|    Dec 14 Fri, 2018 9:29 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സനാതന്‍ സന്‍സ്തയുടെ ഭീകരത തുറന്നുകാട്ടി ഇന്ത്യാ ടുഡേ

Published : 10th October 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്തുന്നത് ഉള്‍െപ്പടെ സംഘപരിവാര സംഘടന സനാതന്‍ സന്‍സ്തയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടി ഇന്ത്യാടുഡേയുടെ അന്വേഷണ റിപോര്‍ട്ട്. ഇന്ത്യാടുഡേയുടെ രഹസ്യ കാമറയ്ക്കു മുന്നില്‍ തങ്ങളുടെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ തുറന്നുപറഞ്ഞ ഗോവ ആസ്ഥാനമായുള്ള സനാതന്‍ സന്‍സ്ത നേതാക്കളും പ്രവര്‍ത്തകരും ബോംബ് ഉണ്ടാക്കുന്ന രീതിയും കാണിക്കുന്നുണ്ട്. സംഘടന നിരോധിക്കാനുള്ള നീക്കം ബിജെപി നേതാക്കള്‍ ഇടപെട്ട് തടഞ്ഞതായും വെളിപ്പെടുത്തുന്നു.

2008ല്‍ വാഷി തിയേറ്ററില്‍ ബോംബ് സ്‌ഫോടനം നടത്തിയത് തങ്ങളാണെന്ന് വീഡിയോയില്‍ സനാതന്‍ സന്‍സ്ത സമ്മതിക്കുന്നു. ഈ കേസില്‍ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. താനെ, പന്‍വേല്‍, വാഷി എന്നിവിടങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തിയ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മങ്കേഷ് ദിന്‍കര്‍ നിഗം, താന്‍ തന്നെയാണ് ഇവിടെയെല്ലാം ബോംബ് സ്ഥാപിച്ചതെന്ന് വെളിപ്പെടുത്തി.

ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന മറാത്തി സിനിമ പ്രദര്‍ശിപ്പിച്ചതിനായിരുന്നു സ്‌ഫോടനം. അവിടെ ബോംബ് സ്ഥാപിച്ച് മടങ്ങുകയായിരുന്നു തന്റെ ഉത്തരവാദിത്തമെന്നും അത് കൃത്യമായി ചെയ്‌തെന്നും മാധ്യമപ്രവര്‍ത്തകനോട് നിഗം പറഞ്ഞു. 2000 മുതല്‍ താന്‍ സന്‍സ്തയുടെ പ്രവര്‍ത്തകനാണ്. സിനിമയ്‌ക്കെതിരേ തങ്ങള്‍ പ്രതിഷേധിച്ചെങ്കിലും ഫലം കാണാത്തതിനാലാണ് ബോംബ് വച്ചത്. മഹാരാഷ്ട്ര പന്‍വേലിലെ സന്‍സ്താ ഓഫിസിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും നിഗം പറഞ്ഞു.

കേസില്‍ വെറുതെ വിട്ട മറ്റൊരു പ്രതി ഹരിബാഹു കൃഷ്ണ ദിവേകറും സ്‌ഫോടനത്തിലെ പങ്കാളിത്തം വെളിപ്പെടുത്തി. കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടു പേരുടെ സഹായിയായാണ് പ്രത്യേക അന്വേഷണസംഘം ദിവേകറിനെ വിശേഷിപ്പിക്കുന്നത്. താനാണ് സ്‌ഫോടനവസ്തുക്കള്‍ സംഘടിപ്പിച്ചതെന്ന് ദിവേകര്‍ പറഞ്ഞു.
പോലിസ് പിടിച്ചപ്പോള്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന റിവോള്‍വര്‍, ഡിറ്റൊണേറ്ററുകള്‍, ജലാറ്റിന്‍ സ്റ്റിക്ക്, ഡിജിറ്റല്‍ മീറ്ററുകള്‍ തുടങ്ങിയവ അവര്‍ക്ക് കൊടുത്തു. 20 ജലാറ്റിന്‍ സ്റ്റിക്കുകളും 23 ഡിറ്റൊണേറ്ററുകളും ഉണ്ടായിരുന്നു. അവര്‍ അത് കൊണ്ടുപോയെന്നും ദിവേകര്‍ പറഞ്ഞു. കേസില്‍ നിഗം, ദിവേകര്‍ എന്നിവരെ കൂടാതെ രമേശ് ഹനുമന്ദ് ഗോദ്കരി, വിക്രം വിനയ്ഭാവെ, സന്തോഷ് സീതാറാം ആന്‍ഗ്‌റെ, ഹേമന്ത് ഠാക്കൂര്‍ ചാല്‍കെ എന്നിവരായിരുന്നു പ്രതികള്‍. ഇതില്‍ ഗോദ്കരിയും ഭാവെയും മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

2009ല്‍ ഗോവയിലെ മഡ്ഗാവില്‍ ബോംബ് സ്ഥാപിക്കുന്നതിനിടെ പിഴവുപറ്റി രണ്ടു സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം രാഷ്ട്രീയ സമ്മര്‍ദത്താല്‍ ഇല്ലാതായി. രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിരുന്നില്ലെങ്കില്‍ അന്നേ സംഘടനയെ നിരോധിക്കുമായിരുന്നുവെന്ന് സന്‍സ്തയുടെ ആസ്ഥാനമുള്ള പോണ്ട പോലിസ് സ്റ്റേഷന്‍ എസ്എച്ച്ഒ സി ആര്‍ പാട്ടീല്‍ പറഞ്ഞു. നിരോധിക്കണമെന്ന തന്റെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടില്ല.
മഡ്ഗാവ് സ്‌ഫോടനത്തിന്റെ മാതൃകയില്‍ ഒമ്പതോളം സംഭവങ്ങള്‍ മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നു. അതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു തന്റെ ശുപാര്‍ശ. ഗോവയിലെങ്കിലും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗോവയിലെ ഭരണകക്ഷിയില്‍പ്പെട്ട പ്രമുഖ രാഷ്ട്രീയക്കാരന്റെ സമ്മര്‍ദം കാരണം നടന്നില്ല. ഇയാളുടെ ബന്ധുക്കളില്‍ ചിലര്‍ക്ക് സന്‍സ്തയുമായി ബന്ധമുണ്ട്. ഭാര്യ സന്‍സ്തയുടെ മാനേജറാണ്. സഹോദര ഭാര്യയും അതിന്റെ ഭാഗമാണ്- പാട്ടീല്‍ ചൂണ്ടിക്കാട്ടി.

അന്ന് നിരവധി പേരെ അതുമായി ബന്ധപ്പെട്ട് താന്‍ അറസ്റ്റ് ചെയ്തിരുന്നു. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ അമിത് ദേഗ്‌വേകാര്‍ അതിലൊരാളായിരുന്നു. പ്രതികളെ തടവില്‍ ഇട്ടിരുന്നെങ്കില്‍ ഗൗരി ലങ്കേഷ് ഉള്‍െപ്പടെയുള്ളവര്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും പാട്ടീല്‍ പറയുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss