|    Oct 18 Thu, 2018 3:51 am
FLASH NEWS
Home   >  Sports  >  Cricket  >  

ചേട്ടന്‍മാര്‍ക്ക് പിന്നാലെ അനിയന്‍മാരും; ഏഷ്യാകപ്പില്‍ കിരീടം ചൂടി ഇന്ത്യന്‍ കൈമാരം

Published : 7th October 2018 | Posted By: jaleel mv


ധക്ക: ചേട്ടന്‍മാര്‍ കിരീടം ചൂടിയതിന് പിന്നാലെ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഉയര്‍ത്തി അനിയന്‍മാരും. ആറാം കിരീടം ലക്ഷ്യമിട്ട് ശ്രീലങ്കയ്‌ക്കെതിരേ ഫൈനലിലിറങ്ങിയ ഇന്ത്യന്‍ അണ്ടര്‍ 19 പട 144 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയാണ് ഇത്തവണയും കിരീടാവകാശികളായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ഇറങ്ങിയവരെല്ലാം തകര്‍ത്തടിച്ചപ്പോള്‍ 50 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 304 എന്ന കൂറ്റന്‍ ലക്ഷ്യമാണ് ഇന്ത്യ ലങ്കയ്ക്ക് മുന്നില്‍ നീട്ടിയത്. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്കയെ ഹര്‍ഷ് ത്യാഗിയുടെ മാസ്മരിക ബൗളിങ് പ്രകടനത്തില്‍ ഇന്ത്യ 160ല്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ലങ്കയുടെ ആറു വിക്കറ്റാണ് ഈ ഡല്‍ഹി താരം വീഴ്ത്തിയത്. ഹര്‍ഷ് ത്യാഗി തന്നെയാണ് കളിയിലെ താരവും. മുമ്പ് 1989, 2003, 2012, 2014, 2016 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ കിരീട ധാരണം.
ധക്കയിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിയായിരുന്നുവെന്ന് തോന്നിക്കുന്നതായിരുന്ന പിന്നീടുള്ള ഇന്ത്യയുടെ പ്രകടനം. വന്നവരെല്ലാം ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ മികച്ച റണ്‍സുകള്‍ കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്. ഓപണിങ് വിക്കറ്റില്‍ യശസ്വി ജൈസ്വാളും അനൂജ് റാവത്തും ചേര്‍ന്ന് 121 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് വേര്‍പിരിഞ്ഞത്. 57 റണ്‍സെടുത്ത അനൂജായിരുന്നു ആദ്യം പാഡഴിച്ചത്. 79 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറും പറത്തിയാണ് അനൂജ് പുറത്തായത്.
തുടര്‍ന്ന് മൂന്നാമനായി ക്രീസിലെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലും നിരാശ നല്‍കിയില്ല. 43 പന്തില്‍ ഒരു ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ 31 റണ്‍സുമായി അഭിമാനത്തോടെയാണ് ക്രീസ് വിട്ടത്. അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 40.5 ഓവറില്‍ 194. പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ പ്രഭ് സിമ്രാന്‍ സിങും ആയുഷ് ബദോണിയും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറ് കടക്കുകയായിരുന്നു. അവസാന 9.1 ഓവറില്‍ 110 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. നായകന്‍ പ്രഭ്‌സിമ്രാന്‍ സിങ് 37 പന്തില്‍ 3 ബൗണ്ടറികളും 4 സിക്‌സറുകളുമടക്കം 65 റണ്‍സെടുത്തപ്പോള്‍ ആയുഷ് ബദോണി 28 പന്തില്‍ 52 റണ്‍സോടെ പുറത്താകാതെ നിന്നു.
എന്നാല്‍ മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് ഒരുവേള പോലും സന്തോഷത്തിന് വക നല്‍കാതെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടിയത്. മൂന്ന് പേര്‍ മാത്രം രണ്ടക്കം കണ്ട ലങ്കന്‍ നിരയില്‍ നിഷാന്‍ മധുഷ്‌കയ്ക്കും(49) നവോദ് പരണവിതാനയ്ക്കും (48) മാത്രമാണ് ശോഭിക്കാന്‍ കഴിഞ്ഞത്. ഇന്ത്യക്ക് വേണ്ടി സിദ്ധാര്‍ഥ് ദേശായി രണ്ടും മോഹിത് ജാംഗ്ര ഒരു വിക്കറ്റുമെടുത്തു. ടൂര്‍ണമെന്റില്‍ അപരാജിതരായാണ് ഇന്ത്യ കിരീടം ചൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss