|    Nov 18 Sun, 2018 4:08 pm
FLASH NEWS
Home   >  Sports  >  Cricket  >  

കാര്യവട്ടത്ത് ആദ്യം എറിഞ്ഞൊതുക്കി; തുടര്‍ന്ന് തകര്‍ത്തടിച്ച ഇന്ത്യക്ക് കൂറ്റന്‍ ജയം; പരമ്പര സ്വന്തം

Published : 1st November 2018 | Posted By: jaleel mv


തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കാര്യവട്ടത്ത് വിരുന്നെത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തില്‍ വിന്‍ഡീസിനെതിരേ ഇന്ത്യക്ക് കൂറ്റന്‍ ജയം. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ ആധികാരിക ജയമാണ് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്ത് കണ്ടത്. ഇതോടെ അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. മൂന്നാം മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. അഞ്ചാം ഏകദിന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി നായകന്‍ വിരാട് കോഹ്‌ലിയും (29 പന്തില്‍ 33) വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (56 പന്തില്‍ 63) ചേര്‍ന്ന് സംഹാര താണ്ഡവമായിതോടെ 211 പന്ത് ബാക്കി നില്‍ത്തി ഒമ്പത് വിക്കറ്റിന് വിജയം കൈക്കലാക്കി. പരമ്പരയില്‍ മൂന്ന് സെഞ്ച്വറികള്‍ അടിച്ചെടുത്ത നായകന്‍ വിരാട് കോഹ്‌ലിയാണ് പരമ്പരയിലെ താരം.
34 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ജഡേജയാണ് വിന്‍ഡീസിന്റെ തകര്‍ച്ച ഇത്ര വേഗത്തിലാക്കിയത്. ബുംറ, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതവും, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഒന്ന് വീതം വിക്കറ്റുകളും വീഴ്ത്തി.
105 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ആറു റണ്‍സെടുത്ത ധവാനെ നഷ്ടമായി. തുടര്‍ന്നാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍-വൈസ് ക്യാപ്റ്റന്‍ കൂട്ടുകെട്ട് വിന്‍ഡീസ് ബൗളിങ് തിരയെ തലങ്ങും വിലങ്ങും പറത്തി വിജയം അനായാസമാക്കിയത്. അഞ്ച് പടുകൂറ്റന്‍ സിക്‌സും നാല്് ഫോറും പറത്തിയാണ് രോഹിത് 63 റണ്‍സെടുത്തതെങ്കില്‍ കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് ആറ് ഫോറും പിറന്നു.
കഴിഞ്ഞ നാല് മല്‍സരങ്ങളിലും ടോസ് ജയിച്ച കോഹ്‌ലിക്ക് ഇത്തവണ ഹോം ഗ്രൗണ്ടില്‍ ടോസ് ഭാഗ്യം കനിഞ്ഞില്ല. ഒപ്പം ഹോം ഗ്രൗണ്ടിലെ ഒരു പരമ്പരയില്‍ ടോസ് ജയിക്കുന്ന ആദ്യ നായകനെന്ന റെക്കോഡും താരത്തെ തേടിയെത്തിയില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മൂന്ന് താരങ്ങള്‍ മാത്രം രണ്ടക്കം കണ്ട വിന്‍ഡീസ് ഇന്നിങ്‌സില്‍ 25 റണ്‍സെടുത്ത നായകന്‍ ജേസണ്‍ ഹോള്‍ഡറാണ് ബാറ്റിങിലെ ടോപ് സ്‌കോറര്‍.
വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. 2 റണ്‍സെടുക്കുന്നതിനിടെ കീറന്‍ പവലും, ഷായ് ഹോപ്പും പുറത്ത്. ഫോമിലേക്കുയര്‍ന്നു വന്ന മര്‍ലോണ്‍ സാമുവല്‍സിന്റെ വിക്കറ്റാണ് മൂന്നാമതായി അവര്‍ക്ക് നഷ്ടപ്പെട്ടത്. 24 റണ്‍സെടുത്ത സാമുവല്‍സ് പുറത്താകുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ മൂന്നിന് 36. ഉത്തരവാദിത്വമില്ലാതെ കളിച്ച വിന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ വിക്കറ്റുകള്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ വിന്‍ഡീസ് വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss