|    Nov 16 Fri, 2018 1:19 pm
FLASH NEWS
Home   >  Sports  >  Cricket  >  

ട്വന്റി20യിലും വിന്‍ഡീസിന്റെ പോരാട്ടവീര്യത്തെ കീഴ്‌പ്പെടുത്തി ഇന്ത്യ

Published : 4th November 2018 | Posted By: jaleel mv


കൊല്‍ക്കത്ത: ടെസ്റ്റിലും ഏകദിനത്തിലും പരാജയപ്പെട്ട വെസ്റ്റ് ഇന്‍ഡീസിന് ട്വന്റി20 മല്‍സരത്തിലും രക്ഷയില്ല. പേരുകേട്ട വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുണ്ടായിട്ടും ആദ്യ ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയോട് അഞ്ചു വിക്കറ്റിന് പരാജയപ്പെടാനായിരുന്നു വിധി. അതേസമയം, ബൗളിങില്‍ കരുത്ത് കാട്ടിയപ്പോള്‍ ബാറ്റിങില്‍ അനായാസ ജയം സ്വന്തമാക്കാമെന്നുറച്ച ഇന്ത്യ ഒരു വേള തകര്‍ച്ച നേരിട്ടെങ്കിലും വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും അരങ്ങേറ്റക്കാരന്‍ ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എട്ടു വിക്കറ്റിന് 108 റണ്‍സിലേക്ക് എറിഞ്ഞൊതുക്കിയപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. ഇതോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. കുറഞ്ഞ റണ്‍സ് വഴങ്ങി വിന്‍ഡീസിന്റെ മൂന്ന് വിക്കറ്റുകളെടുത്ത കുല്‍ദീപ് യാദവാണ് കളിയിലെ താരം.
കുറഞ്ഞ റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയെ തുടക്കത്തില്‍ തന്നെ നഷ്ടമായി. ഏഴു റണ്‍സെടുത്ത നായകനെ ഓഷാനെ തോമസ് വിക്കറ്റ് കീപ്പര്‍ ദിനേഷ് രാംദിന്റെ കൈകളിലെത്തിച്ചു. ഒമ്പത് റണ്‍സ് കൂടി കൂട്ടുച്ചേര്‍ക്കുന്നതിനിടെ മറ്റൊരു മുതിര്‍ന്ന താരം ധവാനെയും(3) നഷ്ടമായി. തുടര്‍ന്ന് കെ എല്‍ രാഹുലും (16) റിഷഭ് പന്തും (1) ശ്രദ്ധിച്ച് കളിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ പതിയെ ഉയര്‍ന്നു. പക്ഷേ, പന്തിന് ഒരു റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. രാഹുലും പോയതോടെ കാര്‍ത്തികും(31*) മനീഷ് പാണ്ഡെയും(19*) ഇന്ത്യയെ കരകയറ്റാനുള്ള ശ്രമമാണ് നടത്തിയത്. ഇതില്‍ അവര്‍ വിജയം കണ്ടു. ഇരുവരും കൂറ്റനടികള്‍ക്ക് മുതിരാതെ നിലയുറപ്പിച്ച് കളിച്ചു. പാണ്ഡെ കൂടി മടങ്ങിയതോടെ പിന്നീട് ക്രീസിലെത്തിയ ക്രുണാല്‍ പാണ്ഡ്യയുമൊത്ത് അപരാജിത കൂട്ടുകെട്ട് നടത്തിയ ദിനേഷ് കാര്‍ത്തിക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 34 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് കാര്‍ത്തിക് 31 റണ്‍സെടുത്തത്. എന്നാല്‍ ഒമ്പത് പന്തില്‍ മൂന്ന് ഫോറുകളുള്‍പ്പെടെയാണ് ക്രുണാല്‍ പാണ്ഡ്യ 21 റണ്‍സ് കണ്ടെത്തിയത്. വിന്‍ഡീസിന് വേണ്ടി ബ്രാത്‌വെയ്റ്റും ഒഷാനെ തോമസും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. 2.1 ഓവറില്‍ സ്‌കോര്‍ 16ല്‍ നില്‍ക്കെ ഓപണര്‍ ദിനേഷ് രാംദിനെ(2) ഉമേഷ് യാദവ് മടക്കി. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിന്‍ഡീസ് നിരയുടെ വിക്കറ്റുകള്‍ വീഴുന്നതാണ് കണ്ടത്. മികച്ച നിലയില്‍ ബാറ്റേന്താന്‍ ശ്രമിച്ച ഷായ് ഹോപ്(4) വിക്കറ്റിനിടയിലെ ഓട്ടത്തിനിടെയുള്ള ആശയക്കുഴപ്പത്തിനൊടുവില്‍ റണ്‍ഔട്ടായതോടെ വിന്‍ഡീസിന്റെ ആ പ്രതീക്ഷയും പൊലിഞ്ഞു. തുടര്‍ന്ന ഹിറ്റ്‌മെയര്‍(10), കീറോണ്‍ പൊള്ളാര്‍ഡ് (14) ഡാരന്‍ ബ്രാവോ (5), റോവ്മാന്‍ പവല്‍ (4), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (4) എന്നിവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ പെട്ടെന്ന് തന്നെ പവലിയനിലേക്ക്് പറഞ്ഞയച്ചതോടെ വിന്‍ഡീസ് 14.5 ഓവറില്‍ ഏഴിന് 63 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അവസാന ഓവറുകളില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഫാബിയന്‍ അലനാണ് വിന്‍ഡീസ് സ്‌കോര്‍ ഇത്രയെങ്കിലും എത്തിച്ചത്. 27 റണ്‍സെടുത്ത അലന്‍ തന്നെയാണ് അവരുടെ ടോപ്‌സ്‌കോററും. നാലോവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ പിഴുത കുല്‍ദീപ് യാദവാണ് വിന്‍ഡീസിന് കനത്ത പ്രഹരമേല്‍പ്പിച്ചത്. ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമദ്, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും പിഴുതു. വെടിക്കെട്ട് വീരന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ മനിഷ് പാണ്ഡെയുടെ കൈകളിലെത്തിച്ചാണ് ക്രുണാള്‍ പാണ്ഡ്യ അരങ്ങേറ്റ മല്‍സരം അവിസ്മരണീയമാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss