്‍ട്ടറിലാണ് ഇന്ത്യയുടെ ഗോളുകള്‍ വീണത്. രണ്ട് തവണ മൂന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്. ഇന്ത്യക്ക് വേണ്ടി ഹര്‍മന്‍പ്രീത് സിങ്(33) വരുണ്‍ കുമാര്‍ (40) എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മലേസ്യക്ക് വേണ്ടി ഫൈസല്‍ സാരിയും (39) മുഹമ്മദ് റാസിയും (59) ഇന്ത്യന്‍ വല ചലിപ്പിച്ചു. ആദ്യ ക്വാര്‍ട്ടറില്‍ മുഹമ്മദ് ഫിര്‍ഹാന്റെ പെനല്‍റ്റി കോര്‍ണറിലൂടെ മലേസ്യ 1-0ന്റെ ലീഡ് നേടിയിരുന്നു. എന്നാല്‍ രൂപീന്ദര്‍ പാല്‍ സിങിന്റെ നിര്‍ദേശ പ്രകാരം റെഫറലിന് പോയ ഇന്ത്യക്ക് അനുകൂലമായി വിധി വന്നതോടെ മല്‍സരം വീണ്ടും ഗോള്‍രഹിതം. പെനല്‍റ്റി കോര്‍ണറിനിടെ മറ്റൊരു മലേസ്യന്‍ താരത്തിന്റെ കാലില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് മലേസ്യയുടെ ആശ്വാസഗോള്‍ നിഷേധിച്ചത്. തുടര്‍ന്നാണ് മല്‍സരം സമനിലയില്‍ കലാശിച്ചത്. പിന്നീട് നടന്ന പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇരുടീമും 6-6ന് സമനിലയില്‍ നില്‍ക്കേ ഇന്ത്യക്കായി പെനല്‍റ്റിയെടുത്ത എസ് വി സുനിലിന്റെ ഷോട്ട് മലേസ്യന്‍ ഗോളി സുബ്രമണ്യകുമാര്‍ തടുത്തിട്ടതോടെ നിലവിലെ ചാംപ്യന്‍മാര്‍ ഫൈനല്‍ കാണാതെ പുറത്ത്. ഇത്തവണയും ഷൂട്ടൗട്ടില്‍ ക്യാപ്റ്റന്‍ ശ്രീജേഷ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച മല്‍സരത്തില്‍ ഇന്ത്യക്കായി ആകാശ്ദീപ് സിങും ഹര്‍മന്‍ പ്രീത് സിങും രണ്ട് ശ്രമവും മന്‍പ്രീത് സിങും ദില്‍പ്രീത് സിങും ഒരു ശ്രമവും ലക്ഷ്യത്തിലെത്തിച്ചു. വെങ്കലമെഡല്‍ മല്‍സരത്തിനായി ഇന്ത്യ പാകിസ്താനെ നേരിടും. രണ്ടാം സെമിയില്‍ പാകിസ്താന്‍ ജപ്പാനോട് 0-1ന് അടിയറവയ്ക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss