|    Nov 15 Thu, 2018 3:03 am
FLASH NEWS
Home   >  Sports  >  Cricket  >  

ലോര്‍ഡ്‌സില്‍ നാണം കെട്ട് ഇന്ത്യ; പരാജയം ഇന്നിങ്‌സിനും 159 റണ്‍സിനും

Published : 13th August 2018 | Posted By: jaleel mv

ലോര്‍ഡ്‌സ്: ലോര്‍ഡ്‌സും ഇന്ത്യയെ കൈവിട്ടു. ഇന്നലത്തെത് വെറും പരാജയമായിരുന്നില്ല, ദയനീയ പരജയം.ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്്റ്റില്‍ ഇന്നിങ്‌സിനും 159 റണ്‍സിനുമാണ് ലോര്‍ഡ്‌സില്‍ ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയത്. ഇനി പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയ്ക്ക് ചിറകു മുളയ്ക്കാന്‍ അല്‍ഭുതം സംഭവിക്കണം. അഞ്ച് മല്‍സരങ്ങളടങ്ങുന്ന പരമ്പരയില്‍ രണ്ട് മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-0ന് ഇംഗ്ലണ്ട് മുന്നിലായി.
107 റണ്‍സില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ അടിയറ വച്ചപ്പോള്‍ മറുപടിയിറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് 396 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. എന്നാല്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യയെ 130 പുറത്താക്കി ഇംഗ്ലണ്ട് വിജയതീരമണിഞ്ഞു. ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തന്നെ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 33 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അശ്വിനാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സനും നാലുവീതവും ക്രിസ് വോക്‌സ് രണ്ടും വിക്കറ്റുകള്‍ നേടി.
ഇന്നലെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെന്ന നിലയില്‍ നിന്ന് ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് വേണ്ടി വോക്‌സും(137) സാം കുറാനും ചേര്‍ന്ന് കളി തുടര്‍ന്നു. ഇരുതാരങ്ങളുടെയും കൂട്ടുകെട്ട് ഇന്ത്യക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കും മുമ്പ് 40 റണ്‍സെടുത്ത കുറാനെ ഹര്‍ദിക് പാണ്ഡ്യ മുഹമ്മദ് ഷാമിയുടെ കൈകളിലെത്തിച്ചു. ഏഴാം വിക്കറ്റും വീണതോടെ വിജയം മുന്നില്‍ കണ്ട് ഇംഗ്ലണ്ട് ഡിക്ലയര്‍ വിളിച്ച് ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഹാര്‍ദ്ദിക്ക് പാണ്ഡ്യയും മുഹമ്മദ് ഷമിയും മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
289 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യക്ക് അക്കൗണ്ട് തുറക്കും മുമ്പേ മുരളി വിജയിയെ(0) നഷ്ടമായി. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായി ഇന്ത്യയുടെ നെടുംതൂണൊടിച്ച ജെയിംസ് ആന്‍ഡേഴ്‌സന്‍ വിജയിയെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോയുടെ കൈയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വന്ന കെ എല്‍ രാഹുലിനെയും(10) പുറത്താക്കി ആന്‍ഡേഴ്‌സന്‍ ഇന്ത്യയുടെ വീര്യത്തിന് വീണ്ടും തടസ്സം സൃഷ്ടിച്ചു. പിന്നീട് സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആറാട്ടാണ് കളിക്കളത്തില്‍ കണ്ടത്. ചേതേശ്വര്‍ പൂജാരയെ(17) വിക്കറ്റിന് മുന്നില്‍ കുരുക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട ബ്രോഡ് അജിന്‍ക്യ രഹാനെയെയും (13) വിരാട് കോഹ്‌ലിയെയും (17) ദിനേഷ് കാര്‍ത്തികിനെയും(0) മടക്കി ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷ ഊട്ടിയുറപ്പിച്ചു. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ആറിന് 61 റണ്‍സ്. ഇടയ്ക്ക് വച്ച് മഴയും കളിയുടെ രസം കെടുത്തി. തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യയും(26) രവിചന്ദ്ര അശ്വിനും(21*) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പാണ്ഡ്യയെ എല്‍ബിയില്‍ കുരുക്കി വോക്‌സ് കൂട്ടുകെട്ട് പൊളിച്ചു. തുടര്‍ന്ന് വന്ന കുല്‍ദീപ് യാദവും ഇശാന്ത് ശര്‍മയും പൂജ്യനായി മടങ്ങിയതോടെ ഇന്ത്യയുടെ കാര്യ ഏകദേശം തീരുമാനമായ മട്ടിലായി. ഇന്ത്യ്യ ഒമ്പത് വിക്കറ്റിന് 125 ലേക്ക് കൂപ്പുകുത്തി. ഒരു വിക്കറ്റകലെ ജയം കൈപിടിയിലൊതുക്കാനുള്ള ഇംഗ്ലണ്ടിനായി ഒടുവില്‍ വോക്‌സ് ഇശാന്ത് ശര്‍മയെ(2) കൂടി മടക്കിയതോടെ ഇന്നിങ്‌സിനും 159 റണ്‍സിനും ജയം ഇംഗ്ലണ്ടിന് സ്വന്തം. 2014ന് ശേഷം ചരിത്രം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യന്‍ മോഹത്തിന് ഇനിയും കാത്തിരിക്കേണ്ടി വന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss